കസ്റ്റംസിനെ വെട്ടിലാക്കി 'ബോസിന്റെ' തിരിച്ചുവരവ്; ഇടപെട്ടത് ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥൻ

കൊച്ചി: ആറുവർഷത്തിനുശേഷം കസ്റ്റംസിലേക്ക് തിരിച്ചെത്തിയത് സ്വർണക്കടത്ത് സംഘങ്ങൾക്കിടയിൽ ‘ബോസ്’ എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥൻ. പിടിയിലായ സ്വർണക്കടത്തുകാരെല്ലാം അദ്ദേഹത്തിന്റെ നമ്പർ സേവ് ചെയ്തിരുന്നത് ‘ബോസ്’ എന്നപേരിൽ. സ്വർണക്കടത്തിന് കൂട്ടുനിന്ന് കോഫെപോസ പ്രകാരം ജയിലിലാവുകയും സർവീസിൽനിന്ന് പിരിച്ചുവിടുകയുംചെയ്ത ഇൻസ്‌പെക്ടർ രാഹുൽ പണ്ഡിറ്റ് വീണ്ടും സർവീസിലെത്തിയത് കസ്റ്റംസ് പ്രിവന്റീവിന് വലിയ നാണക്കേടായി. ഉന്നത ഉദ്യോഗസ്ഥരടക്കം ഈ നടപടിയിൽ അതൃപ്തരാണ്.
കൊച്ചി കസ്റ്റംസ് പ്രിവന്റീവിന്റെ പിരിച്ചുവിടൽ നടപടിക്രമങ്ങളിലെ സാങ്കേതികവീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ധനമന്ത്രാലയം രാഹുലിനെ പിരിച്ചുവിട്ടത് റദ്ദാക്കിയത്. സ്വർണവുമായിവരുന്ന യാത്രക്കാരെക്കുറിച്ചും ഇവരുടെ ചെക്കിൻ ബാഗേജുകൾ തിരിച്ചറിയാനുള്ള വിവരങ്ങളും സ്വർണക്കടത്ത് സംഘങ്ങൾ വാട്‌സാപ്പിൽ രാഹുലിന് കൈമാറുന്നതായിരുന്നു രീതി.
അർജുൻ ആയങ്കി ഉൾപ്പെട്ട, അഞ്ചുപേരുടെ മരണത്തിനിടയാക്കിയ രാമനാട്ടുകര സ്വർണം പൊട്ടിക്കൽ അന്വേഷണത്തിൽ പ്രതികളിലൊരാൾ രാഹുൽ പണ്ഡിറ്റിന്റെ ബന്ധം കസ്റ്റംസിനുമുന്നിൽ വ്യക്തമാക്കിയിരുന്നു. രാഹുലിനെ ചോദ്യംചെയ്യാൻ കസ്റ്റംസ് നോട്ടീസ് നൽകിയെങ്കിലും ഇയാൾ ഹാജരായില്ല. ഈ കേസിലിപ്പോൾ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതിനുപുറമേ ധനമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം കണ്ണൂർ സ്വർണക്കടത്തിൽ പുനരന്വേഷണം നടക്കുന്നുമുണ്ട്. ഈ അന്വേഷണങ്ങൾ പിഴവുകളില്ലാതെ പൂർത്തിയായാൽ പിരിച്ചുവിടലിന് സാധ്യതയുണ്ട്.
ഇടപെട്ടത് ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥൻ
രാഹുലിനെ തിരികെ കസ്റ്റംസിലെത്തിക്കാൻ ഇടപെടലുകൾ നടത്തിയത് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് സൂചന. ഇയാളുടെ സന്ദേശവുമായാണ് കഴിഞ്ഞദിവസം ഡൽഹിയിൽനിന്നുള്ള വ്യക്തി കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തിയത്. അപൂർവങ്ങളിലപൂർവമായിമാത്രമേ പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാറുള്ളൂ. ഡൽഹിയിൽ ഉന്നതബന്ധങ്ങളുള്ള രാഹുൽ രാഷ്ട്രീയതലങ്ങളിലുൾപ്പെടെ സ്വാധീനം ചെലുത്തിയെന്നാണ് സൂചന.
കൂട്ടാളി തിഹാർ ജയിലിൽ
രാഹുലിനൊപ്പം കസ്റ്റംസിൽനിന്ന് ആറുവർഷംമുൻപ് പിരിച്ചുവിട്ട ഇൻസ്‌പെക്ടർ രോഹിത് കുമാർ ശർമ 27 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നതിനിടെ കഴിഞ്ഞവർഷം ഡൽഹി പോലീസിന്റെ പിടിയിലായിരുന്നു.