വഞ്ചിയൂരില്‍ വഴി തടഞ്ഞ് സിപിഎം ഏരിയാസമ്മേളനം; കോടതിയലക്ഷ്യം കാണിച്ച് ഹര്‍ജി

#സ്വന്തം ലേഖിക
വഞ്ചിയൂര്‍ ഏരിയ സമ്മേളനത്തിനായി കെട്ടിയ വേദി | Photo: Mathrubhumi
വഞ്ചിയൂര്‍ ഏരിയ സമ്മേളനത്തിനായി കെട്ടിയ വേദി | Photo: Mathrubhumi

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ വഴി തടഞ്ഞ് സി.പി.എം പാളയം ഏരിയ സമ്മേളനം നടത്തിയ സംഭവത്തില്‍ കോടതിയലക്ഷ്യം ചൂണ്ടിക്കാണിച്ച് ഹര്‍ജി. ഗതാഗതം തടസ്സപ്പെടുന്ന രീതിയില്‍ പാതയോരങ്ങളില്‍ സമ്മേളനങ്ങള്‍ നടത്താന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായാണ് സമ്മേളനം നടന്നതെന്ന് ചൂണ്ടിക്കാണിച്ച് മരട് സ്വദേശിയായ എന്‍. പ്രകാശാണ് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. 

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ഡി.ജി.പി എന്നിവരെ എതിര്‍ കക്ഷികളാക്കി കൊണ്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വഴി തടഞ്ഞ് കെട്ടിയ പന്തലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തത് എം.വി ഗോവിന്ദനായിരുന്നു. തുടര്‍ന്ന് കെ.പി.എ.സി.യുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകവും സമ്മേളനവേദിയില്‍ അരങ്ങേറിയിരുന്നു. 50-ഓളം പോലീസുകാരെയാണ് രാവിലെ മുതല്‍ വൈകീട്ടുവരെ ഗതാഗതം നിയന്ത്രിക്കാനായി നിയോഗിച്ചിരുന്നത്. 

വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് വേദിയൊരുക്കിയത്. ഗതാഗതം തടസ്സപ്പെടുന്ന സമ്മേളനങ്ങള്‍ പാതയോരങ്ങളില്‍ പോലും നടത്താന്‍ പാടില്ലെന്ന ഹൈക്കോടതിവിധി നിലനില്‍ക്കെയാണ് ഏരിയ സമ്മേളനത്തിനായി വഴി അടച്ചത്. തുടര്‍ന്നാണ് മരട് സ്വദേശി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.  

സംഭവത്തില്‍ വഞ്ചിയൂര്‍ ഏരിയാകമ്മിറ്റിക്കെതിരേ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ അനധികൃത സംഘം ചേരല്‍, ഗതാഗത തടസ്സം, പോലീസിനോട് അപമര്യാദയായി പെരുമാറല്‍ എന്നിവയ്ക്കാണ് കേസ്. സമ്മേളന പരിപാടികള്‍ നടത്താന്‍ മാത്രമാണ് സി.പി.എം അനുമതി വാങ്ങിയിരുന്നത്. നടുറോഡില്‍ സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. വഞ്ചിയൂര്‍ കോടതിയുടെ സമീപത്തുള്ള റോഡിലാണ് സമ്മേളനവേദിയൊരുക്കിയത്. സമ്മേളനദിനത്തില്‍ ആംബുലന്‍സുകളും സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെയുള്ളവ ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു. 

ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.
 

Content Highlights: cpm vanchiyoor area conference case against contempt of court