അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ചോരുന്നതായി സംശയം; തട്ടിപ്പിനുപിന്നിൽ വൻമാഫിയ, ഡിജിറ്റൽ അറസ്റ്റിൽ നേരറിയാൻ സിബിഐ

കൊച്ചി: രാജ്യത്ത് വ്യാപകമായ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനുപിന്നിൽ വൻമാഫിയയെന്ന് നിഗമനം. മുതിർന്ന പൗരന്മാരാണ് തട്ടിപ്പിനിരയാകുന്നവരിൽ ഏറെയും. ദിവസങ്ങളോളം ആളുകൾ തട്ടിപ്പ് സംഘത്തിന്റെ വെർച്വൽ നിരീക്ഷണത്തിൽ കഴിഞ്ഞ കേസുകളുമുണ്ട്. ഈ സാഹചര്യത്തിൽ സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് നിർണായകമാകും.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോരുന്നുണ്ടോയെന്നത് ഉൾപ്പെടെ അന്വേഷണപരിധിയിൽവരും. ബാങ്കുകളിൽ സ്ഥിരനിക്ഷേപമുള്ളവരാണ് തട്ടിപ്പിനിരകളാകുന്നത് എന്നതും സംഭവങ്ങളിൽ ദുരൂഹത വർധിപ്പിക്കുന്നു.
പോലീസോ സർക്കാർ ഏജൻസിയോ വാട്സാപ്പ് അല്ലെങ്കിൽ വീഡിയോ കോൾ വഴി അറസ്റ്റ് നടത്താറില്ലെന്ന് സൈബർ പോലീസ് വ്യക്തമാക്കി. കുറ്റകൃത്യം നടന്നതായി ബോധ്യപ്പെടുകയും അത് ചെയ്ത വ്യക്തിയെ കസ്റ്റഡിയിലെടുക്കേണ്ടത് അനിവാര്യവുമാകുന്ന സാഹചര്യത്തിലും കോടതിയിൽനിന്ന് അറസ്റ്റ് വാറന്റ് ലഭിച്ച വ്യക്തികളെയുമാണ് ക്രിമിനൽ നടപടിക്രമമനുസരിച്ച് അറസ്റ്റുചെയ്യുന്നത്. ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ നേരിട്ടെത്തിയാണ് അറസ്റ്റുചെയ്യുക. ഉദ്യോഗസ്ഥർ ഓൺലൈനായി പണം ആവശ്യപ്പെടില്ല. വെർച്വൽ അറസ്റ്റ് നിയമപരമല്ലെന്നും അത്തരം കോളുകൾ വന്നാൽ 1930-ൽ ബന്ധപ്പെടണമെന്നും സൈബർ പോലീസ് പറയുന്നു.
2024-ൽ രാജ്യമെമ്പാടും ചെറുതും വലുതുമായ പതിനായിരക്കണക്കിന് ഡിജിറ്റൽ അറസ്റ്റ് കേസുകളാണുണ്ടായത്. 1616 കോടിയായിരുന്നു നഷ്ടം.
Content Highlights: Massive digital arrest scams, targeting seniors, are rampant across India. A major mafia is suspected. CBI probe ordered.