‘ജെൻസി’കൾക്കും രാഷ്ട്രീയബോധമുണ്ട്, ഇത് കാലത്തിന്റെ കാവ്യനീതി’

പാലാ നഗരസഭയിൽ ചുമതലയേറ്റ ദിയാ ബിനുവിന് സ്നേഹചുംബനം നൽകുന്ന അച്ഛൻ ബിനു പുളിക്കക്കണ്ടവും പിതൃസഹോദരൻ ബിജുവും| ഫോട്ടോ: ജി. ശിവപ്രസാദ്
പാലാ നഗരസഭയിൽ ചുമതലയേറ്റ ദിയാ ബിനുവിന് സ്നേഹചുംബനം നൽകുന്ന അച്ഛൻ ബിനു പുളിക്കക്കണ്ടവും പിതൃസഹോദരൻ ബിജുവും| ഫോട്ടോ: ജി. ശിവപ്രസാദ്

കോട്ടയം: പാലാ നഗരസഭയുടെ അധ്യക്ഷപദവി ഏറ്റെടുത്ത, ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാധ്യക്ഷ ദിയാ പുളിക്കക്കണ്ടം ‘മാതൃഭൂമി’ പ്രതിനിധി രശ്മി രഘുനാഥുമായി സംസാരിക്കുന്നു.

‘ജെൻസി’ തലമുറയ്ക്ക്‌ കൃത്യമായ രാഷ്ട്രീയബോധമുണ്ടോ?

* ആരും അത്ര അരാഷ്ട്രീയവാദികളാണെന്ന് തോന്നുന്നില്ല. ദൈനംദിനജീവിതത്തിൽ രാഷ്ട്രീയം അത്രമാത്രം ഇടപെടുന്നുണ്ട്. അത് മനസ്സിലാക്കി എല്ലാവരും രാഷ്ട്രീയത്തിൽ സ്വന്തമായ ചിന്താഗതി പുലർത്തണം.

പാലായിൽ എന്തുമാറ്റമാണ് സ്വപ്നംകാണുന്നത്?

* വീട്, കുടിവെള്ളവിതരണം, റോഡ് വികസനം എന്നിവയ്ക്ക് ഊന്നൽനൽകും. കുട്ടികളുടെ ആരോഗ്യം, സ്ത്രീകളുടെ സുരക്ഷ എന്നിവയ്ക്കും മുൻതൂക്കം. പാലാ ജനറൽ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കണം. ജോലിതേടി വിദേശത്തുപോകാതെ ‘ജെൻസിക’ൾക്കായി വ്യവസായസാധ്യത തേടും. വാഗമൺ അടങ്ങുന്ന വിനോദസഞ്ചാരമേഖലയെ പാലായുമായി ചേർത്ത് വികസനം ലക്ഷ്യമിടും

കഴിഞ്ഞതവണ അച്ഛന് കിട്ടേണ്ടിയിരുന്ന അധ്യക്ഷപദവി ഇക്കുറി മകൾ നേടി?

* അക്കാര്യത്തിൽ അച്ഛൻ പറയുന്ന ഉത്തരമേയുള്ളൂ, ‘കാലത്തിന്റെ കാവ്യനീതി’. ഈ തിരിച്ചടി ജനങ്ങൾ നൽകിയതാണ്. ആ ഭരണമാറ്റം എന്നിലൂടെ സാധിച്ചുവെന്നത് സന്തോഷം.

കെ.എം. മാണിയിൽക്കണ്ട ഗുണം?

* സമഗ്രത. തനിക്കരികിലേക്കു വരാൻ എല്ലാവർക്കും ഒരുപോലെ അവസരം കൊടുത്തു. അതിൽ പ്രശസ്തിയോ പണമോ പ്രശ്നമായില്ല.

പഠിച്ചത് സാന്പത്തികശാസ്ത്രം, ഭരണത്തിൽ ഗുണംചെയ്യുമോ?

* തീർച്ചയായും. പദ്ധതികൾ തയ്യാറാക്കാനും നടപ്പാക്കാനും ഫണ്ട് അനുവദിക്കാനും അനായാസം കഴിയും. നഗരസഭയ്ക്ക് ഒരു സ്ഥിരവരുമാനം ലക്ഷ്യമിടണം.

ചരിത്രമെഴുതി ദിയ; പാലാ യുഡിഎഫിന് സ്വന്തം

പാലാ: 37 വർഷങ്ങൾക്കുശേഷം പാലാ നഗരസഭയിൽ കേരള കോൺഗ്രസ് എമ്മിന്റെ പങ്കാളിത്തമില്ലാത്ത ഭരണം. സ്വതന്ത്രരായ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്നുപേരെയും ഒപ്പം ചേർത്തതോടെ ഭരണം യുഡിഎഫിന് സ്വന്തം. 21 വയസ്സുമാത്രമുള്ള ദിയാ ബിനു പുളിക്കക്കണ്ടം നഗരസഭയെ നയിക്കും. ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാധ്യക്ഷയാണ് ദിയ.

കെ.എം. മാണി ആദ്യമായി മന്ത്രിയായതിന്റെ 50 വർഷം പൂർത്തിയായ ദിവസംതന്നെ പാലാ കൈവിട്ട നൊമ്പരത്തിലാണ് കേരള കോൺഗ്രസ് എം. 26 അംഗ സഭയിൽ 14 പേർ ദിയാ ബിനുവിനെ പിന്തുണച്ചു. 10 അംഗങ്ങളുള്ള യുഡിഎഫിനൊപ്പം ദിയയും അച്ഛൻ ബിനു പുളിക്കക്കണ്ടവും പിതൃസഹോദരൻ ബിജുവും കോൺഗ്രസ് വിമതയായ മായാ രാഹുലും ചേരുകയായിരുന്നു.

അധ്യക്ഷ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം അംഗവും മുൻ നഗരസഭാധ്യക്ഷയുമായ ബെറ്റി ഷാജുവിന് 12 വോട്ട് ലഭിച്ചു. ഉപാധ്യക്ഷയായി മായാ രാഹുലിനെ തിരഞ്ഞെടുത്തു. എൽഡിഎഫിലെ ബിജു പാലൂപ്പടവനായിരുന്നു എതിർസ്ഥാനാർഥി. നഗരസഭയിൽ എൽഡിഎഫിന് 12 സീറ്റാണുള്ളത്. യുഡിഎഫ് ധാരണപ്രകാരം ആദ്യ രണ്ടുവർഷം ദിയാ ബിനുവിനാണ് അധ്യക്ഷസ്ഥാനം.

Content Highlights: Youngest Municipal Chairperson Takes Charge: Diya Pulikkakandam's Vision for Pala