എലത്തൂരിലെ ഇന്ധന ചോര്‍ച്ച ഗുരുതര പ്രശ്‌നം, ഒഴിവായത് വലിയ ദുരന്തം-ജില്ലാ കളക്ടര്‍

എലത്തൂരിൽ ഡീസൽ ചോർച്ചയെ തുടർന്ന് തൊട്ടടുത്ത ഓടയിൽ തളം കെട്ടി കിടക്കുന്ന ഡീസൽ ഡെപ്യൂട്ടി കലക്ടർ അനിതാ കുമാരിയുടെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുടെയും ഹിന്ദുസ്ഥാനി പെട്രോളിയം പ്ലാന്റിലെ ജീവനക്കാരുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നു.ഫോട്ടോ: സാജന്‍ വി നമ്പ്യാര്‍
എലത്തൂരിൽ ഡീസൽ ചോർച്ചയെ തുടർന്ന് തൊട്ടടുത്ത ഓടയിൽ തളം കെട്ടി കിടക്കുന്ന ഡീസൽ ഡെപ്യൂട്ടി കലക്ടർ അനിതാ കുമാരിയുടെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുടെയും ഹിന്ദുസ്ഥാനി പെട്രോളിയം പ്ലാന്റിലെ ജീവനക്കാരുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നു.ഫോട്ടോ: സാജന്‍ വി നമ്പ്യാര്‍

കോഴിക്കോട്: എലത്തൂരിലെ എച്ച്.പി.സി.എല്‍ ടാങ്കില്‍ നിന്നും ഇന്ധനം ചോര്‍ന്നത് ഗുരുതര പ്രശ്‌നമെന്നും ഒഴിവായത് വലിയ ദുരന്തമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍. കമ്പനിക്കെതിരെ ഫാക്ടറീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. 

പ്ലാന്റില്‍ നിന്നുണ്ടായ ഇന്ധന ചോര്‍ച്ചയുടെ വ്യാപ്തി ചെറുതല്ല, എച്ച്പിസിഎല്ലിലെ മെക്കാനിക്കല്‍ & ഇലക്ട്രോണിക് സംവിധാനങ്ങള്‍ പരാജയപെട്ടെന്നും  ഉപകരണങ്ങള്‍ പരിശോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

'മണ്ണും ജലാശയങ്ങളും മലിനമായിട്ടുണ്ട് ആദ്യ കടമ്പ മാലിന്യമുക്തമാക്കലാണ്‌. ശുചീകരണത്തിന് അതിവേഗ നടപടി ഉണ്ടാവും, മുംബൈയില്‍ നിന്ന് കെമിക്കല്‍ കൊണ്ടുവന്നു ജലാശയം വൃത്തിയാക്കും എച്ച്.പി.സി.എല്‍ തന്നെ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തും , ഇന്ധനം കലര്‍ന്ന മണ്ണ് മാറ്റാനും നടപടി ഉണ്ടാവും'- കളക്ടര്‍ പറഞ്ഞു. നാളെ രാവിലെ തന്നെ ഇതിനുള്ള നടപടി ഉണ്ടാവുമെന്നും കളക്ടര്‍ കൂട്ടിചേര്‍ത്തു. 

ഇന്ധന ചോര്‍ച്ചയില്‍ സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും നാട്ടുകാരുടെ സഹകരണത്തോടെ തുടര്‍നടപടി ഉണ്ടാവുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഫാക്ടറീസ് ആക്ടിലെ 92, 96 വകുപ്പുകള്‍ പ്രകാരം സ്ഥാപനത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

Content Highlights: District Collector says that fuel leakage in Elathur is a serious problem