കേരളം ‍ഡ‍െങ്കി പിടിയിൽ; മഴക്കാലത്തുമാത്രമല്ല, വർഷം മുഴുവൻ നിലനിൽക്കുന്നു; മുൻവർഷത്തെക്കാൾ രോഗികൾ

#ജി. രാജേഷ് കുമാർ
Representative Image
Representative Image

തിരുവനന്തപുരം: മഴക്കാലത്തുമാത്രം പടർന്നിരുന്ന ഡെങ്കിപ്പനി സംസ്ഥാനത്ത് വർഷം മുഴുവൻ നിലനിൽക്കുന്ന രോഗമായി മാറുന്നു. ഇക്കൊല്ലം സെപ്റ്റംബർ 24 വരെ 11,281 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 42 പേർ മരിച്ചു. 2025-ൽ ആകെ 10,886 പേർക്കായിരുന്നു രോഗം; 56 മരണവും.

സാധാരണ രോഗബാധ കുറയുന്ന ജനുവരിയിൽ 378 പേർക്ക് രോഗം ബാധിച്ചു; നാലുപേർ മരിച്ചു. മൺസൂൺ ദുർബലമായ സെപ്റ്റംബറിലെ 24 ദിവസത്തിനിടെ 1,330 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂണിലാണ് ഏറ്റവും കൂടുതൽ. 1,802 പേർക്ക് രോഗം, 15 മരണം.

നാലു വകഭേദങ്ങളും സംസ്ഥാനത്ത്

ഡെങ്കി വൈറസിന്റെ നാലു വകഭേദങ്ങളും (ഡെൻവ്-1, 2, 3, 4) സംസ്ഥാനത്തുണ്ടെന്ന് സംയോജിത രോഗനിരീക്ഷണ പദ്ധതി (ഐ.ഡി.എസ്.പി.) രേഖകൾ വ്യക്തമാക്കുന്നു. ഒരു വകഭേദം ബാധിച്ചയാൾക്ക് പിന്നീട് മറ്റൊന്ന് ബാധിച്ചാൽ രോഗം ഗുരുതരമാകാം.

2022-ൽ 4,432 കേസും 29 മരണവുമായിരുന്നു. 2023-ൽ 17,426 രോഗികളും 153 മരണവും. 2024-ൽ 20,674 കേസുകളും 128 മരണവും. 2025-ൽ കേസുകൾ പകുതിയോളമായെങ്കിലും ഈ വർഷം ഉയരുകയാണ്.

ഈഡിസ് കൊതുകുകൾ പെരുകുന്നതാണ് രോഗം പടരാനുള്ള പ്രധാന കാരണം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ 2025-ൽ നടത്തിയ സർവേയിൽ കൊതുകുതാവളങ്ങളിൽ 78 ശതമാനവും മനുഷ്യനിർമിത ഇടങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. മഴയില്ലാത്തപ്പോൾ വീടുകളിലെ ജലസംഭരണികളാണ് കൊതുകിന്റെ കേന്ദ്രം.

‘അന്തക കൊതുകിനെ എന്തിനു വളർത്തുന്നു’

കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ഡെങ്കി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്നത് ഈ കൊതുകാണ്. ഇവ സാധാരണ 50 മുതൽ 100 വരെ മീറ്റർ മാത്രമേ പറക്കാറുള്ളൂ. നമ്മെ കടിക്കുന്ന കൊതുകിനെ നമ്മൾതന്നെയാണ് സൃഷ്ടിക്കുന്നത്. പകൽസമയവും കടിക്കുന്നതായതിനാൽ വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് കടക്കാതെ നോക്കണം-ഡോ. എസ്.എസ്. ലാൽ, ചെയർമാൻ, പകർച്ചവ്യാധി നിയന്ത്രണ ഉന്നതാധികാര സമിതി.

Content Highlights: Dengue fever is becoming a year-round threat in Kerala, with cases rising sharply. As of September 24, Kerala recorded 11,281 confirmed dengue cases and 42 deaths. All four dengue virus variants (DENV-1, 2, 3, and 4) are currently active in the state. June recorded the highest number of cases this year, with 1,802 infections and 15 deaths. Health officials warn that 78% of mosquito breeding sites are man-made structures and water containers.