‘ദേവസ്വം ബോർഡിൽനിന്ന് പ്രതിഫലം വാങ്ങുന്നില്ല’; ഇരട്ട പദവി ആരോപണത്തിൽ വിശദീകരണവുമായി കെ. ജയകുമാർ

#ന്യൂസ് ഡെസ്ക്
കെ. ജയകുമാര്‍ | ഫോട്ടോ: ബിജു വര്‍ഗീസ്/മാതൃഭൂമി
കെ. ജയകുമാര്‍ | ഫോട്ടോ: ബിജു വര്‍ഗീസ്/മാതൃഭൂമി

തിരുവനന്തപുരം: ഇരട്ട പദവി പരാതിയിൽ മറുപടിയുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. തന്നെ നിയമിച്ചത് സർക്കാരാണെന്നും ഉചിതമായ തീരുമാനം സർക്കാർ എടുക്കുമെന്നും കെ. ജയകുമാർ പറഞ്ഞു. തനിക്ക് കോടതിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേവസ്വം ബോർഡ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് കെ. ജയകുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് കാർഷിക ഉത്പാദക കമ്മീഷണർ ബി. അശോക് കോടതിയെ സമീപിച്ചിരുന്നു. ഇതിൽ വിശദീകരണം നൽകുകയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്.

ഐഎംജിയിൽ ഡയറക്ടർ എന്ന നിലയിൽ താത്കാലിക ചുമതലയാണ് നിർവഹിക്കുന്നത്. ആ ചുമതലയിലേക്ക് സ്ഥിരനിയമനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരെ അവിടെ ഇരിക്കുന്നുവെന്ന് മാത്രം. ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ ശമ്പളം കൈപ്പറ്റുന്നില്ലെന്നും കെ. ജയകുമാർ പറഞ്ഞു.

"സർക്കാർ തീരുമാനത്തിനെതിരേയാണ് ഹർജി. ഉചിതമായ രീതിയിൽ സർക്കാർ മറുപടി നൽകും. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ഇരിക്കുന്നത്. ഐഎംജിയിൽ തുടരുന്നുണ്ട് എന്ന് മാത്രം. ഒരേസമയം രണ്ടിടത്തുനിന്ന് ശമ്പളം കൈപ്പറ്റുന്നില്ല. ദേവസ്വം ബോർഡിൽനിന്ന് ഞാൻ വാങ്ങുന്നില്ല. എനിക്കുപകരം ഒരാളെ നിയമിക്കുംവരെ അവിടെ ഇരിക്കുന്നുവെന്ന് മാത്രം. നിയമവിരുദ്ധമായി ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല. സർക്കാരാണ് പറയുന്നത്. ഉചിത മറുപടി സർക്കാർ നൽകും. സർക്കാർ പറഞ്ഞതനുസരിച്ചാണ് ഞാൻ ഇവിടെ എത്തിയത്", കെ. ജയകുമാർ പറഞ്ഞു.

Content Highlights: Devaswom Board President Clarifies Dual Role Allegations: Government's Decision Awaited