തൃശൂര്‍ പൂരം അലങ്കോലമാക്കിയ പോലീസ്‌ നടപടി സുരേഷ് ഗോപിക്ക് വേണ്ടി; CPM സംസ്ഥാനസമിതിയിൽ രൂക്ഷവിമർശനം

#ആർ. അനന്തകൃഷ്ണൻ / മാതൃഭൂമി ന്യൂസ്
പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി
പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ സി.പി.എം. സംസ്ഥാനസമിതിയില്‍ അതിരൂക്ഷവിമര്‍ശനം. സര്‍ക്കാരിനെ വികൃതമാക്കുന്ന നടപടികള്‍ ആഭ്യന്തര വകുപ്പില്‍നിന്നുണ്ടായെന്നും പോലീസിനെ മറ്റ് അധികാരകേന്ദ്രങ്ങളാണ് നിയന്ത്രിക്കുന്നതെന്നും സംസ്ഥാനസമിതിയില്‍ അഭിപ്രായമുയര്‍ന്നു. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരായ കടുത്ത വിമര്‍ശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരേയും സംസ്ഥാനസമിതിയില്‍ വിമര്‍ശനമുയര്‍ന്നത്. 

ക്ഷേമപെന്‍ഷന്‍ മുടങ്ങിയത് ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെങ്കില്‍ പ്രധാനപ്പെട്ട മറ്റൊരു കാരണം പോലീസിന്റെ നടപടികളാണെന്ന വിമര്‍ശനം സംസ്ഥാനസമിതിയില്‍ ഉയര്‍ന്നു. സര്‍ക്കാരിനെ വികൃതമാക്കുന്ന നടപടികള്‍ ചില പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായി. ഐ.ജി. റാങ്കിന് മുകളിലുള്ള ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളും പരസ്പരമുള്ള ചേരിപ്പോരും പോലീസിന്റെ ആത്മവീര്യം കെടുത്തി. 

മുഖ്യമന്ത്രിയ്ക്ക് പുറമെ മറ്റുചില അധികാരകേന്ദ്രങ്ങള്‍ പോലീസിനെ നിയന്ത്രിക്കുന്നുവെന്ന സ്ഥിതി സംസ്ഥാനത്തുണ്ടെന്ന വിമര്‍ശനം ഇടുക്കി ജില്ലയില്‍ നിന്നുണ്ടായി. ക്രമസമാധാനം പാലിക്കുന്നതില്‍-പ്രത്യേകിച്ച് ഗുണ്ടാ ആക്രമണങ്ങള്‍ നേരിടുന്നതില്‍- പോലീസിന് വലിയ വീഴ്ചയുണ്ടായി. നിരന്തരമായ കൊലപാതകങ്ങള്‍ സംസ്ഥാനത്ത് ഭീതിയുണ്ടാക്കി. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ പോലീസിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടുവെന്നും വിമര്‍ശനമുയര്‍ന്നു. 

രാഷ്ട്രീയമായ വിമര്‍ശനമാണ് തൃശൂര്‍ ജില്ലയില്‍ നിന്ന് ആഭ്യന്തരവകുപ്പിനെതിരെ ഉണ്ടായത്. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തുന്ന തരത്തില്‍ പോലീസ് ഇടപെടലുണ്ടായത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ സഹായിക്കാനായാണെന്നാണ് ഉയര്‍ന്ന വിമര്‍ശനം. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കുമെതിരെ കേസെടുത്ത നടപടിയും സംസ്ഥാനസമിതിയില്‍ വിമര്‍ശിക്കപ്പെട്ടു. 

പ്രാദേശികതലത്തിലെ പോലീസുകാരുടെ ഇടപെടലുകളും വിമര്‍ശനവിധേയമായി. പല പോലീസുകാരും പ്രാദേശികതലത്തില്‍ ഗുണ്ടകളുമായും ക്രിമിനലുകളുമായും ബന്ധം സൂക്ഷിക്കുന്നു. ഒപ്പം കൊള്ളപ്പലിശ ഇടപാടുമായി ചില പോലീസുകാര്‍ക്ക് ബന്ധമുണ്ട്. അത്തരം പോലീസുകാരെ കണ്ടെത്തി നടപടിയെടുക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും സി.പി.എം. സംസ്ഥാനസമിതിയില്‍ വിമര്‍ശനമുയര്‍ന്നു. 

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് അനുകൂലമായ ചില വിശദീകരണങ്ങള്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും അതിനെ കവച്ചുവെയ്ക്കുന്ന വിമര്‍ശനമാണ് സംസ്ഥാന പോലീസിനെതിരെ സി.പി.എം. സംസ്ഥാനസമിതിയില്‍ ഉണ്ടായത്. 

Content Highlights: CPM State committee criticizes home department and police under Chief Minister Pinarayi Vijayan