ഏത്തമിടീക്കല്‍: യതീഷ് ചന്ദ്രയോട് ഡി.ജി.പി. വിശദീകരണം തേടി

തിരുവനന്തപുരം: കണ്ണൂര്‍ അഴീക്കലില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ച സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയോട് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ വിശദീകരണം തേടി.
ഇതാദ്യമായാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പോലീസ് പരസ്യശിക്ഷ നടപ്പാക്കിയത്. അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യതീഷ് ചന്ദ്രയുടെ വിശദീകരണം ലഭിച്ചതിനു ശേഷമാകും തീരുമാനിക്കുക.
അതേസമയം, ഇത് ശരിയായ രീതിയല്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഏത്തമിടീക്കലിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ഡി.ജി.പി. പ്രതികരിച്ചു. ആദ്യം റിപ്പോര്‍ട്ട് വരട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഏത്തമിടീച്ചത്. പട്രോളിങ്ങിനിടെ, കടയ്ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ ഇവരില്‍ ചിലര്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. ബാക്കിയുണ്ടായിരുന്നവരെയാണ് ഏത്തമിടീപ്പിച്ചത്.
അതേസമയം ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നായിരുന്നു യതീഷ് ചന്ദ്രയുടെ വിശദീകരണം.
ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് രണ്ടു കേസുകളാണ് കണ്ണൂരില്‍ ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലൊന്ന് മീന്‍ വാങ്ങാന്‍ പത്തു കിലോമീറ്റര്‍ അകലേക്ക് പോകാന്‍ ശ്രമിച്ചതിനാണ്.
content highlights: dgp seeks explanation from kannur police chief yathish chandra
Content Highlights: