സദാനന്ദന്‍ കേസ്; പ്രതികള്‍ക്ക് ജയിലിലേക്ക് യാത്രയയപ്പ്; പിന്നാലെ വിശദീകരണ യോഗവുമായി സിപിഎം

കണ്ണൂർ: രാജ്യസഭാ എംപിയും ആർഎസ്എസ് നേതാവുമായ സി. സദാനന്ദന്റെ കാലുവെട്ടിയ കേസിൽ രാഷ്ട്രീയ വിശദീകരണ യോഗവുമായി സിപിഎം. തിങ്കളാഴ്ച മട്ടന്നൂർ ഉരവച്ചാലിലാണ് യോഗം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ യോഗം ഉദ്ഘാടനം ചെയ്യും.
സദാനന്ദന്റെ കാലുവെട്ടിയ കേസിലെ പ്രതികൾക്ക് മട്ടന്നൂർ എംഎൽഎ കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ജയിലിലേക്ക് യാത്രയയപ്പ് നൽകിയത് വിവാദമായിരുന്നു. പിന്നാലെ, ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, മാന്യമായ ജീവിതം നയിക്കുന്ന വ്യക്തികളാണ് ശിക്ഷിക്കപ്പെട്ടവരെന്ന് കെ.കെ. ശൈലജ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടി തന്നെ രാഷ്ട്രീയ വിശദീകരണ യോഗം നടത്തുന്നത്.
എന്തിനുവേണ്ടിയായിരുന്നു ജനാർദ്ദനനെ വധിക്കാൻ ശ്രമിച്ചത്? ഇവർ കുറ്റക്കാരോ? എന്ന് പ്രതികളുടെ ചിത്രം സഹിതം പോസ്റ്ററും സിപിഎം പുറത്തിറക്കിയിട്ടുണ്ട്. സി. സദാനന്ദന്റെ കാലുകൾ വെട്ടിമാറ്റിയ കേസിൽ 30 വർഷത്തിന് ശേഷമാണ് 8 പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. സുപ്രീം കോടതി അപ്പീൽ തള്ളിയതോടെയായിരുന്നു കീഴടങ്ങൽ.
Content Highlights: CPM Organizes Public Meeting RSS Leader Assault Case