മാവേലിക്കരയിലെ തോൽവി; സി.പി.ഐ. ജില്ലാ കൗൺസിൽ യോഗത്തിൽ വാക്പോര്

സി.എ. അരുൺകുമാർ
സി.എ. അരുൺകുമാർ

കൊല്ലം:കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ. ജില്ലാ കൗൺസിൽ യോഗത്തിൽ മാവേലിക്കര മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥി തോറ്റതിനെച്ചൊല്ലി വാക്പോര്. ജില്ലയിലെ കുന്നത്തൂർ, കൊട്ടാരക്കര നിയോജകമണ്ഡലങ്ങളിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് ഭൂരിപക്ഷം ലഭിച്ചത് നേട്ടമായാണ് ജില്ലാ കൗൺസിൽ പൊതുവേ വിലയിരുത്തിയത്.

പത്തനാപുരത്ത് യു.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാനും കഴിഞ്ഞു. എന്നാൽ കൊട്ടാരക്കര നിയോജകമണ്ഡലത്തിൽ സി.പി.ഐ.ക്ക് രണ്ട് മണ്ഡലം കമ്മിറ്റികളുണ്ട്. ഇതിൽ നെടുവത്തൂർ മണ്ഡലത്തിൽ അയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.

എന്നാൽ കൊട്ടാരക്കര മണ്ഡലം കമ്മിറ്റിക്കു കീഴിലെ പ്രദേശങ്ങളിൽ വോട്ട് ഗണ്യമായി കുറഞ്ഞു. ഇവിടെ 'വോട്ട് പർച്ചേസ്' നടന്നെന്നു സംശയിക്കുന്നതായി നെടുവത്തൂർ മണ്ഡലം സെക്രട്ടറി ആർ.മുരളി ആരോപിച്ചു.

ഒരു വിഭാഗം എതിർപ്പുമായി രംഗത്തുവന്നപ്പോൾ, മണ്ഡലത്തിൽ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ ഇതേപ്പറ്റി കൂടുതൽ ചർച്ച വേണ്ടെന്ന് ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ പറഞ്ഞു.

താൻ ആരെയും വ്യക്തിപരമായി വിമർശിച്ചതല്ലെന്നും പാർട്ടി ഇക്കാര്യം അന്വേഷിക്കണമെന്നും മുരളി വാദിച്ചു. കൊട്ടാരക്കര മണ്ഡലത്തിൽക്കൂടി ഭൂരിപക്ഷം ലഭിച്ചിരുന്നെങ്കിൽ പാർട്ടി സ്ഥാനാർഥി ജയിച്ചേനെയെന്ന വാദവും ഒരു വിഭാഗം ഉന്നയിച്ചു.

മാവേലിക്കര ലോക്‌സഭാമണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി പരാജയപ്പെട്ടതായി എ.ഐ.വൈ.എഫ്. നേതാവ് വിനോദ്കുമാർ ആരോപിച്ചു. സ്ഥാനാർഥിനിർണയം പാളിയതായും യോഗത്തിൽ വിമർശനമുണ്ടായി.

പട്ടികജാതി വിഭാഗത്തിലെ പ്രബലജാതികളുള്ള പ്രദേശങ്ങളിൽ എൽ.ഡി.എഫിന് വോട്ട് കുറഞ്ഞതായി ചിലർ പറഞ്ഞു. സ്ഥാനാർഥിയുടെ പ്രകടനം മോശമായിരുന്നെന്നും വിമർശനമുയർന്നു.

കൊല്ലം ജില്ലാ കമ്മിറ്റി നിർദേശിച്ച പേരുകൾ പരിഗണിക്കാതെ സ്ഥാനാർഥിയെ അടിച്ചേൽപ്പിച്ചത് തിരിച്ചടിയായെന്നും വിമർശനമുയർന്നു.

രാജ്യത്തുതന്നെ പാർട്ടി ഏറ്റവും ശക്തമായ കൊല്ലം ജില്ലയിലെ തിരഞ്ഞെടുപ്പ് അവലോകനയോഗത്തിൽ സംസ്ഥാന സെക്രട്ടറിയെപ്പോലെ ആരെങ്കിലും വരേണ്ടിയിരുന്നെന്ന് വാദമുണ്ടായി. പാർട്ടി മന്ത്രിമാർക്കെതിരേ രൂക്ഷവിമർശനമാണ് ജില്ലാ കൗൺസിൽ അംഗങ്ങൾ ഉന്നയിച്ചത്.

Content Highlights: Defeat at Mavelikara, Criticisms in CPI district council meeting