'എന്നോട് ആരും പറഞ്ഞില്ല'- അതൃപ്തിയറിയിച്ച് ദീപ്തി, ഇന്നലത്തെ മഴയിൽ കുരുത്തവളല്ലെന്ന് അജയ് തറയിൽ

#ന്യൂസ് ഡെസ്ക്
ദീപ്തി മേരി വർഗീസ്, അജയ് തറയിൽ | Photo:Mathrubhumi
ദീപ്തി മേരി വർഗീസ്, അജയ് തറയിൽ | Photo:Mathrubhumi

കൊച്ചി: കൊച്ചി മേയർസ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. അതൃപ്തി പ്രകടമാക്കി കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ ദീപ്തി മേരി വർഗീസ് രംഗത്ത്. തീരുമാനം തന്നെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മേയറെ തിരഞ്ഞെടുക്കാനുള്ള പാർലമെന്ററി പാർട്ടി യോഗത്തിൽ അംഗങ്ങൾക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ കഴിഞ്ഞുവെന്ന് തോന്നുന്നില്ലെന്നും അവർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ദീപ്തി, കൊച്ചി മേയറായേക്കുമെന്നായിരുന്നു സൂചനകളെങ്കിലും എ,ഐ ഗ്രൂപ്പുകൾ ചേർന്ന് വി.കെ. മിനിമോളെയും ഷൈനി മാത്യുവിനെയും മേയർസ്ഥാനത്തേക്ക് ടേം വ്യവസ്ഥയിൽ എത്തിക്കുകയായിരുന്നു.

പാർട്ടിയുടെ സർക്കുലർ ഉണ്ടായിരുന്നു. എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത് എന്നുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് നടത്തിയതിന് ശേഷം ഏതൊക്കെ ആൾക്കാർക്കാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നും സർക്കുലറിലുണ്ടായിരുന്നു. തീരുമാനം വന്നുവെന്ന് എന്നോട് ആരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അത് എന്താണ് എന്നതിനെ കുറിച്ച് കൃത്യമായി അറിയില്ല. ഡിസിസി പ്രസിഡന്റാണ് പ്രഖ്യാപിച്ചതെങ്കിൽ അദ്ദേഹവും കൊച്ചി കോർപറേഷന്റെ ചാർജ് പ്രതിപക്ഷ നേതാവിനായിരുന്നു. അദ്ദേഹവും പറയട്ടേ. എങ്ങനെയാണ് എന്നതിനെക്കുറിച്ച് ഒരു വ്യക്തതയുമില്ല, ദീപ്തി പറഞ്ഞു.

നീതിപൂർവമായ തീരുമാനം പ്രതീക്ഷിക്കുന്നുവെന്നാണ് നേരത്തെ പറഞ്ഞിരുന്നത്, ഇത് (കൊച്ചി മേയർ തീരുമാനം) നീതിപൂർവമാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്- അറിയില്ല. ഞാൻ അതിനേപ്പറ്റി അന്വേഷിച്ചില്ല എന്നായിരുന്നു ദീപ്തിയുടെ മറുപടി.

പ്രഖ്യാപനത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ആരും തന്നോട് ഇക്കാര്യം അറിയിച്ചിട്ടില്ല. ഇന്ന് കോർ കമ്മിറ്റി വിളിക്കുമെന്നാണ് പറഞ്ഞിരുന്നത്. തർക്കമുണ്ടാകുമ്പോൾ കെപിസിസിയിൽനിന്ന് ഒരു നിരീക്ഷകൻ വന്ന് അവരുടെ മുന്നിലാണ് അംഗങ്ങൾ അഭിപ്രായം പറയേണ്ടത്. മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷനും ജിസിഡിഎ മുൻ ചെയർമാൻ എൻ. വേണുഗോപാലും ഇരുന്നാണ് പരസ്യമായി അഭിപ്രായം ചോദിച്ചത്. രഹസ്യമായി അഭിപ്രായം ചോദിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. അംഗങ്ങൾക്ക് അഭിപ്രായം സ്വതന്ത്രമായി രേഖപ്പെടുത്താൻ കഴിഞ്ഞുവെന്ന് തോന്നുന്നില്ല. കോർ കമ്മിറ്റി രാവിലെ വിളിക്കുമെന്ന് പറഞ്ഞു, ഉച്ചയ്ക്ക് വിളിക്കുമെന്ന് പറഞ്ഞു. ഇതുവരെ വിളിച്ചില്ല. എന്താണ് വിളിക്കാത്തത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. താൻ ഡിസിസി ഓഫീസിലുണ്ടായിരുന്നു. കോർ കമ്മിറ്റി എപ്പോഴാണ് എന്ന് ചോദിച്ചു. കോർ കമ്മിറ്റി നടത്തുന്നതിനെ കുറിച്ച് യാതൊരു മറുപടിയും പറഞ്ഞിട്ടില്ല. അഭിപ്രായം ചോദിച്ച ശേഷം ഇന്ന് കോർ കമ്മിറ്റി ചേർന്ന് പൊളിറ്റിക്കലായൊരു തീരുമാനം എടുക്കുമെന്നായിരുന്നു ഇന്നലെ തീരുമാനിച്ചിരുന്നത്, ദീപ്തി കൂട്ടിച്ചേർത്തു.

കൗൺസിലിലെ പിന്തുണയെ കുറിച്ച് എൻ വേണുഗോപാലും ഡൊമിനിക് പ്രസന്റേഷനും പറഞ്ഞ കണക്കുകൾ വിശ്വസിക്കേണ്ടവർക്ക് വിശ്വസിക്കാം. അല്ലാത്തവർക്ക് വിശ്വസിക്കാതിരിക്കാം. അവർ പറഞ്ഞ കണക്ക് തനിക്കറിയില്ല. തന്നോട് കണക്ക് പറഞ്ഞിട്ടില്ല. ഇന്നലത്തെ പാർലമെന്ററി പാർട്ടിയോഗത്തിന് ശേഷം ഇന്ന് കോർ കമ്മിറ്റി കൂടിയിട്ടില്ലെന്നും ദീപ്തി പറഞ്ഞു. പാർലമെന്റെറി പാർട്ടി യോഗത്തിൽ ഷൈനി മാത്യുവിനാണ് കൂടുതൽ പിന്തുണ ലഭിച്ചതെന്നാണ് വിവരം. വി.കെ. മിനിമോൾക്ക് 17 പേർ പിന്തുണ നൽകിയപ്പോൾ ഷൈനി മാത്യുവിനെ 19 പേരാണ് പിന്തുണച്ചത്. ദീപ്തിക്ക് നാലുപേരുടെ പിന്തുണ മാത്രമാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്.

ഭൂരിപക്ഷ അഭിപ്രായത്തിന് വിരുദ്ധമായ തീരുമാനം-അജയ് തറയിൽ

അതേസമയം കൊച്ചി മേയർ തിരഞ്ഞെടുപ്പ് വിഷയത്തിൽ രൂക്ഷമായ വിമർശനവുമായി അജയ് തറയിലും രംഗത്തെത്തി. കൗൺസിലർമാരുടെ ഭൂരിപക്ഷ അഭിപ്രായത്തിന് വിരുദ്ധമായ തീരുമാനമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിന്റെ തീവ്രമായ അതിപ്രസരമാണിത്. ഇതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല. ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരേ പോരാട്ടം നടത്തും. ഇന്നലത്തെ മഴയിൽ കുരുത്തവളല്ല ദീപ്തി. 91 മുതൽ മഹാരാജാസിൽ എസ്എഫ്‌ഐക്കാരുടെ തല്ലുകൊണ്ട് വളർന്ന് കെഎസ്‌യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും മഹിളാ കോൺഗ്രസിലൂടെയും വളർന്ന് വന്ന ധീരയായ നേതാവാണ്. ആ നേതാവിനെ വെട്ടാൻ ഗ്രൂപ്പുകൾ ഒത്തുകൂടി എന്നതാണ് ഏറ്റവും രസകരമായ വസ്തുത, അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: deepthi mary varghese expresses discord on kochi mayor election