ലീഗിനെ ആഞ്ഞടിച്ച് CPM, വർഗീയ നിലപാടുകൾ തുറന്നുകാട്ടാൻ തീരുമാനം, സംസ്ഥാന സമിതിയിൽ കടുത്ത വിമർശനം

#എ.കെ. ശ്രീജിത്ത്, പി.കെ. മണികണ്ഠൻ
കോഴിക്കോട് സി.പി.എം. വിശാല സംസ്ഥാന സമിതിക്കെത്തിയ ശ്രീജ ഷൈജുദേവ്, സി.എസ്. സുജാത, ഉഷ പ്രഭുകുമാർ, എ. പുഷ്പലത, ടി.വി. അനിത, കെ.കെ. ശൈലജ, കെ.എസ്. അരുൺ, കെ.എസ്. സലീഖ, ടി.എൻ. സീമ എന്നിവർക്കൊപ്പം ശ്രീമതി ടീച്ചർ സെൽഫി എടുക്കുന്നു
കോഴിക്കോട് സി.പി.എം. വിശാല സംസ്ഥാന സമിതിക്കെത്തിയ ശ്രീജ ഷൈജുദേവ്, സി.എസ്. സുജാത, ഉഷ പ്രഭുകുമാർ, എ. പുഷ്പലത, ടി.വി. അനിത, കെ.കെ. ശൈലജ, കെ.എസ്. അരുൺ, കെ.എസ്. സലീഖ, ടി.എൻ. സീമ എന്നിവർക്കൊപ്പം ശ്രീമതി ടീച്ചർ സെൽഫി എടുക്കുന്നു

കോഴിക്കോട്: മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കാൻ സി.പി.എം. ബി.ജെ.പി.ക്കെതിരേയുള്ള നിലപാട് ശക്തിപ്പെടുത്തുന്നതിനൊപ്പം, പാർട്ടിയുടെ തിരിച്ചുവരവിന് ലീഗിന്റെ വർഗീയനിലപാട് തുറന്നുകാണിക്കുകകൂടി ചെയ്യേണ്ടതുണ്ടെന്നാണ് വിശാല സംസ്ഥാനസമിതിയിലെ വിലയിരുത്തൽ.

സി.പി.എം. കണ്ടെത്തലുകൾ

• മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വർഗീയപ്രചാരണത്തിന് ലീഗ് ശക്തമായി ഇടപെട്ടിട്ടുണ്ട്. വീടുവീടാന്തരം കയറി ഇത്തരം പ്രചാരണങ്ങൾ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ ലീഗ് സ്വാംശീകരിച്ചു. തിരഞ്ഞെടുപ്പിൽ ലീഗ് വർഗീയരാഷ്ട്രീയത്തിന്റെ വക്താക്കളായി. മുസ്ലിം മതവിഭാഗത്തിൽപ്പെട്ടവർ ഇടതുപക്ഷ സ്ഥാനാർഥികളായി മത്സരിക്കുന്നുണ്ടെങ്കിൽ അവർ മതത്തെ അനുസരിക്കുന്നവരല്ല എന്ന പ്രചാരണംവരെ അഴിച്ചുവിട്ടു.

• ലീഗ് എല്ലാവിഭാഗങ്ങളോടും മൃദുവായ സമീപനം സ്വീകരിച്ചു. എന്നാൽ, അവരുടെ അകത്തും അവരുമായി ബന്ധപ്പെട്ട വിഭാഗങ്ങളിലും തീവ്രവർഗീയ പ്രചാരണം നടത്തി. കേരളത്തിൽ വർഗീയ ചേരിതിരിവുകൾ സൃഷ്ടിക്കുന്നതിന് ഇത് ഇടയാക്കി.

• 2021-ൽ തുടർഭരണം ലഭിച്ചതിന് എല്ലാ സാമൂഹികവിഭാഗങ്ങളുടെയും പിന്തുണയുണ്ടായിരുന്നു. ഇതിൽനിന്ന് മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് അകറ്റുന്നതിനുള്ള പദ്ധതികൾ ലീഗിന്റെ ഇടപെടലിലൂടെ യു.ഡി.എഫ്. നടപ്പാക്കി.

• ഭൂരിപക്ഷവർഗീയതയോട് എൽ.ഡി.എഫും സി.പി.എമ്മും മൃദുസമീപനം സ്വീകരിക്കുന്നെന്ന പ്രതീതി ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടാക്കാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. ഇത് പ്രതിരോധിക്കാനായിട്ടില്ല.

ലീഗ് സംഘപരിവാർ നയങ്ങളെയും പിന്തുണയ്ക്കുന്നു -എം.വി. ഗോവിന്ദൻ

''സമ്പന്നരെ പ്രതിനിധാനംചെയ്യുന്ന വിഭാഗമാണ് ലീഗ്. അധികാരം ലഭിക്കുന്നതിന് വർഗീയശക്തികളുമായി ചേരുന്നതിന് ഒരുമടിയുമില്ല. സംഘപരിവാറിനോട് അടുപ്പംകാണിക്കുന്ന നയങ്ങളെപ്പോലും ലീഗ് പിന്തുണയ്ക്കും. പി.എം.ശ്രീയിലടക്കം അത് കാണുന്നുണ്ട്.''

വിശാല സംസ്ഥാനസമിതി യോഗം തുടങ്ങി

ചർച്ചകൾക്ക് നിയന്ത്രണമേർപ്പെടുത്തിയും തിരുത്താനുള്ള രീതിയിൽ നേതൃതലത്തിൽത്തന്നെയുള്ള ഭിന്നാഭിപ്രായങ്ങൾ മറനീക്കിയും സി.പി.എമ്മിന്റെ വിശാലസംസ്ഥാനസമിതിയോഗം തുടങ്ങി. പരാമർശങ്ങൾ പുറത്തുപോവാതിരിക്കാൻ കനത്തജാഗ്രത പുലർത്തിയാണ് ചർച്ചകൾ നടക്കുന്നത്.

സംസ്ഥാന കമ്മിറ്റി നേരത്തേ അംഗീകരിച്ച റിപ്പോർട്ടാണ് ചർച്ചയ്ക്കെടുക്കുന്നത് എന്ന സാങ്കേതികത്വത്തിന്റെ പേരിൽ സംസ്ഥാനസമിതിയംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കുന്നില്ല. ജില്ലാസെക്രട്ടേറിയറ്റംഗങ്ങളും വർഗബഹുജന സംഘടനകളുടെ ഭാരവാഹികളുമാണ് പങ്കെടുക്കുന്നത്. മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തിയതോടൊണ് മൂന്നുദിവസം ജില്ലാകമ്മിറ്റി ഓഫീസിനോടു ചേർന്നുള്ള എ.കെ.ജി. ഓഡിറ്റോറിയത്തിൽ വിശാലസംസ്ഥാനസമിതിയോഗം തുടങ്ങിയത്.

ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ട് സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ചു. റിപ്പോർട്ടിൻമേൽ ജില്ലാടിസ്ഥാനത്തിലുള്ള പൊതുചർച്ചയാണ് ആദ്യദിവസം നടന്നത്. തിങ്കളാഴ്ച വൈകീട്ടോടെ ചർച്ചകൾ പൂർത്തിയാവും. അതിനുശേഷം മറുപടിയുണ്ടാവും.

എളമരം കരീം, കെ.കെ. ശൈലജ, പി.കെ. ബിജു, സേവ്യർ ചിറ്റിലപ്പിള്ളി, വി. ശിവപ്രസാദ് എന്നിവരടങ്ങിയ പ്രസിഡീയമാണ് നടപടികൾ നിയന്ത്രിക്കുന്നത്. എളമരം കരീം രക്തസാക്ഷിപ്രമേയവും കെ.കെ. ശൈലജ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജില്ലാസെക്രട്ടറി എം. മെഹബൂബ് സ്വാഗതം പറഞ്ഞു.

സംസ്ഥാനസമിതി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ, വർഗബഹുജന സംഘടനാപ്രതിനിധികൾ എന്നിവരടങ്ങിയ 307 പേരാണ് പ്രതിനിധികളായി പങ്കെടുക്കുന്നത്.

സഖാവേ, ഇത് ശരിയല്ല കേട്ടോ

പാർട്ടിസഖാക്കൾക്ക് കമ്യൂണിസ്റ്റ്മൂല്യങ്ങൾ പാലിച്ച് ജീവിക്കാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അങ്ങനെ പറ്റുന്നുണ്ടോ എന്ന് മറ്റുസഖാക്കൾ ചൂണ്ടിക്കാണിക്കണമെന്നും സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി.

‘സഖാവേ ഇത് ശരിയല്ല കേട്ടോ, സഖാവിൽനിന്ന് ഇത് പ്രതീക്ഷിച്ചില്ല’ എന്ന് ഘടകങ്ങളിൽ തുറന്നുപറയണം. സ്വതന്ത്രമായി, സത്യസന്ധമായി, നിർഭയമായി വിമർശനവും സ്വയം വിമർശനവും നടത്തണം. ഘടകങ്ങളിൽ നടക്കുന്ന വിമർശനം പുറത്തുപറഞ്ഞു നടക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിക്ക് നിരക്കുന്നതല്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റുപാർട്ടികളോട് താരമത്യംചെയ്യുമ്പോൾ കമ്യൂണിസ്റ്റുകാർ ഭേദമാണെന്ന് പറഞ്ഞാൽപ്പോരാ. വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും വ്യത്യസ്തരായിരിക്കണം.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരേയുള്ള ആസൂത്രിതമായ വ്യാജപ്രതീതി നിർമാണം തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തുന്നതിൽ ശ്രദ്ധക്കുറവുകളുണ്ടായിട്ടുണ്ട്. ആർ.എസ്.എസ്.- സി.പി.എം. ബന്ധമുണ്ടെന്ന പ്രചാരണംപോലും ചിലർ വിശ്വസിച്ചു. ശ്രദ്ധക്കുറവോ വീഴ്ചകളോ പിന്നോട്ടടിക്ക് കാരണമായിട്ടുണ്ടെങ്കിൽ തിരിച്ചറിഞ്ഞ് തിരുത്തണം.

തിരുത്തൽ നടപടിക്ക് വിധേയരാകാൻ പാർട്ടിയിലെ എല്ലാവരും എക്കാലത്തും തയ്യാറായിട്ടുണ്ട്. ജനങ്ങൾ പറയുന്നതിൽ എന്തെങ്കിലും സ്വീകരിക്കാനുണ്ടെങ്കിൽ അത് ഉൾക്കൊള്ളണം. ഒരുപാട് ശരികൾ ചെയ്യുന്നതിനിടയ്ക്കാണ് ചെറിയ ചില തെറ്റുകൾ സംഭവിച്ചുപോകുന്നത്. അത് തുറന്നുപറഞ്ഞ് തിരുത്തും -ബേബി പറഞ്ഞു.

നേതൃമാറ്റമല്ല, തെറ്റുതിരുത്തൽമാത്രം -എം.വി. ഗോവിന്ദൻ

വിപുലീകൃത സംസ്ഥാനകമ്മിറ്റിയെത്തുടർന്ന് പാർട്ടിയിൽ നേതൃമാറ്റമുണ്ടാകില്ലെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. തെറ്റുതിരുത്തൽമാത്രമേയുള്ളൂവെന്നും നേതൃതലത്തിലും അത്തരം തിരുത്തലുണ്ടാവുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി. തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥിനിർണയം പാളിയതിൽ ആവശ്യമായ തിരുത്തലുണ്ടാവുമെന്നുപറഞ്ഞ ഗോവിന്ദൻ, അച്ചടക്കനടപടിയെക്കുറിച്ച് മിണ്ടിയില്ല.

തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗമായി കണ്ടെത്തിയതും തിരുത്തൽ ആവശ്യമായതുമായ കാര്യങ്ങളിൽ പ്രായോഗികപ്രവർത്തനങ്ങളാണ് ആസൂത്രണംചെയ്യാൻപോവുന്നത്. കമ്മിറ്റി പുനഃസംഘടനയൊന്നും വിപുലീകൃത സംസ്ഥാനകമ്മിറ്റിയുടെ ഭാഗമായി ഉണ്ടാവില്ല. നേതൃമാറ്റത്തെക്കുറിച്ച്‌ ചോദിച്ചപ്പോൾ വ്യക്തിപരമായ വിമർശനം ആ രീതിയിലല്ല കാണുന്നതെന്നും തിരുത്തേണ്ടവ തിരുത്തുമെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി.

തെറ്റുതിരുത്തലിന് ഒരുപാട് രേഖകൾ മുൻപ് ചർച്ചചെയ്തിട്ടുണ്ട്. അതെല്ലാം കഴിഞ്ഞിട്ടും പ്രശ്നം അവശേഷിക്കുന്നു. സംഘടനാപരമായും നയപരമായും രാഷ്ട്രീയവുമായ തിരുത്തലുണ്ടാവും. ഭരണപരമായ കാര്യങ്ങളിലും വ്യക്തത വേണം. നേതാക്കളുടെ പെരുമാറ്റം, സ്വത്തുസമ്പാദനരീതി തുടങ്ങിയ വിമർശനങ്ങൾ ഉൾക്കൊണ്ട് ആവശ്യമായ തിരുത്തൽവരുത്തും. ഇത് ഫലപ്രദമായോയെന്ന് മൂന്നുമാസം കൂടുമ്പോൾ പരിശോധിക്കും -ഗോവിന്ദൻ വ്യക്തമാക്കി. കമ്മിറ്റി അംഗീകരിക്കുന്ന തെറ്റുതിരുത്തൽരേഖ സമൂഹത്തെ ബോധ്യപ്പെടുത്തുന്നവിധം പരസ്യപ്പെടുത്തുന്നത് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ നേതൃത്വംനൽകുന്ന ബി.ജെ.പി. നിയമസഭാതിരഞ്ഞെടുപ്പിൽ മൂന്നുസീറ്റ്‌ നേടിയത് ഗൗരവത്തോടെ കാണുന്നു. ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും വർഗീയ ധ്രുവീകരണശക്തികൾക്കെതിരേ ഗൗരവമുള്ള സംഘടന-രാഷ്ട്രീയ പ്രവർത്തനം സി.പി.എം. ഏറ്റെടുക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

സി.പി.എം.-ബി.ജെ.പി. ഡീൽ

‘സി.പി.എം.-ബി.ജെ.പി. ഡീൽ’ ആരോപണം ഫലപ്രദമായി ചെറുക്കാൻ കഴിയാത്തത് നിയമസഭാ തിരഞ്ഞെടുപ്പിലെ പതനത്തിലേക്കുനയിച്ചെന്ന് വിപുലീകൃത സംസ്ഥാനകമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ കുറ്റസമ്മതം. തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ദരിദ്രകർഷകർ തുടങ്ങിയ അടിസ്ഥാനവർഗംപോലും വോട്ട് ചെയ്തില്ല. അടിത്തറ വീണ്ടെടുക്കാൻ പ്രത്യേക കർമപരിപാടി ആസൂത്രണം ചെയ്യാൻ ആഹ്വാനം ചെയ്യുന്നതാണ് സി.പി.എം. രേഖ.

എസ്.ഐ.ആർ. ഉൾപ്പെടെയുള്ളവ ഉപയോഗപ്പെടുത്തി വ്യാജപ്രചാരണം നടന്നു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിൽ ഒരു വിഭാഗവും ഈ സ്വാധീനത്തിൽപ്പെട്ട് എൽ.ഡി.എഫിനെതിരേ തിരിഞ്ഞു. ആഗോള അയ്യപ്പസംഗമത്തിൽ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ച് സി.പി.എം. ഹിന്ദുത്വവർഗീയതയോട് മൃദുസമീപനം പുലർത്തുന്നുവെന്ന പ്രതീതിയുണ്ടാക്കി. എങ്ങനെയാണ് യു.പി. മുഖ്യമന്ത്രിയുടെ സന്ദേശം വായിക്കാൻ പാർട്ടി മന്ത്രി സമ്മതിച്ചെന്നാണ് സെക്രട്ടേറിയേറ്റംഗത്തെ ഉന്നമിട്ട് റിപ്പോർട്ടിലെ ചോദ്യം.

വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയപ്പോഴും നേതൃത്വം ശക്തമായി പ്രതികരിച്ചില്ല. സി.പി.ഐ.യെപ്പോലും വിശ്വാസത്തിലെടുക്കാതെ, പി.എം.ശ്രീയിൽ ഒപ്പിട്ടത് ബി.ജെ.പി.-സി.പി.എം. അന്തർധാരയെന്ന പ്രചാരണത്തിന് ബലമേകി.

ആർ.എസ്.എസിനെയും ബി.ജെ.പി.യെയും ഫലപ്രദമായി നേരിടാനുള്ള, കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലെ നിർദേശങ്ങളൊന്നും നടപ്പായില്ല.

പകുതിയിലേറെ പാർട്ടിയംഗങ്ങൾക്ക് പരിചയക്കുറവ്

2016 മുതലുള്ള പത്തുവർഷത്തിനിടയിൽ വന്നവരാണ് 55 ശതമാനം പാർട്ടി അംഗങ്ങളെന്നാണ് വിലയിരുത്തൽ. ഇവർക്കൊന്നും പ്രതിപക്ഷത്തിരുന്ന പരിചയസമ്പത്തില്ല. പാർട്ടി വിദ്യാഭ്യാസം ഊർജിതമാക്കി അംഗങ്ങളുടെ നിലവാരം ഉയർത്താനുള്ള നടപടികളെടുക്കണം.

ദേശീയതലത്തിൽ 10,473 മുഴുവൻ സമയപ്രവർത്തകരുണ്ട്. ഇതിൽ 6,129 പേരും കേരളത്തിലാണ്. അഭിഭാഷകരോ മറ്റു പ്രൊഫഷണൽ ജോലിയോ ഉള്ളവരാണ് ഇവരിൽ പലരും. മുഴുവൻ സമയം പാർട്ടി പ്രവർത്തനത്തിൽ വ്യാപൃതരായതിനാൽ അവർക്ക് ജോലിയിൽ ശ്രദ്ധിക്കാനാവുന്നില്ല. ഇതു മാറ്റിയെടുക്കാൻ മുഴുവൻ സമയ പ്രവർത്തകരുടെ എണ്ണം കുറയ്ക്കും.

പ്രാദേശികതലം മുതൽ വിശ്വാസ്യതയുള്ള മുഖങ്ങളെ ഉയർത്തിക്കാട്ടാനാവണം. ഐ.ടി. ഉൾപ്പെടെയുള്ള പുതിയ തൊഴിൽ മേഖലയിൽ സംഘടനകൾ രൂപവത്കരിക്കാനുള്ള പുതിയ വിഭാഗങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാനുമുള്ള ശ്രമമുണ്ടാവണം. സമൂഹികമാധ്യമങ്ങളിൽ ഉൾപ്പെടെ കാര്യക്ഷമമായ ഇടപെടലിന് പരിശീലനം നൽകും.

പൊതുയോഗങ്ങളിലും മറ്റും പ്രസംഗിക്കുന്നതിൽ ചില നേതാക്കൾ ജാഗ്രത പുലർത്തുന്നില്ല. മാധ്യമങ്ങളുമായി സംവദിക്കുന്നതിലുമുണ്ട് വീഴ്ച. സംസാരവും പ്രസംഗവുമൊക്കെ ആകർഷകവും രാഷ്ട്രീയമൂർച്ഛയുള്ളതുമാക്കാനുള്ള ശ്രദ്ധാപൂർവമായ പരിപാടികൾ നടപ്പാക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

പിണറായിയെ തിരുത്തി എം.എ. ബേബി

പത്തു വർഷത്തെ പിണറായി ഭരണമാണ് കേരളത്തിൽ വികസന ബദൽ സൃഷ്ടിച്ചതെന്ന സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം തള്ളി ജനറൽ സെക്രട്ടറി എം.എ. ബേബി. 30 വർഷവും കേരളം ഭരിച്ചത് ഇടതുപക്ഷമായിരുന്നു. ലോകത്തിനു മുന്നിൽ കേരമാതൃകയുണ്ടാക്കിയത് ഈ ഇടതുസർക്കാരുകളാണെന്നും ബേബി പറഞ്ഞു.

മുൻപ് ഇടതുസർക്കാരുകൾ ഉണ്ടായിരുന്നപ്പോൾ പാർട്ടി-ഭരണ ഏകോപനം ഉണ്ടായിരുന്നുവെന്നും പത്തു വർഷത്തെ പിണറായി ഭരണത്തിൽ അതിന്റെ അഭാവമുണ്ടായെന്നുമാണ് മറ്റൊരു വിമർശനം.

'വിമർശനം നാലുതരം, അറിഞ്ഞ് പ്രതികരിക്കണം'

നാലുതരം വിമർശനങ്ങളാണ് കമ്യൂണിസ്റ്റ് പാർട്ടിക്കുനേരേ വരാറുള്ളതെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി.

1. മനുഷ്യസ്നേഹികളുടെ വിമർശനം. കമ്യൂണിസ്റ്റ് പാർട്ടി സുശക്തമായി നിലകൊള്ളണമെന്നും പാർട്ടി നശിച്ചാൽ അടിസ്ഥാനവിഭാഗങ്ങൾക്ക് പിന്നെ ആശ്രയം ആരെന്ന ഉത്തമ ചിന്തയിൽ നിന്നുണ്ടാകുന്ന വിമർശനം. ‌ഇതിനെ ആവേശത്തോടെയും ആദരത്തോടെയും സ്വീകരിക്കണം

2. വ്യാജ പ്രതീതി നിർമിതികളിലും പ്രചാരണങ്ങളിലും തെറ്റിദ്ധരിച്ച് വിമർശനവുമായി ഇറങ്ങിപ്പുറപ്പെട്ടവർ. ഇവരെ ശാന്തമായി കേൾക്കുകയും യുക്തിപരമായി വിശദീകരിച്ചു നൽകുകയും ചെയ്യണം

3. പ്രസ്ഥാനത്തെ നശിപ്പിക്കാനും കരിവാരിത്തേക്കാനും നേതാക്കളെ തേജോവധം ചെയ്യുന്നവരാണ് മൂന്നാം വിഭാഗം. അവർ പറഞ്ഞോട്ടെ, ജനങ്ങൾക്ക് നമ്മളെ അറിയാമെന്നു പറഞ്ഞ് മാറിനിൽക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. പക്ഷേ, ചില കാര്യങ്ങൾ വിശദീകരിച്ചുതന്നെ പോകണം. 4. പാർട്ടിക്കുള്ളിലെ വിമർശനം. ഇത് പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി ഏറ്റടുക്കണം. വിമർശനവും സ്വയംവിമർശനവുമാണ് പാർട്ടി രീതി. വീഴ്ച ചൂണ്ടിക്കാട്ടണം. ഓരോ ഘടകങ്ങൾക്കുള്ളിലും സ്വതന്ത്രവും സത്യസന്ധവുമായി വിമർശിക്കണം. ഇത് പുറത്തുപറയുന്നത് ശരിയായ രീതിയല്ല. ഘടകത്തിൽ പറയുന്നത് ചോർത്തിയെടുക്കുക മാധ്യമപ്രവർത്തകരുടെ ജോലിയാണെന്ന് സമ്മതിച്ചാലും അതിനോട് സഹകരിക്കാതിരിക്കുകയാണ് കമ്യൂണിസ്റ്റുകാരുടെ കടമ

Content Highlights: CPM expanded state committee focuses strictly on self-correction and rectification rather than leadership changes., Severe criticism launched against Muslim League for allegedly promoting communal politics among minorities.