സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിജിറ്റൽ സർവകലാശാല VC പുറത്ത്; SFI പ്രസിഡന്റ് അടക്കം അകത്ത്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ കോൺക്ലേവിൽ പങ്കെടുക്കുന്നരുടെ പട്ടികയിൽനിന്ന് ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. സിസ തോമസിനെ സർക്കാർ ഒഴിവാക്കി. ഡിജിറ്റൽ സർവകലാശാലയിലെ മുൻ വി.സി.യും മറ്റുസർവകലാശാലകളിലെ മുൻ വി.സി.മാരും വിവിധ സെഷനുകളിൽ പങ്കെടുക്കുന്നുണ്ട്.
ഉന്നതവിദ്യാഭ്യാസമേഖലയെ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കോൺക്ലേവിലാണ് സർക്കാരിന്റെ ഈ രാഷ്ട്രീയവൈരം. വിദേശസർവകലാശാല പ്രതിനിധികൾ പങ്കെടുക്കുന്ന വിവിധ സെഷനുകളിൽ സർക്കാരിന്റെ താത്‌പര്യമനുസരിച്ച് നിയമിക്കപ്പെട്ട മുൻ വി.സി.മാർക്കുമാത്രമേ അർഹമായ പ്രാതിനിധ്യം നൽകിയിട്ടുള്ളൂ.
നിലവിലെ വി.സി.മാർക്ക് അപ്രധാനമായ സെഷനുകൾമാത്രം നൽകിയതായാണ് ആക്ഷേപം. എം.ജി. വി.സി. സി. അരവിന്ദ് കുമാർ, മുൻ വി.സി.മാരായ ഡോ. സാബു തോമസ്, ഡോ. ഗോപിനാഥ് രവീന്ദ്രൻ, ഡോ. എം.വി. നാരായണൻ, ഡോ. പി.ജി. ശങ്കരൻ, ഡോ. ഗംഗൻ പ്രതാപ്, സജി ഗോപിനാഥ് എന്നിവർക്കുപുറമേ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയെവരെ ഉൾപ്പെടുത്തിയപ്പോഴാണ് സിസ തോമസിനോടുള്ള അവഗണന.
മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവനുസരിച്ച് സാങ്കേതികസർവകലാശാലയുടെ വി.സി. സ്ഥാനം സിസ തോമസ് ഏറ്റെടുത്തതുമുതലാണ് സർക്കാരിനും ഇടതുപക്ഷത്തിനും അവരോടുള്ള നീരസം തുടങ്ങുന്നത്. സർവീസിൽനിന്ന് വിരമിച്ചപ്പോൾ പെൻഷൻ ആനുകൂല്യവും സർക്കാർ തടഞ്ഞുവെച്ചു. ഡിജിറ്റൽ സർവകലാശാലയുടെ വി.സി.യായി അവരെ നിയമിച്ചതും ആരിഫ് മുഹമ്മദ് ഖാനായിരുന്നു.
Content Highlights: Kerala government omits Digital University VC Dr. Ciza Thomas from higher education conclave