ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ വ്യക്തമാക്കിയിട്ടില്ല. പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന ആരോപണം ഉയർന്ന ഘട്ടത്തിലൊക്കെ നടപടിക്ക് മടിച്ച സി.പി.എം. ഒടുവിൽ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നടപടിക്ക് തയ്യാറാവുകയായിരുന്നു.
മുതിർന്ന നേതാവ് തോമസ് ഐസക് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് നടപടിയെടുത്തത്. അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ എന്ന് തോമസ് ഐസക് വ്യക്തമാക്കി. എസ്‌ഐടി കുറ്റപത്രം വന്നതിന് ശേഷം തുടർ നടപടികളെടുക്കും. കണ്ടെത്തൽ ഗുരുതരമെങ്കിൽ ഇപ്പോഴത്തെ സസ്‌പെൻഷൻ നടപടി പുറത്താക്കലാകുമെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കനടപടിക്ക് പാർട്ടിക്ക് അതിന്റേതായ ചട്ടക്കൂടുണ്ട്. നടപടി എടുത്താൽ പദ്മകുമാറിൽ നിന്ന് കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന ഭയമില്ല. പറയാനുള്ളതെല്ലാം പറയട്ടെ. ആത്മകഥ എഴുതാൻ എല്ലാവർക്കും സ്വാതന്ത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളക്കേസ് നിയമസഭാതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ തോൽവിക്ക് കാരണമായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി. അത് കണക്കിലെടുത്ത് ജില്ലാക്കമ്മിറ്റിയോട് നടപടിയെടുക്കാൻ നിർദേശിച്ചതാണ് ഇന്നിപ്പോൾ സസ്പെൻഷനിലേക്ക് നയിച്ചത്. ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് നടപടിക്ക് അംഗീകാരം നൽകി. പുറത്താക്കൽ പോലെ കടുത്ത നടപടി ആലോചിച്ചിരുന്നെങ്കിലും സസ്പെൻഷനിൽ ഒതുക്കുകയായിരുന്നെന്നാണ് വിവരം.
നടപടി വരുന്ന പക്ഷം പലതും തുറന്നുപറയേണ്ടി വരുമെന്ന് പദ്മകുമാർ അടുത്ത സുഹൃത്തുക്കളോട് കഴിഞ്ഞ ദിവസങ്ങളിൽ സൂചനനൽകുകയും ചെയ്തിരുന്നു. ഇന്നിപ്പോൾ സസ്പെൻഷനിൽ നടപടി ഒതുങ്ങുന്നതോടെ വെളിപ്പെടുത്തലുകൾക്ക് അദ്ദേഹം തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Content Highlights: CPM district committee member A. Padmakumar suspended, Action taken following gold robbery case allegations, Decision made based on state committee directives, Investigation linked to election defeat report