182 കോടിയിൽ ബാക്കി 180 കോടിയുടെ ഇടപാട് ED അന്വേഷിച്ചോ? FIRൽ പേരുവന്നാൽ കുറ്റംതെളിയില്ല-CPM മുഖപത്രം

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സിപിഎമ്മിനെയും അതിന്റെ നേതാക്കളെയും രാഷ്ട്രീയവേട്ട നടത്തുന്നുവെന്ന് പാർട്ടിമുഖപത്രം. സിഎംആർഎൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ കമ്പനിക്ക് നൽകിയതിൽ മാത്രം അന്വേഷണം നടത്തുകയും മറ്റുള്ളവർക്കെതിരെ അന്വേഷണം നടത്താതിരിക്കുകയും ചെയ്യുന്നതിനെയും സിപിഎം മുഖപത്രം ചോദ്യം ചെയ്യുന്നു.
'ഇപ്പോൾ കോലാഹലം സൃഷ്ടിക്കുന്ന കേസിൽ 182 കോടി രൂപയുടെ ക്രമക്കേടാണ് കേന്ദ്ര ഏജൻസികൾ നേരത്തേ ആരോപിച്ചത്. നിലവിൽ ഒരാൾക്കെതിരെ പറയുന്ന രണ്ടുകോടി കഴിച്ച്, ബാക്കി 180 കോടി രൂപയുടെ ഇടപാടിനെക്കുറിച്ച് ഇഡി അന്വേഷിച്ചോ? ബാങ്ക് വഴി വാങ്ങുകയും ആദായനികുതി അടയ്ക്കുകയും ചെയ്തത് സാമ്പത്തികത്തട്ടിപ്പാണെന്ന് ആരോപിക്കുന്നു. അതേസമയം, യുഡിഎഫ് നേതാക്കളും ഇപ്പോൾ ഇഡി പ്രചാരണം ഏറ്റെടുത്ത മാധ്യമങ്ങളും പലവിധത്തിൽ കോടികൾ വാങ്ങിയിട്ടുള്ളതായി പറയുന്നു. ഇതേക്കുറിച്ച് അന്വേഷണവുമില്ല' ദേശാഭിമാനിയുടെ മുഖപ്രംസഗത്തിൽ കുറിച്ചു.
സിപിഎമ്മിനെ രാഷ്ട്രീയമായി ദുർബലപ്പെടുത്താൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കാമെന്ന ലക്ഷ്യമിടുന്നുണ്ടെങ്കിൽ അത് ചരിത്രത്തെ അറിയാത്തവരുടെ കണക്കുകൂട്ടലാണ്. ജയിലറകൾ കണ്ടും നിരോധനങ്ങൾ നേരിട്ടും പോലീസ് മർദനം സഹിച്ചും രക്തസാക്ഷിത്വങ്ങൾ ഏറ്റുവാങ്ങിയും വളർന്ന പ്രസ്ഥാനമാണിതെന്നും പത്രം ഓർമിപ്പിക്കുന്നു.
അന്വേഷണ ഏജൻസികൾ ആരോപണം ഉന്നയിക്കുന്നതുകൊണ്ടുമാത്രം ഒരാൾ കുറ്റവാളിയാകുന്നില്ല. എഫ്ഐആറിൽ പേര് വരുന്നതുകൊണ്ടും റെയ്ഡ് നടക്കുന്നതുകൊണ്ടും മാധ്യമങ്ങളിൽ വാർത്ത വരുന്നതുകൊണ്ടും കുറ്റം തെളിയുന്നില്ല. കുറ്റം തെളിയേണ്ടത് കോടതിയിലാണെന്നും ദേശാഭിമാനി പറയുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണയ്ക്ക് യാതൊരു സേവനവും നൽകാതെ തന്നെ സിഎംആർഎൽ പണം നൽകിയെന്നാണ് കഴിഞ്ഞ ദിവസം ഇഡി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. വീണയുടെ ഉടമസ്ഥതയിലുള്ള വൺ-പേഴ്‌സൺ കമ്പനിയായ 'എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്' ഐടി കൺസൾട്ടൻസി 2.78 കോടി രൂപ CMRL-ൽ നിന്ന് കൈപ്പറ്റി.
വീണ ദുബായിലേക്ക് 3.49 ലക്ഷം ദിർഹം (ഏകദേശം 85 ലക്ഷം രൂപ) മാറ്റിയെന്ന കുറിപ്പ് കണ്ടെത്തിയതായും ഇ.ഡി. പറയുന്നു. ഇതിനൊപ്പം 20.05 കോടി രൂപയുടെ ഇന്ത്യൻ കറൻസിയിലുള്ള ഇടപാട് നടന്നതായും വീണയുടെ കൈപ്പടയിലുള്ള കുറിപ്പിലുണ്ട്. ഇന്റർനെറ്റ് കോളുകൾക്കായി വീണ മറ്റൊരാളുടെ സിം ഉപയോഗിച്ചെന്നും ഇ.ഡി.യുടെ പത്രക്കുറിപ്പിൽ പറയുന്നു.
Content Highlights: CPM mouthpiece criticizes ED for targeting Veena Vijayan in the CMRL-Exalogic case., The party alleges political vendetta by central agencies against CPM leaders., ED claims Exalogic received Rs 2.78 crore without rendering services., CPM asserts that allegations and raids do not prove guilt, which must be decided in court.