18 പ്രമുഖ കേസുകൾ മണത്തുപിടിച്ച പോലീസ് നായ: ഡോഗ് സ്ക്വാഡിലെ 'പുലി', ഡോണ വിടപറഞ്ഞു

തൃശ്ശൂർ: അന്വേഷണമികവ് തെളിയിച്ച് മുഖ്യമന്ത്രിയുടെയും ഡി.ജി.പി.യുടെയും മെഡലുകൾ നേടിയ പോലീസ് നായ ഡോണ വിട പറഞ്ഞു. തൃശ്ശൂർ സിറ്റി പോലീസിലാണ് സേവനം നടത്തിയത്.
മൂന്നു മാസം പ്രായമുള്ളപ്പോൾ പോലീസ്സേനയിലെത്തിയ ഡോണ ഒൻപതുമാസത്തെ പരിശീലനത്തിനു ശേഷം സേനയുടെ കുറ്റാന്വേഷണവിഭാഗത്തിൽ സേവനത്തിനെത്തി. വിയ്യൂരിൽ ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടിയെ കാണാതായ കേസടക്കം 18 പ്രമുഖ കേസുകൾ തെളിയിക്കുന്നതിനും പ്രതികളെ പിടികൂടുന്നതിനും സഹായിച്ചിട്ടുണ്ട്.
കുറച്ചു നാളായി അവശത കാരണം വിശ്രമത്തിലായിരുന്നു. കുറ്റകൃത്യങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിൽ ഡോണയുടെ അപാരശേഷി കാരണം ഡോഗ്സ്ക്വാഡിലെ പുലി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ജെർമൻ ഷെപ്പേർഡ് വിഭാഗത്തിൽപെട്ട ഡോണയ്ക്ക് പതിനൊന്നര വയസ്സുണ്ടായിരുന്നു. സിവിൽ പോലീസ് ഓഫീസർമാരായ പി. സുധീഷ്, പി. പ്രവീൺകുമാർ എന്നീ ഹാൻഡ്ലേഴ്സിന്റെ നിർദേശത്തിലായിരുന്നു അന്വേഷണപാതയിൽ ഡോണയുടെ കുതിപ്പ്. ഔദ്യോഗിക ബഹുമതിയോടെയായിരുന്നു അന്ത്യയാത്ര.
Content Highlights: Dona, the decorated German Shepherd of Thrissur City Police, has passed away.