'തലകുത്തിനിന്ന്' തിരഞ്ഞെടുപ്പു പ്രചാരണം സംഘര്‍ഷത്തിൽ കലാശിച്ചു; CPM-കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്

ചെറുതുരുത്തി സെന്ററില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സി.പി.എം. പ്രവര്‍ത്തകരും നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ നേര്‍ക്കുനേര്‍ വന്നതിനെത്തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷം. വന്‍ പോലീസ് സംഘം ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.
ചെറുതുരുത്തി സെന്ററില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സി.പി.എം. പ്രവര്‍ത്തകരും നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ നേര്‍ക്കുനേര്‍ വന്നതിനെത്തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷം. വന്‍ പോലീസ് സംഘം ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

ചെറുതുരുത്തി: ചെറുതുരുത്തിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്താനൊരുങ്ങിയ തിരഞ്ഞെടുപ്പുപ്രചാരണം വള്ളത്തോള്‍നഗര്‍ പഞ്ചായത്തിലെ ഇടതുപക്ഷാംഗങ്ങള്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വള്ളത്തോള്‍നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം രണ്ടുപേര്‍ക്കുമുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ചെറുതുരുത്തി കൊച്ചിന്‍ പാലത്തിന് സമീപം വൈകീട്ടോടെയായിരുന്നു സംഭവം.

വള്ളത്തോള്‍നഗര്‍ പഞ്ചായത്ത് പുതുതായി നിര്‍മിക്കുന്ന പാര്‍ക്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിഷാദ് തലശ്ശേരി, ഷമീര്‍ തലശ്ശേരി എന്നിവര്‍ മണ്ഡലത്തിലെ വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചെറിയ ചെറിയ ബോര്‍ഡുകള്‍ സ്ഥാപിച്ച് തലകുത്തിനിന്ന് വേറിട്ടരീതിയില്‍ തിരഞ്ഞെടുപ്പുപ്രചാരണം നടത്തി പ്രതിഷേധിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. സംഭവമറിഞ്ഞ് ഇടതുപക്ഷ ഭരണസമിതിയംഗങ്ങളായ വള്ളത്തോള്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുല്‍ഖാദര്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ആര്‍. ഗിരീഷ്, എം.എ. മന്‍സൂര്‍ തുടങ്ങിയവര്‍ ഇത് ചോദ്യംചെയ്തു. 

പാര്‍ക്കില്‍ പഞ്ചായത്തിന്റെ അനുമതി വാങ്ങാതെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പറഞ്ഞ ഇവര്‍ ഇവിടെ വെച്ച ബോര്‍ഡുകളില്‍ പാര്‍ട്ടിയുടെ പേര് രേഖപ്പെടുത്താത്തതും ചോദ്യം ചെയ്തു. തര്‍ക്കം തുടര്‍ന്ന് സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു. നിഷാദിനും ഷമീറിനും പരിക്കുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ വിവരമറിഞ്ഞെത്തിയ വള്ളത്തോള്‍ നഗര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാലിനെ ചെറുതുരുത്തി സി.ഐ. പിടിച്ചുതള്ളിയതായും നടപടി വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

സംഘര്‍ഷത്തെത്തുടര്‍ന്ന് മുന്‍ എം.എല്‍.എ. അനില്‍ അക്കരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പരിക്കേറ്റുകിടന്ന രണ്ട് യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പോലീസ് ആംബുലന്‍സ് വരുത്തി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനുമുന്നില്‍ ഉപരോധസമരം സംഘടിപ്പിച്ചു. പരിക്കേറ്റ വള്ളത്തോള്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ ഷെയ്ക്ക് അബ്ദുല്‍ ഖാദര്‍, കെ.ആര്‍. ഗിരീഷ് എന്നിവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. 

എന്നാല്‍, സംഭവം നടന്ന ഹോട്ടലിനു മുന്നില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. യില്‍നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്താനായിട്ടില്ല. ഇത് മായ്ച്ചു കളഞ്ഞതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ചെറുതുരുത്തിയിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് എ.സി.പി. സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി ചര്‍ച്ച നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഷാദ് തലശ്ശേരിയുടെ മൊഴിപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എല്ലാവരുടെയും പരാതി ലഭിച്ചാല്‍ കൂടുതല്‍ മൊഴിയെടുത്ത് വിവിധ വകുപ്പുകള്‍ ചേര്‍ക്കാനാണ് തീരുമാനം. ചെറുതുരുത്തി സി.ഐ.യ്ക്കു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്നും എ.സി.പി. പറഞ്ഞു.

ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സി.പി.എം. പ്രവര്‍ത്തകരും നടത്തിയ പ്രതിഷേധപ്രകടനം ചെറുതുരുത്തിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ചെറിയതോതില്‍ ഉന്തും തള്ളും നടന്നെങ്കിലും പോലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. ആക്രമം അഴിച്ചുവിട്ട് വിജയിക്കാനുള്ള ശ്രമമാണ് സി.പി.എം. നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, പുറമേനിന്നുള്ള ആളുകളെ കൊണ്ടുവന്ന് ചെറുതുരുത്തിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് സി.പി.എം. ആരോപിച്ചു. 

Content Highlights: cpm youth congress fight in vallathol nagar