റോഡിലും പറമ്പിലും 'എല്‍' അടയാളം, പരിഭ്രാന്തരായി നാട്ടുകാര്‍; സര്‍ക്കാര്‍ ഓഫീസിലേക്ക് വിളികളുടെ പൂരം

റോഡില്‍ അടയാളപ്പെടുത്തിയ 'എല്‍' മാര്‍ക്കിങ്‌
റോഡില്‍ അടയാളപ്പെടുത്തിയ 'എല്‍' മാര്‍ക്കിങ്‌

തൃശ്ശൂര്‍: ജില്ലയില്‍ പലയിടങ്ങളിലും പാതയോരങ്ങളിലും പറമ്പുകളിലുമായി കുമ്മായംകൊണ്ട് ഇംഗ്ലീഷ് അക്ഷരമാലയിലെ 'എല്‍' പോലെ ചെറിയ കോണ്‍ വരച്ചുവെച്ചിരിക്കുന്നതുകണ്ട് അവിടത്തുകാര്‍ പരിഭ്രാന്തരായി.

കെ-റെയിലിനുള്ള കല്ലിടലിന്റെ കാലമായതിനാല്‍ അതിന്റെ ഭാഗമായുള്ള അടയാളപ്പെടുത്തലാണോയെന്നാണ് ആശങ്ക. ഇതെന്താണെന്ന് ചോദിച്ച് റവന്യൂവകുപ്പിലേക്കും പൊതുമരാമത്തുവകുപ്പിലേക്കും വിളികളുടെ പൂരമാണ്. കോര്‍പറേഷന്‍ ഓഫീസിലേക്കും വിളികളെത്തുന്നുണ്ട്. ആര്‍ക്കും വ്യക്തമായി പറയാനാകുന്നില്ല.

മിക്കവരും കാര്യം അറിഞ്ഞിട്ടുപോലുമില്ല. ഉത്തരം കിട്ടാതായപ്പോള്‍ ചോദ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലുമിട്ടു. റോഡില്‍ 'എല്‍' പോലെ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ ഫോട്ടോയെടുത്ത്, ഈ രേഖപ്പെടുത്തല്‍ എന്താണെന്ന് അറിയാമോ, എന്തിനാണെന്ന് അറിയാമോ എന്നാണ് ചോദ്യം. അവിടെയും കിട്ടുന്നത് വ്യക്തതയില്ലാത്ത ഉത്തരം. കെ-റെയിലിന്റെ കുറ്റിയിടലിനായുള്ളതാണെന്ന കമന്റുകള്‍ വരുന്നിടത്ത് ചീത്തവിളികളും ഉണ്ടാകുന്നുണ്ട്.

ഭൂമി റീസര്‍വേയുടെ ഭാഗമായുള്ള മാര്‍ക്കിങ്ങാണിതെന്നാണ് അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. ഡ്രോണിലൂടെ മേഖല അടയാളപ്പെടുത്താനായി മാര്‍ക്ക് ചെയ്തതാണ് കുമ്മായത്തില്‍ വരച്ച 'എല്‍' രൂപം.

Content Highlights: drone resurvey L mark in thrissur