ആഭ്യന്തര വിമാനസർവീസുകളുടെ ടിക്കറ്റുനിരക്ക് കുത്തനെകൂട്ടി; ഡൽഹിയിലേക്കും മുംബൈയിലേക്കും ഇരട്ടിവർധന

കോഴിക്കോട്: ആഭ്യന്തരവിമാനസർവീസുകളുടെ ടിക്കറ്റുനിരക്കിൽ ഇരട്ടിവർധനയുമായി വിമാനക്കമ്പനികൾ. ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് താങ്ങാനാവാത്തവിധത്തിലാണ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്.
കോഴിക്കോട് വിമാനത്താവളത്തിൽനിന്നും കണ്ണൂർ വിമാനത്താവളത്തിൽനിന്നും ഇൻഡിഗോ, എയർഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയവയുടെ ടിക്കറ്റുനിരക്കിൽ വലിയമാറ്റമാണ് വരുത്തിയത്.
കോഴിക്കോട്ടുനിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോ വിമാനത്തിൽ നേരിട്ടുപോകുന്നതിനുള്ള നിരക്ക് 8000 മുതൽ 9000 രൂപ വരെയാണ്. നേരത്തേ 5000 രൂപയ്ക്ക് താഴെമാത്രമായിരുന്നു നിരക്ക്. നേരിട്ടല്ലാതെ മറ്റിടങ്ങളിൽക്കൂടി പോകുന്ന വിമാനമാണെങ്കിൽ 22,000 രൂപ വരെയാണ് ഇപ്പോഴത്തെ നിരക്ക്.
കോഴിക്കോട്ടുനിന്ന് മുംബൈയിലേക്ക് നേരിട്ടുപോകാൻ 6500 രൂപയാണ് എയർഇന്ത്യ ഈടാക്കുന്നത്. ബെംഗളൂരു വഴിയാകുമ്പോൾ 8000, ഹൈദരാബാദ് വഴി 11,000 രൂപയുമാണ്. വിവിധ ക്ലാസുകൾക്കനുസരിച്ച് നിരക്കുകുറയുകയും കൂടുകയും ചെയ്യും.
മാസങ്ങൾക്കുമുമ്പേ ടിക്കറ്റെടുക്കുകയാണെങ്കിൽ നിരക്ക് കുറവായിരിക്കും. എന്നാൽ, പെട്ടെന്നുള്ള ആവശ്യങ്ങൾക്കായി പോകുന്നവരെയാണ് കൂടുതലായും ബാധിക്കുക.
മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ ഇപ്പോൾ വളരെ കുറവായതിനാലാണ് ടിക്കറ്റുനിരക്കിൽ വലിയവർധനയുണ്ട്. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും സർവീസും ഇല്ല. അന്താരാഷ്ട്ര വിമാനസർവീസുകളിൽ യുറോപ്യൻരാജ്യങ്ങളിലേക്ക് വിദ്യാർഥികൾ കൂടുതലായി പോകുന്നതിനാൽ ടിക്കറ്റുനിരക്ക് കൂടുതലുണ്ട്. എന്നാൽ, എയർ ഇന്ത്യ എക്സ്പ്രസിൽ ദുബായിലേക്ക് പോയിവരുന്നതിന് 18,510 രൂപ മാത്രമേ ആകുന്നുള്ളൂ. എയർ ഇന്ത്യയിൽ 24,000 രൂപയും സ്പൈസ് ജെറ്റിൽ 19,500 രൂപയാണ് നിരക്ക്. ഇതിൽ ദിവസം മാറുന്നതിനനുസരിച്ചും അവധിദിവസങ്ങളിലും വർധന ഉണ്ടാകും.
കോവിഡിനെത്തുടർന്നുള്ള സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ വിമാനക്കമ്പനികൾ ടിക്കറ്റുനിരക്ക് കൂട്ടിയിരുന്നു. ആഭ്യന്തര ടൂറിസത്തിന്റെ ഭാഗമായി യാത്രക്കാർ ഇപ്പോൾ കൂടുതലായി ആശ്രയിക്കുന്നത് വിമാനങ്ങളെയാണ്. ടിക്കറ്റുനിരക്ക് കുറവായിരുന്നതിനാലും വേഗത്തിൽ എത്തിപ്പെടാമെന്നതിനാലുമാണ് ആളുകൾ വിമാനങ്ങളെ ആശ്രയിക്കുന്നത്. എന്നാൽ, ഇപ്പോഴതിന് തിരിച്ചടി നേരിടുകയാണ്.
Content Highlights: domestic flight fare hike