പാർട്ടി വാർത്ത ചോരുമെന്ന് ആശങ്ക: ഫോൺ വിവരങ്ങളെടുക്കാൻ അംഗങ്ങളുടെ സമ്മതപത്രം ഒപ്പിട്ടുവാങ്ങുന്നു

തിരുവനന്തപുരം: വിശാല സംസ്ഥാനസമിതിയുടെ പശ്ചാത്തലത്തിൽ വാർത്ത ചോരുന്നത് തടയാൻ വിചിത്ര നടപടികളുമായി സി.പി.എം. ജില്ലാനേതൃത്വം. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ഫോൺ വിവരങ്ങളെടുക്കാൻ അവരെക്കൊണ്ടുതന്നെ സമ്മത പത്രം മുൻകൂട്ടി ഒപ്പിട്ടുവാങ്ങുന്നുവെന്നാണ് ആക്ഷേപം. ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ മാധ്യമങ്ങളിൽ വാർത്തയാവുന്ന സാഹചര്യത്തിൽകൂടിയാണ് ഈ നടപടി. എന്നാൽ, പാർട്ടി നേതൃത്വം ഇക്കാര്യം നിഷേധിച്ചു.
ഫോൺ ഉടമതന്നെ കമ്പനിയോട് സ്വയം ആവശ്യപ്പെട്ടാലേ കോൾ വിവരങ്ങൾ ലഭിക്കൂ. അതുകൊണ്ടാണ് ഇത്തരത്തിൽ സമ്മതം തേടിയതെന്നാണ് വിവരം. ആഴ്ചകൾക്കുമുൻപ് നടന്ന ജില്ലാസെക്രട്ടേറിയറ്റ് യോഗത്തിൽ സമ്മതപത്രത്തിന്റെ മാതൃകകൾ ജില്ലാസെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് നൽകുകയായിരുന്നുവെന്നാണ് വിവരം. ജില്ലാനേതൃത്വം ആവശ്യപ്പെട്ടപ്പോൾ അംഗങ്ങൾ ഒരെതിർപ്പുമില്ലാതെ ഒപ്പിട്ടുനൽകി എന്ന വാർത്ത പുറത്തുവരുകയും ചെയ്തു. എന്നാൽ, ഒരുവിഭാഗം ഇക്കാര്യത്തിൽ അതൃപ്തി കാട്ടി പിന്നീട് രംഗത്തെത്തി.
അതേസമയം, അത്തരത്തിൽ ഒരുകാര്യം നടന്നതായി അറിയില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.