സ്വർണക്കൊള്ളയിൽമാത്രം ഒതുങ്ങില്ല, ആചാരങ്ങളും വഴിപാടുകളും ദുരുപയോഗംചെയ്തോ? ദേവസ്വംബോർഡ് ഇ.ഡി. റഡാറിൽ

#ടി.ജെ. ശ്രീജിത്ത്
ശബരിമല | Photo: PTI
ശബരിമല | Photo: PTI

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽമാത്രം ഒതുങ്ങില്ല എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണം. ദേവസ്വം ബോർഡ് മുഴുവനായും ഇ.ഡി.യുടെ അന്വേഷണ ‘റഡാറി’ലേക്കെത്തും. അതിന്റെ ആദ്യപടിയാണ് തിരുവനന്തപുരം ദേവസ്വം ആസ്ഥാനത്തുനടന്ന റെയ്ഡ്.

ഇ.ഡി.യുടെ പ്രാഥമികാന്വേഷണത്തിൽത്തന്നെ സ്വർണപ്പാളി കവർച്ച മാത്രമല്ല ശബരിമലയിൽ നടന്നതെന്നും സാമ്പത്തികക്രമക്കേടുകളും തട്ടിപ്പുകളും നടന്നതായും വ്യക്തമായിരുന്നു. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളും വഴിപാടുകളും ദുരുപയോഗംചെയ്തതായും സംശയിക്കുന്നു. ഇതിനാലാണ് ദേവസ്വം ആസ്ഥാനംകൂടി റെയ്ഡിന്റെ പരിധിയിൽ ഉൾപ്പെടുത്തിയത്.

ശബരിമല സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാടുകളാണ് പ്രാഥമികമായി ഇ.ഡി. അന്വേഷിക്കുന്നത്. അന്വേഷണത്തിനിടെ കൂടുതൽ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയാൽ ഇതേകേസിന്റെ ഭാഗമായി അന്വേഷിക്കുകയോ പുതിയകേസായി രജിസ്റ്റർചെയ്യാനോ സാധിക്കും.

ചൊവ്വാഴ്ചനടന്ന റെയ്ഡിൽ ശബരിമലയുമായി ബന്ധപ്പെട്ട ദേവസ്വം ബോർഡിന്റെ ഉത്തരവുകൾ, വിവിധ ഫയലുകൾ എന്നിവ പിടിച്ചെടുത്തു. ഈ രേഖകൾ പരിശോധിച്ചശേഷം കൂടുതൽ വ്യക്തതയ്ക്കായി ദേവസ്വം ഉദ്യോഗസ്ഥരെ മൊഴിയെടുക്കാൻ വിളിപ്പിച്ചേക്കും. ഇതോടെ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളിലേക്കും ഇ.ഡി. അന്വേഷണത്തിന്‌ വഴിതുറന്നേക്കാം.

ഇതിനൊപ്പം ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലെ റെയ്ഡിലൂടെ ദക്ഷിണേന്ത്യയിലെ കൂടുതൽ ക്ഷേത്രങ്ങളും അന്വേഷണപരിധിയിലേക്ക് കൊണ്ടുവരാനാകും. കുംഭകോണം, ചെന്നൈ, ബെംഗളൂരു, ശിവകാശി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ സ്വർണംപൊതിയൽ നടത്തിയത് ഇവരാണ്.

ചെന്നൈ അമ്പത്തൂരിലെ സ്മാർട്ട് ക്രിയേഷൻസ് കമ്പനി, സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഓഫീസ്, വീട്, അമ്പത്തൂർ, വെപ്പേരി എന്നിവിടങ്ങളിലെ ജൂവലറികൾ എന്നിവയിലെ റെയ്ഡിൽ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട രേഖകൾക്കുപുറമേയുള്ള രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

Content Highlights: devaswom board sabarimala gold row ed investigation