'ചില പണികള്‍ പാര്‍ട്ടിക്ക് പണിയാകുന്നുണ്ട്' പേരുപറയാതെ വീണാ ജോര്‍ജിനെതിരെ വിമര്‍ശനം

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേര് പരാമര്‍ശിക്കാതെ സി.പി.എം. പത്തനംതിട്ട പാര്‍ട്ടി ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം. പത്തനംതിട്ട അബാന്‍ മേല്‍പ്പാലം പണി ഇഴയുന്നതിന്റെ പേരിലായിരുന്നു മന്ത്രിയെ ലക്ഷ്യംവെച്ചുള്ള വിമര്‍ശനമുണ്ടായത്. പഞ്ചവത്സരപദ്ധതിയായിപ്പോലും തീരാനിടയില്ലാത്ത പാലംപണി പാര്‍ട്ടിക്ക് പണിയാകുന്നുണ്ട്. ഇതൊന്നും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് മനസ്സിലാകുന്നില്ല. മനസ്സിലാക്കി വരുമ്പോഴേക്കും ജനം ഒരു തീരുമാനത്തിലെത്തിക്കഴിയുമെന്നും പൊതുചര്‍ച്ചയില്‍ അംഗങ്ങള്‍ പറഞ്ഞു. പാലം എന്തിനാണെന്ന സാധാരണക്കാരന്റെ ചോദ്യത്തിന് തൃപ്തികരമായ മറുപടി പറയാന്‍ പലപ്പോഴും സാധിക്കുന്നില്ലെന്നും പരാമര്‍ശമുണ്ടായി. കൂടാതെ, സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രി എത്താതിരുന്നതും അംഗങ്ങള്‍ ചോദ്യം ചെയ്തതായാണ് വിവരം. ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരനാണ് ഉദ്ഘാടനം ചെയ്തത്.
Content Highlights: criticism against minister veena george in cpm area meeting pathanamthitta