‘അത് ദാമോദരൻ മേനോൻ; ഓർമക്കുറവ്, മാനസികബുദ്ധിമുട്ടുകൾ’; നാട്ടിലെത്തിക്കാൻ ഹൈക്കമ്മിഷൻ ശ്രമം

കൊച്ചി: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന തരത്തിൽ പ്രചരിക്കുന്നത് തൃശൂർ കരുമാത്ര സ്വദേശിയായ ദാമോദരൻ മേനോന്റെ ചിത്രമെന്ന് സ്ഥിരീകരിക്കുകയാണ് ബ്രൂണെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രതിനിധി. ഓർമ്മക്കുറവും മാനസിക പ്രശ്നങ്ങളും കാരണം ബുദ്ധിമുട്ടുന്ന ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ ഹൈക്കമ്മിഷനും ബ്രൂണെയിലെ സന്നദ്ധ പ്രവർത്തകരും ശ്രമം നടത്തി വരുന്നതിനിടെയാണ് ഇപ്പോഴത്തെ വിവാദങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
വാടക നൽകാൻ പോലും പണമില്ലാതെ, ഓർമ്മക്കുറവും ശാരീരിക ബുദ്ധിമുട്ടുകളും നേരിടുന്ന തൃശൂർ സ്വദേശി ദാമോദരൻ മേനോൻ (പാസ്പോർട്ട് പ്രകാരമുള്ള പേര്) എന്ന വ്യക്തിയെക്കുറിച്ച് ഇദ്ദേഹം അറിയുന്നത് ഈയടുത്ത കാലത്താണ്.
'കഴിഞ്ഞ ജൂൺ 16-നാണ് ഇന്ത്യൻ ഹൈക്കമ്മിഷൻ പ്രാദേശിക സന്നദ്ധ പ്രവർത്തകരെയും കമ്മ്യൂണിറ്റി നേതാക്കളെയും ബന്ധപ്പെട്ട് ദാമോദരൻ മേനോന് അടിയന്തര സഹായവും ചികിത്സയും ആവശ്യമാണെന്ന് അറിയിക്കുന്നത്. ഇതേത്തുടർന്ന് സന്നദ്ധ പ്രവർത്തകർ ഇയാളുടെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ചു. അദ്ദേഹത്തിന്റെ മക്കൾ മലേഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് താമസിക്കുന്നത്. അവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മക്കളും ഭാര്യയും ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്ന് തൃശൂർ കരുമാത്ര സ്വദേശിയായ ഇദ്ദേഹത്തിന്റെ ബന്ധുക്കളെ നാട്ടിൽ കണ്ടെത്താൻ സന്നദ്ധ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. തൃശൂരിലുള്ള അദ്ദേഹത്തിന്റെ സഹോദരിയുടെ മകളുടെ ഭർത്താവ് ഗോപിനാഥനുമായി സന്നദ്ധ പ്രവർത്തകർ ബന്ധപ്പെടാൻ സാധിച്ചിരുന്നു. ദാമോദരൻ മേനോന് നാട്ടിൽ വസ്തുവകകൾ ഉണ്ടെന്നും നാട്ടിലെത്തിച്ചാൽ നോക്കാമെന്നും ബന്ധുക്കൾ ഉറപ്പു നൽകിയിട്ടുണ്ട്.' സന്നദ്ധ സംഘടനയുടെ പ്രതിനിധി പറയുന്നു.
ഇതിനിടയിൽ ദാമോദരൻ മേനോനെ ബ്രൂണെയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം സ്വന്തം താല്പര്യപ്രകാരം ഡിസ്ചാർജ് വാങ്ങി താമസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് വാടക നൽകാത്തതിനാൽ വീട്ടുടമസ്ഥയായ ചൈനീസ് യുവതി ഇയാളെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ എത്തിച്ചു. നിലവിൽ താൽക്കാലികമായി ഇദ്ദേഹത്തെ താമസിപ്പിച്ചിരിക്കുകയാണ്. ഇയാളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി കേരളത്തിലെ നോർക്ക വകുപ്പുമായി ഹൈക്കമ്മിഷൻ ബന്ധപ്പെട്ടിട്ടുണ്ട്. നോർക്ക ഇതിനുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നുമാണ് ലഭ്യമാകുന്ന വിവരം. ഇതിനിടെയാണ് വിവാദങ്ങളുണ്ടാകുന്നത്.
പ്രവാസികളെ ആശങ്കയിലാക്കി വിവാദം
അതേസമയം, കേരളത്തിൽ വരുന്ന ചില വാർത്തകൾ ബ്രൂണൈയിലെ മലയാളികൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യൻ ഹൈക്കമ്മിഷൻ അനധികൃതമായി പാസ്പോർട്ട് നൽകിയെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അവർ പറയുന്നു. ഇത്തരം തെറ്റായ വാർത്തകൾ ബ്രൂണൈയിലെ പ്രവാസി മലയാളികളുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്ന് അവിടെയുള്ള പ്രവാസികൾ ഭയക്കുന്നുണ്ട്.
വിസ അനുവദിക്കുന്നതിന് വളരെ കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യമാണ് ബ്രൂണെ. സാധാരണഗതിയിൽ സമയമെടുക്കുന്ന വിസ നടപടിക്രമങ്ങൾ ഇത്തരം അനാവശ്യ മാധ്യമവിവാദങ്ങൾ മൂലം കൂടുതൽ നീണ്ടുപോകാൻ സാധ്യതയുണ്ട്. ഇത് സാധാരണക്കാരായ പ്രവാസികളുടെ കുടുംബങ്ങളെയും അവരുടെ ജോലിയെയും സാരമായി ബാധിച്ചേക്കാമെന്നാണ് അവരുടെ ആശങ്ക.
Content Highlights: Viral photo mistaken for fugitive Sukumara Kurup actually belongs to Thrissur native Damodaran Menon in Brunei., Damodaran Menon is facing memory loss and mental health struggles with no family willing to take him in initially., Indian High Commission and local volunteers are coordinating with NORKA to repatriate him safely to Kerala., False media controversies are causing serious concern and anxiety among the Malayali expatriate community in Brunei.