ഡി.സി.സി. ട്രഷററുടെ മരണം, ഐ.സി. ബാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തി; അറസ്റ്റ് രേഖപ്പെടുത്തിയേക്കും

ഐ.സി ബാലകൃഷ്ണൻ എം.എൽ.എ
ഐ.സി ബാലകൃഷ്ണൻ എം.എൽ.എ

സുൽത്താൻബത്തേരി: ഡി.സി.സി. ട്രഷറർ എൻ.എം. വിജയനും മകൻ ജിജേഷും ആത്മഹത്യചെയ്തകേസിൽ പ്രതിയായ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ വീട്ടിൽ സംയുക്ത അന്വേഷണസംഘം പരിശോധന നടത്തി. കേണിച്ചിറ പണപ്പാടിയിലെ വീട്ടിൽ സംയുക്തസംഘം അന്വേഷണ ഉദ്യോഗസ്ഥൻ ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എം.എൽ.എ.യെയുംകൂട്ടി എത്തിയ സംഘത്തിന് ആത്മഹത്യാപ്രേരണക്കേസുമായി ബന്ധപ്പെട്ട രേഖകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. ഉച്ചയ്ക്ക് ഒന്നരയോടെയെത്തിയ സംഘം 2.15-ഓടെ മടങ്ങി.

ക്രൈംബ്രാഞ്ച് പോലീസ് ഇൻസ്പെക്ടർ പ്രവീൺകുമാർ അടക്കമുള്ള ആറംഗസംഘമാണ് വെള്ളിയാഴ്ച എം.എൽ.എ.യെ ചോദ്യംചെയ്തത്. ആത്മഹത്യാപ്രേരണക്കേസിൽ ഒന്നാംപ്രതിയായ എം.എൽ.എ.യെ ലിമിറ്റഡ് കസ്റ്റഡിയിൽ രണ്ടാംദിവസമാണ് ചോദ്യംചെയ്തത്. ലിമിറ്റഡ് കസ്റ്റഡി അവസാനിക്കുന്ന ശനിയാഴ്ച മിക്കവാറും എം.എൽ.എ.യുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.

എം.എൽ.എ.യുടെ ലെറ്റർപാഡിൽ നൽകിയതായ നിയമന ശുപാർശക്കത്ത് പുറത്തുവന്നിരുന്നു. ഇതിന്റെ താരതമ്യപരിശോധനയ്ക്കായി ലെറ്റർപാഡിൽനിന്ന് ഒരു പേജ് പോലീസ് ശേഖരിച്ചിട്ടുണ്ട്. കേസിലെ മറ്റു പ്രതികളായ ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ എന്നിവരുടെ അറസ്റ്റ് ലിമിറ്റഡ് കസ്റ്റഡി തീരുന്ന മൂന്നാംദിവസമാണ് രേഖപ്പെടുത്തിയത്. കോടതി മുൻകൂർജാമ്യം അനുവദിച്ചതിനാൽ ഇവരെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. അതേസമയം, കേസിലെ പ്രതികളെ ചോദ്യംചെയ്യൽ പൂർത്തിയാകുന്നതോടെ അന്വേഷണനടപടികൾ അടുത്തഘട്ടത്തിലേക്ക് കടക്കും. എൻ.എം. വിജയന്റെ ഡയറിക്കുറിപ്പുകളിലും കത്തുകളിലും ഒട്ടേറെ ആളുകളുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്. പണം വാങ്ങിയതായും കൊടുത്തതായുമൊക്കെയുള്ള വിവരങ്ങളാണ്. ഈ ആളുകളെ കണ്ടെത്തി ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

അവർക്ക് ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടോയെന്നും ഉണ്ടെങ്കിൽ എങ്ങനെയാണെന്നുമുള്ള വിശദവിവരങ്ങളാണ് തേടുക. മിക്കവാറുംപേരെ അന്വേഷണ ഉദ്യോഗസ്ഥന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാകും ചോദ്യംചെയ്യുകയെന്നും അറിയുന്നു.

Content Highlights: Investigation team conducts inspection at IC Balakrishnan MLA's residence, NM Vijayan's death