ധനലക്ഷ്മി ബാങ്കിന്റെ നൂറാം വാർഷികാഘോഷം: തിരുവനന്തപുരത്ത് വാക്കത്തോണും ശുചീകരണവും വൃക്ഷത്തൈ നടീലും

ധനലക്ഷ്മി ബാങ്കിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം റീജിയണിലെ ഫോർട്ട് ബ്രാഞ്ചിന് മുന്നിൽനിന്ന് വാക്കത്തോൺ സംഘടിപ്പിച്ചു. തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ. മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു. ആഘോഷ പരിപാടികൾ ഉൽഘാടനം നിർവഹിച്ചു
ധനലക്ഷ്മി ബാങ്ക് തിരുവനന്തപുരം റീജിയണൽ ഹെഡ് ശ്രീ ശ്രീകാന്ത് വി. വിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ടൗൺ പ്ലാനിംഗ് ചെയർമാൻ ശ്രീ പാറ്റൂർ രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ ശ്രീ ഹരികുമാർ എസ് , ധനലക്ഷ്മി ബാങ്കിന്റെ സീനിയർ മാനേജർ ശ്രീ മീനാക്ഷി സുന്ദരം, തിരുവനന്തപുരം നഗരസഭയിലെ വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ധനലക്ഷ്മി ബാങ്കിന്റെ തിരുവനന്തപുരം റീജിയണിന് കീഴിലുള്ള 38 ശാഖകളിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ വാക്കത്തോണിൽ പങ്കാളികളായി.
ശ്രീചിത്ര തിരുനാൾ പാർക്കിൽ വാക്കത്തോൺ സമാപിച്ചു. തുടർന്ന് പാർക്കിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ബാങ്കിന്റെ നൂറാം വാർഷികത്തിന്റെ സ്മരണാർത്ഥം നൂറ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
പരിപാടിയുടെ സമാപനത്തിൽ ധനലക്ഷ്മി ബാങ്കിന്റെ ചീഫ് മാനേജർ ശ്രീമതി സന്ധ്യാലക്ഷ്മി നന്ദി പ്രകാശിപ്പിച്ചു.
ആരോഗ്യസംരക്ഷണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ പരിപാടി ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകയായി.