ബേക്കറിയിൽനിന്ന്‌ വാങ്ങിയ റെസ്‌കിൽ ചത്തപല്ലി; ഉപഭോക്തൃകോടതിയെ സമീപിച്ച് 80കാരിയും മകളും

റെസ്‌കിൽനിന്ന്‌ കണ്ടെത്തിയ ചത്തപല്ലി
റെസ്‌കിൽനിന്ന്‌ കണ്ടെത്തിയ ചത്തപല്ലി

വൈക്കം: ബേക്കറിയിൽനിന്ന്‌ വാങ്ങിയ പ്രമുഖ ബ്രാൻഡിന്റെ റെസ്‌കിൽനിന്ന്‌ ചത്തപല്ലിയെ കണ്ടെത്തി. കഴിഞ്ഞ ഒമ്പതാം തീയതി വൈക്കം പടിഞ്ഞാറെനട കച്ചേരിത്തറയിൽ കെ.ബി. ഷീബ തലയോലപ്പറമ്പിലെ ബേക്കറിയിൽനിന്നാണ് റെസ്‌ക് വാങ്ങിയത്. 10-ന് രാവിലെ ഷീബയുടെ അമ്മ സൈനബ (80) ചായക്കൊപ്പം റെസ്‌ക് കഴിച്ചപ്പോഴാണ് ചത്തപല്ലിയെ കണ്ടെത്തിയത്.

പല്ലിയെ കണ്ടതോടെ സൈനബയുടെ രക്തസമ്മർദം ഉയരുകയും വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുംചെയ്തു. തുടർചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ജില്ലാ പോലീസ് മേധാവി, ഭക്ഷ്യസുരക്ഷാവിഭാഗം തുടങ്ങിയ അധികാരികൾക്ക് ഷീബ പരാതി നൽകി. തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ബ്രാൻഡിന്റെ പ്രതിനിധിയെ വിളിച്ചുവരുത്തിയശേഷം ഷീബയുമായി ചർച്ചനടത്തിയെങ്കിലും പരാജയപ്പെട്ടു. ഷീബ ഉപഭോക്തൃകോടതിയെ സമീപിച്ചു.

ബേക്കറിയിൽനിന്ന്‌ സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർ അറിയിച്ചു.

Content Highlights: 80-year-old woman found a dead lizard in a branded rusk bought from a bakery in Vaikom, Kerala