നിയമവ്യവസ്ഥയെ വർഷങ്ങളോളം പിന്നോട്ടടിക്കുന്ന വിധി- വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ

#മാതൃഭൂമി ന്യൂസ്
കെമാല്‍ പാഷ | ചിത്രം: മാതൃഭൂമി
കെമാല്‍ പാഷ | ചിത്രം: മാതൃഭൂമി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ. നിയമവ്യവസ്ഥയെ നാൽപ്പത് വർഷത്തോളം പിന്നോട്ടടിക്കുന്ന വിധിയാണിത്. തികച്ചും ബാലിശവും വികലവുമായ വിധിയിൽ നിരാശനാണെന്നും അദ്ദേഹം പറഞ്ഞു. 

പണവും സ്വാധീനവുമുള്ള പ്രതിഭാഗം മറുപക്ഷത്തുണ്ടായിരുന്നുട്ടും ഒഴുക്കിനെതിരെ നീന്തിയാണ് പോലീസും പ്രോസിക്യൂഷനും ഈ കേസ് കൈകാര്യം ചെയ്തത്. അവരെ കുറ്റപ്പെടുത്താൻ തക്ക വീഴ്ചകളൊന്നും കാണുന്നില്ല. അതിനാൽ തന്നെ പോലീസും പ്രോസിക്യൂഷനും പരാജയമായിരുന്നെന്ന് പറയാൻ കഴിയില്ല.

നീതിപീഠം കന്യാസ്ത്രീയുടെ വാക്കുകൾക്ക് കുറേക്കൂടി വിശുദ്ധി നൽകണമായിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയെ എങ്ങനെയെല്ലാം അവിശ്വസിക്കാം എന്നതിലാണ് ഗവേഷണം നടന്നതെന്നും ജസ്റ്റിസ് കെമാൽ പാഷ പ്രതികരിച്ചു. അപ്പീൽ പോയാൽ ഉറപ്പായും പ്രതിക്ക് ശിക്ഷ ലഭിക്കാവുന്ന കേസാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വേദനകളും വിഷമങ്ങളുമൊന്നും പുറത്തുപറയാൻ കഴിയാതെ ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. ഇതുപോലെയുള്ള സംഭവങ്ങൾക്കെതിരെ പ്രതിഷേധിക്കേണ്ടതും പ്രതികരിക്കേണ്ടതും ഒരു പൗരന്റെ ചുമതലയാണ്. അങ്ങനെയുള്ള സാഹചര്യത്തിലാണ് കന്യാസ്ത്രീകൾ സമരത്തിനിറങ്ങിയത്. അതിനാലാണ് പണവും സ്വാധീനവുമുള്ള പ്രതി അറസ്റ്റിലായത്. അതിനെ പുച്ഛിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ജുഡീഷ്യറിയുടെ ജോലിയല്ലെന്നും ജസ്റ്റിസ് കെമാൽ പാഷ വിമർശിച്ചു.

Content Highlights: Disapointed in the verdict on nun rape case says justice Kemal Pasha

Content Highlights: