നിസ്സാരമല്ല നായ പരിശീലനം; പഠിക്കാന്‍ ആളേറെ, ഫീസ് ഒരു ലക്ഷം രൂപ

തൃശ്ശൂര്‍: നായകളാണ് വിഷയം. അവയെ മെരുക്കാന്‍ പറ്റുന്ന സിലബസു കൂടിയായപ്പോള്‍ രാജ്യത്തെ ആദ്യത്തെ നായപരിശീലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിേലക്ക് അപേക്ഷകരേറെ. കാലിക്കറ്റ് സര്‍വകലാശാല കേരള പോലീസ് അക്കാദമിയുമായി ചേര്‍ന്ന് ആരംഭിക്കുന്ന, 'സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പ്രൊഫഷണല്‍ ഡോഗ് ട്രെയിനിങ് ആന്‍ഡ് കനൈന്‍ ഫോറന്‍സിക്' കോഴ്‌സിന് ഒരു ലക്ഷത്തിലേറെ രൂപയാണ് ഫീസെങ്കിലും ആദ്യദിനംതന്നെ ലഭിച്ചത് 19 അപേക്ഷകള്‍. 30 സീറ്റാണുള്ളത്. സ്ത്രീപുരുഷവ്യത്യാസമില്ലാതെ അപേക്ഷകരുണ്ട്.
മുഴുവന്‍സമയ കോഴ്‌സാണിതെങ്കിലും നായകളുടെ 'മൂഡ്' അനുസരിച്ച് ക്ലാസ് സമയം മാറും. ഔട്ട്‌ഡോര്‍ ക്ലാസിന് കാലാവസ്ഥയും പ്രധാനമാണ്. മൊത്തം 426 മണിക്കൂറാണ് പഠനം. 13 പ്രായോഗികപരിശീലനവും മൂന്ന് പുസ്തകപഠനവുമാണ്.
അനുസരണ, നല്ല ശീലം, വസ്തുക്കള്‍ കണ്ടെത്തല്‍, സംശയാസ്പദമായവ തിരിച്ചറിയല്‍, പിന്തുടര്‍ന്ന് പിടികൂടല്‍, മണം പിടിച്ച് വ്യക്തിയെ തിരിച്ചറിയല്‍, എന്നിവ പരിശീലിപ്പിക്കാനും നായപരിപാലനം, നായശുശ്രൂഷ, നായക്കുട്ടി പരിപാലനം എന്നിവയുമാണ് പഠിപ്പിക്കുക. സര്‍വകലാശാലയും അക്കാദമിയും ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.
അക്കാദമി അവരുടെ ശ്വാനസേനാ പരിശീലനസ്‌കൂളിലെ 13 പരിശീലകരെ വിനിയോഗിക്കും. അക്കാദമിയിലെ ഏഴു നായ്ക്കളെയും ഉപയോഗിക്കും. കോഴ്‌സിനായി സര്‍വകലാശാല മുഴുവന്‍സമയ പരിശീലകനെയും മൂന്നു നായ്ക്കളെയും അക്കാദമിക്ക് നല്‍കും.
മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് 50 ശതമാനം മാര്‍ക്കോടെ പാസാകണം. പ്രായപരിധിയില്ല. ഒരു ലക്ഷം രൂപയും ജിഎസ്ടിയുമാണ് ഫീസ്. ഇതില്‍ മൂന്നു മാസം നാലു േനരത്തെ ഭക്ഷണവും ഉള്‍പ്പെടും. താമസസൗകര്യം സ്വയം കണ്ടെത്തണം.
നായപരിപാലനകേന്ദ്രം, പോലീസ്-പട്ടാള ശ്വാനസേനാസ്‌കൂളുകള്‍, സ്‌പോര്‍ട്‌സ് നായ പരിശീലനം, നായപുനരധിവാസ-സംരക്ഷണ കേന്ദ്രം, ഫോറന്‍സിക് നായ പരിശീലനം തുടങ്ങിയവയാണ് തൊഴില്‍സാധ്യതകള്‍. വളര്‍ത്തുനായകളെ താത്കാലികമായി സംരക്ഷിക്കുന്ന ഹോസ്റ്റലുകളുടെ പ്രവര്‍ത്തനത്തിന് പരിപാലന പഠന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയാണ്. വിദേശരാജ്യങ്ങളില്‍ നായപരിപാലന ജോലിക്കും അംഗീകൃത സര്‍ട്ടിഫിക്കറ്റ് വേണം.
Content Highlights: Kerala University & Police Academy launch India`s first professional dog training certificate course. High demand for this comprehensive 426-hour program, despite a Rs 1 lakh fee. Learn dog behavior, forensics & care.