പഠിച്ച 3 കോളേജുകളിലും സർവകലാശാല കൗൺസിലർ; പിന്നീട് സജീവരാഷ്ട്രീയം വിട്ട് അവഗണിക്കപ്പെട്ടവർക്കൊപ്പം

കോട്ടയം: പഠിച്ച മൂന്ന് കോളേജുകളിൽനിന്ന് യൂണിവേഴ്‌സിറ്റി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ഡിജോ കാപ്പന്റെ ജനസമ്മതിക്ക് ഇതിലേറെ തെളിവ് വേണ്ടാ. പാലാ സെയ്ന്റ് തോമസ് കോേളജ്, കൊച്ചി രാജഗിരി കോളജ്, കേരള യൂണിവേഴ്‌സിറ്റി കാമ്പസ് എന്നിവിടങ്ങളിൽനിന്നാണ് ഈ ചരിത്രനേട്ടം. എന്നാൽ, രാഷ്ട്രീയവഴികളിൽനിന്ന് പിന്നീട് മാറിനടന്നു. ജനപക്ഷത്തുനിന്ന് നിസ്വാർഥമായ പൊതുപ്രവർത്തനം തുടർന്നു.
കേരള കോൺഗ്രസിന്റെ വിദ്യാർഥിപ്രസ്ഥാനമായ കെ.എസ്.സി. സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ ഡിജോ, പഠനത്തിനും രാഷ്ട്രീയത്തിനുംവേണ്ടി ഒരു മുദ്രാവാക്യം തയ്യാറാക്കി-‘പഠിക്കുക, പഠിക്കാനനുവദിക്കുക’.
അവിഭക്ത കേരള കോൺഗ്രസിന്റെ പ്രതാപകാലത്ത് വിദ്യാർഥി, യുവജനപ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന ഡിജോ പിന്നീട് ആർ. ബാലകൃഷ്ണപിള്ളയ്ക്കൊപ്പമായി. ഇതിന് കൊടുക്കേണ്ടിവന്ന നഷ്ടം വലുതായിരുന്നു. ഒടുവിൽ, രാഷ്ട്രീയജീവിതംതന്നെ അവസാനിപ്പിക്കേണ്ടിവന്നു. 1991-ൽ കല്ലൂപ്പാറ നിയോജകമണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി പരിഗണിച്ച് ചുവരെഴുത്തുവരെ പൂർത്തിയാക്കിയതാണ്. എന്നാൽ, അതു നടന്നില്ല. അതോടെയാണ് സജീവരാഷ്ട്രീയം ഉപേക്ഷിച്ചത്. സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷൻ എന്ന സംഘടനയുടെ മുഖ്യചുമതലക്കാരിലായിരിക്കേ, അവഗണിക്കപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെടുന്നവർക്കും മറ്റൊരു രാഷ്ട്രീയംവേണമെന്ന് ഡിജോ തിരിച്ചറിഞ്ഞു. സ്നേഹമായിരുന്നു ആ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു.
തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ചെരിപ്പ് ആക്സിലറേറ്ററിൽ കുരുങ്ങിയാണ് വാഹനാപകടമുണ്ടായത്. തുടർന്ന് ഡിജോ കാപ്പൻ ആശുപത്രിക്കിടക്കയിൽ തളർന്നുകിടന്നത് ഏഴുമാസമാണ്.
‘‘പി.ടീ.... ദേ, കാപ്പൻചേട്ടൻ വരുന്നു’’
ഡിജോ വിടവാങ്ങിയപ്പോൾ ഉമാ തോമസ് എം.എൽ.എ.ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ -‘‘പി.ടി. തോമസ് അവസാന അഭിലാഷങ്ങൾ എന്നോടല്ലല്ലോ പറഞ്ഞത്; ഡിജോ കാപ്പൻ എന്ന ആത്മസുഹൃത്തിനോടായിരുന്നല്ലോ. പി.ടീ.... ദേ, കാപ്പൻചേട്ടൻ വരുന്നു. നിങ്ങൾ ഇനിയും പരസ്പരം തുണയാകുക’’.
തന്റെ മരണശേഷം, ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന പാട്ട് കേൾപ്പിക്കണമെന്ന പി.ടി. തോമസിന്റെ അവസാന ആഗ്രഹം ലോകത്തെ അറിയിച്ചതും അത് നടപ്പാക്കിയതും ഡിജോ കാപ്പനായിരുന്നു.
Content Highlights: Dijo Kappen's unique achievement as a University Councilor from three different colleges., His role as the KSC State President and his student-centric slogan 'Learn, Let Learn'., His transition from active politics after the 1991 Kallooppara constituency setback., The deep friendship with P.T. Thomas and his role in fulfilling Thomas's final wishes., His later years dedicated to social service through the Center for Consumer Education.