താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സമരം തുടർന്ന് ഡോക്ടർമാർ, വലഞ്ഞ് രോഗികൾ

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ സമരം തുടരും. ഡോക്ടർമാരുടെയും, ജീവനക്കാരുടെയും സംയുക്ത യോഗം മുന്നോട്ട് വെച്ച നിർദേശങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് തീരുമാനം. ആശുപത്രി ജീവനക്കാർക്ക് സുരക്ഷ ഉറപ്പുവരുത്തുക, ആശുപത്രിയിൽ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുക, വിമുക്ത ഭടന്മാർ ഉൾപ്പെട്ട കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുക., കാഷ്യാലിറ്റിൽ നിലവിൽ ഒരു ഡോക്ടർ എന്നത് രണ്ടായി ഉയർത്തുക, രണ്ടു മണിക്ക് ശേഷവും സമാന്തര ഒപി പ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് യോഗം മുന്നോട്ട് വെച്ചത്.
മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം. അതേ സമയം ഡോക്ടർമാരുടെ സമരം മൂലം മലയോര മേഖലയിലെ രോഗികൾ വലയുന്ന സ്ഥിതിയാണ് ഉള്ളത്. ചികിത്സക്കും, തുടർ ചികിത്സക്കും എത്തുന്നവർ കോഴിക്കോട് മെഡിക്കൽ കോളേജ്, ബീച്ച് ആശുപത്രി എന്നിവിടങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
അതീവ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളെ മാത്രമേ കാഷ്യാലിറ്റിയിൽ പരിശോധിക്കുന്നുള്ളൂ. ഡോക്ടർക്ക് നേരെയുണ്ടായ ആക്രമത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി ഡോക്ടർമാർക്കും, ജീവനക്കാർക്കും പിന്തുണ നൽകുമ്പോഴും തുടർച്ചയായി ചികിത്സ നിഷേധിക്കുന്നതിനോട് യോജിക്കാനാകില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
Content Highlights: doctors strike thamarassery taluk hospital