വാഹനങ്ങളില്‍ കേരളാ സ്റ്റേറ്റ് ബോര്‍ഡ് പരിമിതപ്പെടുത്തരുത്; മുഖ്യമന്ത്രിക്ക് CPM സംഘടനയുടെ നിവേദനം

തിരുവനന്തപുരം: സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ കേരളാ സ്റ്റേറ്റ് ബോര്‍ഡ് വെക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നതിനെതിരെ സര്‍വീസ് സംഘടന. നിലവിലെ അവകാശം പരിമിതപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സര്‍വീസ് സംഘടനയായ കേരളാ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നിവേദനം നല്‍കി.
ബോര്‍ഡ് വെയ്ക്കാവുന്ന തസ്തികകള്‍ പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. ഇത് മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഇരിക്കവെയാണ് സര്‍വീസ് സംഘടനയുടെ നിവേദനം. വ്യാഴാഴ്ചയാണ് മുഖ്യമന്ത്രിക്ക് നിവേദനം കൈമാറിയത്.
അഡീഷണല്‍ സെക്രട്ടറി മുതലുള്ള സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് കേരളാ സ്‌റ്റേറ്റ് എന്ന ബോര്‍ഡ് വെക്കാന്‍ അനുമതി ഉണ്ടായിരുന്നു. ഇത് പരിമിതപ്പെടുത്തരുത് എന്നാണ് നിവേദനത്തിലെ ആവശ്യം.
2013 മുതലാണ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് ബോര്‍ഡ് വെക്കാനുള്ള അവകാശം അനുവദിച്ചത്. എന്നാല്‍, സ്വകാര്യ ആവശ്യങ്ങള്‍ക്ക് കേരളാ സ്റ്റേറ്റ് ബോര്‍ഡ് വെച്ച വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ പിന്നീട് കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് നിയന്ത്രിക്കാനുള്ള നീക്കം.
Content Highlights: cpm service union kerala secretariat employees association petition chief minister state board