ഡോ. റാം കസ്റ്റഡിയിൽ, പിടിയിലാകുന്നത് മൂന്ന് മാസം നീണ്ട ഒളിവുജീവിതത്തിനൊടുവിൽ

#ന്യൂസ് ഡെസ്ക്
ഡോ. റാം | Screengrab: Mathrubhumi News
ഡോ. റാം | Screengrab: Mathrubhumi News

കണ്ണൂർ/ബെംഗളൂരു: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. റാം മൂന്ന് മാസം നീണ്ട ഒളിവുജീവിതത്തിനൊടുവിൽ പൊലീസ് കസ്റ്റഡിയിലായി. കർണാടകയിൽ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇയാളെ കണ്ണൂരിലേക്ക് കൊണ്ടുവരും.

കഴിഞ്ഞ ഒരാഴ്ചയിലേറെയായി കണ്ണൂരിൽ നിന്നുള്ള പ്രത്യേകാന്വേഷണ സംഘം റാമിന് വേണ്ടി കർണാടകയിലും ഇയാളുടെ ജന്മനാടായ ആന്ധ്രപ്രദേശിലും വിശദമായ തെരച്ചിൽ നടത്തിവരികയായിരുന്നു. 

മുൻകൂർ ജാമ്യത്തിനായി തലശ്ശേരി സെഷൻസ് കോടതിയേയും, ഹൈക്കോടതിയേയും, സുപ്രീം കോടതിയേയും സമീപിച്ചെങ്കിലും പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. പ്രതിയെ പിടികൂടാത്തതിൽ അന്വേഷണ സംഘത്തിനെതിരേ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം റാമിന് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയത്.

ടെലിഫോൺ രേഖകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. പ്രതിയുടെ അമ്മ ഉൾപ്പെടെയുള്ളവർ പോലീസ് നിരീക്ഷണത്തിലായിരുന്നു.

കണ്ണൂർ ചക്കരക്കല്ല് പോലീസ് സ്റ്റേഷനിലാണ് റാമിനെതിരേയുള്ള എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിതിൻരാജിനെ മാനസികമായി പീഡിപ്പിക്കുകയും റാഗിങ് നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ജാതീയമായി അധിക്ഷേപിച്ചു എന്നതടക്കമുള്ള കുറ്റകൃത്യങ്ങളും എഫ്.ഐ.ആറിലുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.

Content Highlights: Dr. Ram arrested in Karnataka after three months on the run, Investigation linked to the death of Nithin Raj, a student at Anjarakandy Dental College, Special investigation team from Kannur conducted a week-long search across Karnataka and Andhra Pradesh