അറസ്റ്റിൽ പഴുതുകൾ പാടില്ല; ഡോ. റാമിന്റെ കേസ് നാണക്കേടായതോടെ ക്രൈം ബ്രാഞ്ച് മേധാവിയുടെ സർക്കുലർ

#മാതൃഭൂമി ന്യൂസ്
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ  പോലീസ് പിടിയിലായ അധ്യാപകൻ ഡോ.എൻ.കെ.റാമിനെ  ക്രൈം ബ്രാഞ്ച് ഓഫീസിൽ നിന്നും വൈദ്യ പരിശോധനക്കായി കൊണ്ടുപോവുന്നു   | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പോലീസ് പിടിയിലായ അധ്യാപകൻ ഡോ.എൻ.കെ.റാമിനെ ക്രൈം ബ്രാഞ്ച് ഓഫീസിൽ നിന്നും വൈദ്യ പരിശോധനക്കായി കൊണ്ടുപോവുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

തിരുവനന്തപുരം: നിതിൻരാജ് മരണക്കേസിലെ പ്രതി ഡോ. റാമിനെ അറസ്റ്റ് ചെയ്തതിൽ സംഭവിച്ച വീഴ്ചകൾ ക്രൈം ബ്രാഞ്ചിന് വലിയ നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിൽ, സുപ്രീം കോടതി മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശിച്ച് ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കടേഷ് പുതിയ സർക്കുലർ പുറത്തിറക്കി. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ എല്ലാ ക്രൈം ബ്രാഞ്ച് യൂണിറ്റുകൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികളുടെ അറസ്റ്റും തുടർനടപടികളും ഇനി മുതൽ ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും നടക്കുക.

ഡോ. റാമിനെ അറസ്റ്റ് ചെയ്ത നടപടിക്രമങ്ങളിൽ സുപ്രീം കോടതി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കോടതി അദ്ദേഹത്തെ വിട്ടയച്ചിരുന്നു. ഈ സംഭവം ആഭ്യന്തര വകുപ്പിനും ക്രൈം ബ്രാഞ്ചിനും വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെട്ടത്. അറസ്റ്റ് ചെയ്യുന്നതിനുള്ള കാരണങ്ങൾ പ്രതിക്ക് വ്യക്തമാകുന്ന ഭാഷയിൽ നൽകിയില്ലെന്നതും വലിയ വിവാദമായിരുന്നു. മലയാളം അറിയാത്ത ഡോ. റാമിന് മലയാളത്തിൽ തയ്യാറാക്കിയ രേഖകൾ നൽകിയത് അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയായാണ് കോടതി നിരീക്ഷിച്ചത്.

പുതിയ സർക്കുലർ പ്രകാരം, ഒരു പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ അതിന്റെ കാരണങ്ങൾ പ്രതിക്ക് മനസ്സിലാകുന്ന ഭാഷയിൽ തന്നെ എഴുതി നൽകണമെന്ന് ക്രൈം ബ്രാഞ്ച് മേധാവി നിർദ്ദേശിച്ചു. കൂടാതെ, റിമാൻഡ് റിപ്പോർട്ടും മറ്റ് അനുബന്ധ രേഖകളും കോടതിയിൽ സമർപ്പിക്കുന്നതിന് മുൻപ് നിർബന്ധമായും പബ്ലിക് പ്രോസിക്യൂട്ടറുമായി ചർച്ച ചെയ്യണം. രേഖകളിലെ നിയമപരമായ പഴുതുകൾ പൂർണ്ണമായും ഒഴിവാക്കിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അവ കോടതിക്ക് മുൻപാകെ ഹാജരാക്കാവൂ എന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥർ ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് അതത് യൂണിറ്റ് ഹെഡുകൾ ഉറപ്പുവരുത്തണം. പ്രതിയെ അറസ്റ്റ് ചെയ്താലുടൻ വിവരം ഫോൺ മുഖേന യൂണിറ്റ് ഹെഡിനെയും ഡിവൈഎസ്പിയെയും അതുപോലെ തന്നെ ക്രൈം ബ്രാഞ്ച് മേധാവിയെയും അറിയിച്ചിരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

Content Highlights: Crime Branch Chief H. Venkatesh issues a new circular mandating strict adherence to Supreme Court arrest norms following the Dr. Ram case.