കാഞ്ഞിരപ്പള്ളിയിലെ സഹകരണ സ്ഥാപനത്തില്‍ കോടികളുടെ ക്രമക്കേട്; സ്ഥാപനം പൂട്ടി സീല്‍വച്ചു

കോട്ടയം: കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്. കാഞ്ഞിരപ്പള്ളി പാറത്തോട് അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് ഇംപ്രൂവ്‌മെന്റ് സൊസൈറ്റിയിലാണ് വ്യാപക ക്രമക്കേടുകൾ നടന്നത്. സഹകരണ വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ തട്ടിപ്പ് സ്ഥിരീകരിച്ചതോടെ സ്ഥാപനം പോലീസ് സീൽ ചെയ്തു.
സഹകരണ സ്ഥാപനത്തിൽ സ്ഥിര നിക്ഷേപം നടത്തിയ യുവാവിനെ പലിശയോ മുതലോ നൽകാതെ കബിളിപ്പിച്ചെന്ന പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്. പാറക്കടവ് സ്വദേശി എബി ജോൺ നൽകിയ പരാതിയിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു.
സ്ഥാപനത്തിലെ ജീവനക്കാരിയായ ഷിബിനയെ ഒന്നാം പ്രതിയായും കോൺഗ്രസിൻ്റെ മുൻ പഞ്ചായത്തംഗവും ബാങ്ക് പ്രസിഡൻ്റുമായ സൈമൺ, കോൺഗ്രസ് പാറത്തോട് മണ്ഡലം പ്രസിഡൻ്റും ബാങ്ക് സെക്രട്ടറിയുമായ ടി.എം ഹനീഫ എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐ.പി.സി. 406,409,420, 34 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾ പരാതിക്കാരനെ ബാങ്ക് നിരക്കിനേക്കാൾ ഉയർന്ന പലിശ നിരക്ക് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 29,25,000 രൂപ സ്ഥിര നിക്ഷേപം ചെയ്യിക്കുകയും 1,50,000 രൂപ പലിശയായി നൽകി ബാക്കി പലിശയോ മുതലോ നൽകാതെ വിശ്വാസവഞ്ചന കാണിച്ചുവെന്നുമാണ് കേസ്.
പരിശോധനയിൽ സ്ഥാപനത്തിൽ സമാനരീതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നിട്ടുള്ളതായും കോടികളുടെ തട്ടിപ്പ് നടന്നതായും ബോധ്യപ്പെട്ടതോടെയാണ് സ്ഥാപനം സീൽ ചെയ്തത് എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
.
Content Highlights: crores fraud in congress run co operative society