നേതാക്കൾ സ്വത്ത് വെളിപ്പെടുത്തും, പതിവായി ഗൃഹസന്ദർശനം; പ്രവർത്തനശൈലി മാറ്റാൻ സി.പി.എം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസർകോട്: തിരഞ്ഞെടുപ്പിലെ തിരിച്ചടികളിൽനിന്ന്‌ പാഠമുൾക്കൊണ്ട് ജില്ലയിൽ സംഘടനാപ്രവർത്തനം കൂടുതൽ ജനകീയവും ശക്തവുമാക്കാൻ സി.പി.എം. വിശാല ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലുണ്ടായ തിരിച്ചടികളും വോട്ട് ചോർച്ചയും ഗൗരവമായി പരിശോധിച്ചതായി ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ പറഞ്ഞു.

സംഘടനാപ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറുപേരെ ജില്ലാ കമ്മിറ്റിയിലേക്ക് സ്ഥിരം ക്ഷണിതാക്കളായി ഉൾപ്പെടുത്തി. പാർട്ടി അടിത്തറ വിപുലീകരിക്കുക, ബഹുജനങ്ങളുമായുള്ള ബന്ധം ദൃഢമാക്കുക, വടക്കൻ മേഖലകളിലെ സംഘടനാദൗർബല്യം പരിഹരിക്കുക എന്നിവ ലക്ഷ്യമിട്ട് സമഗ്ര പ്രവർത്തന മാർഗരേഖയും അവതരിപ്പിച്ചു.

മാസംതോറും ഗൃഹസന്ദർശനം

ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി പാർട്ടി നേതാക്കളും പ്രവർത്തകരും എല്ലാമാസവും നിശ്ചിതദിവസങ്ങളിൽ ഗൃഹസന്ദർശനം നടത്തും. വ്യക്തിഗത, കുടുംബവിഷയങ്ങളും പ്രദേശത്തെ സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളും നേരിട്ട് യഥാസമയം ഇടപെടുകയാണ് ലക്ഷ്യം.

സ്വത്തുവിവര പരിശോധന

ജില്ലാകമ്മിറ്റിയംഗങ്ങളുടെയും ഏരിയാ കമ്മിറ്റിയംഗങ്ങളുടെയും സ്വത്തുവിവരങ്ങളും ബാധ്യതകളും സംബന്ധിച്ച് അടുത്തമാസംതന്നെ സമയബന്ധിത പരിശോധന നടത്തും. ജനപ്രതിനിധികളും ഭാരവാഹികളും ഉൾപ്പെടെയുള്ളവരുടെ ആസ്തിവിവരങ്ങൾ പാർട്ടി കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

ബ്രാഞ്ചുതല ശാക്തീകരണം

ജില്ലയിലെ 1975 പാർട്ടി ബ്രാഞ്ചുകളുടെയും പ്രവർത്തനം കൂടുതൽ സജീവമാക്കും. ബ്രാഞ്ച് സെക്രട്ടറിമാർക്ക് മാർക്സിസ്റ്റ്, ലെനിനിസ്റ്റ് കാഴ്ചപ്പാടിലും സമകാലിക വിഷയങ്ങളിലും കൃത്യമായ രാഷ്ട്രീയവിദ്യാഭ്യാസം നൽകാൻ ഇ.എം.എസ്. പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സിലബസ് തയ്യാറാക്കി പഠന പരിപാടികൾ ആവിഷ്കരിക്കും.

ന്യൂനപക്ഷ, പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക് പ്രാധാന്യം

ജില്ലയിലെ ന്യൂനപക്ഷ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിൽ പാർട്ടിപ്രവർത്തനം വ്യാപിപ്പിക്കും. അവരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പ്രത്യേക പരിപാടികൾ നടപ്പാക്കും.

വടക്കൻമേഖലയിൽ പ്രത്യേക ശ്രദ്ധ

ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്കുള്ള പ്രദേശങ്ങളിൽ ഭാഷാപരമായ കാരണങ്ങൾ, സംഘടനാപരമായ ദൗർബല്യം, വർഗീയ സംഘടനകളുടെ ഇടപെടലുകൾ എന്നിവ കാരണം പാർട്ടിപ്രവർത്തനം വിചാരിച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ലെന്ന് യോഗം വിലയിരുത്തി. ഇത് പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും. ഈ മേഖലയിലുള്ളവരെ പ്രത്യേകിച്ച് ജെൻസീയെ ലക്ഷ്യമിട്ട് കന്നഡ ഭാഷയിലുള്ള സാമൂഹികമാധ്യമ ഇടപെടലുകളും ഡിജിറ്റൽ പ്രചാരണങ്ങളും ശക്തമാക്കും.

വർഗീയതയ്ക്കെതിരേ പ്രതിരോധം

ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയ്ക്കെതിരെ മതനിരപേക്ഷതാബോധം വളർത്തിയെടുക്കാൻ പ്രത്യയശാസ്ത്ര ഇടപെടലുകൾ നടത്തും. സാംസ്കാരിക സമന്വയത്തിന്റെയും ബഹുസ്വരതയുടെയും പാരമ്പര്യം പുതിയ തലമുറയിലേക്ക് പകർന്നുനൽകാൻ ചരിത്ര പഠനയാത്രകളും സാംസ്കാരിക കൂട്ടായ്മകളും സംഘടിപ്പിക്കും.

വർഗ, ബഹുജന സംഘടനകളുടെ പ്രവർത്തനം

മഹിളാ, യുവജന, വിദ്യാർഥി, കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളുടെ മാസ് അംഗത്വം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ യൂണിറ്റ് തല പ്രവർത്തനം കാര്യക്ഷമമാക്കും. സാംസ്കാരികരംഗത്തെ വർഗീയവത്കരണത്തെയും അരാഷ്ട്രീയ പ്രവണതകളെയും പ്രതിരോധിക്കാൻ ഇടപെടലുകളുണ്ടാകും.

ഇവർ സ്ഥിരം ക്ഷണിതാക്കൾ

സംഘടനാപ്രവർത്തനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആറുപേരെ ജില്ലാ കമ്മിറ്റിയിലേക്ക് സ്ഥിരം ക്ഷണിതാക്കളായി ഉൾപ്പെടുത്തി. പി.മണിമോഹൻ (സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി), ടി.കെ.ചന്ദ്രമതി (ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്), കെ.സബീഷ് (ജില്ലാപഞ്ചായത്തംഗം, എസ്.എഫ്.ഐ. മുൻ കേന്ദ്രകമ്മിറ്റിയംഗം), എം.വി.രതീഷ് (ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി), സി.രാമചന്ദ്രൻ (ബേഡകം ഏരിയാ സെക്രട്ടറി). പി.കുഞ്ഞിക്കണ്ണൻ (തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി) എന്നിവരാണ് സ്ഥിരം ക്ഷണിതാക്കൾ.

പാർട്ടി നേതൃത്വത്തിന്റെയും സെക്രട്ടേറിയറ്റിന്റെയും പ്രവർത്തനവേഗം കൂട്ടണമെന്നും ജനകീയപ്രശ്നങ്ങളിൽ കൂടുതൽ സജീവമായി ഇടപെടണമെന്നും വ്യക്തമാക്കുന്ന ആരോഗ്യകരമായ വിമർശനങ്ങളും ചർച്ചകളുമാണ് നടന്നതെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. സംസ്ഥാന സമിതിയംഗങ്ങളായ കെ.പി.സതീഷ് ചന്ദ്രൻ, സി.എച്ച്.കുഞ്ഞമ്പു എന്നിവരും ഒപ്പമുണ്ടായിരുന്നു.

പുതിയ സർക്കാരിനറിയുന്നത് ജനദ്രോഹം മാത്രം -എ.വിജയരാഘവൻ

നിലവിൽവന്ന് ചുരുങ്ങിയ കാലയളവിൽത്തന്നെ ജനദ്രോഹപരമല്ലാത്ത ഒരു നിലപാടെടുക്കാൻ പുതിയ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. സി.പി.എം. വിശാല ജില്ലാ കമ്മിറ്റിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനദ്രോഹപരമായ ഭരണം കൊണ്ടല്ല, മറിച്ച് മറ്റുള്ളവർ നുണകളെ പെരുപ്പിച്ച് കാട്ടിയതിനാലാണ് കമ്യൂണിസ്റ്റ് പാർട്ടിക്ക് തോൽവി നേരിടേണ്ടി വന്നത്. ഇടതുഭരണത്തിനുകീഴിൽ 10 വർഷക്കാലം വൈദ്യുതി പ്രതിസന്ധിയറിഞ്ഞിട്ടില്ലാത്ത സംസ്ഥാനത്തെ കോൺഗ്രസ് ഇരുട്ടിലാക്കി. ആരോഗ്യമേഖലയിലും വീഴ്ചയുണ്ടായി -അദ്ദേഹം പറഞ്ഞു.

ലീഗിന്റെ വർഗീയരാഷ്ട്രീയത്തെ വരച്ചവരയിൽ നിർത്തും -പി.ജയരാജൻ

വർഗീയതയിലൂടെ വളരുന്നതാണ് മുസ്‌ലിം ലീഗിന്റെ നയമെന്ന് വിമർശിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ജയരാജൻ. മതവികാരം ഇളക്കിവിട്ട് ലാഭം നേടുന്നതാണ് ലീഗിന്റെ രീതി. മുസ്‌ലിം വിഭാഗത്തിനിടയിൽ പരസ്യമായാണ് വർഗീയത പറയുന്നത്. അതിനുദാഹരണമാണ് തൃക്കരിപ്പൂരിലെ ഇടതുസ്ഥാനാർഥി വി.പി.പി.മുസ്തഫ നേരിട്ട തോൽവി. ഇതിനെ ചെറുത്ത് ലീഗിന്റെ വർഗീയരാഷ്ട്രീയത്തെ വരച്ചവരയിൽ നിർത്താനുള്ള നിലപാടെടുക്കാനാണ് യോഗതീരുമാനം -അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്‌, പി.സതീദേവി, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം.വി.ജയരാജൻ, പി.കെ.ബിജു, നേതാക്കളായ കെ.പി.സതീഷ് ചന്ദ്രൻ, സി.എച്ച്.കുഞ്ഞമ്പു, പി.കരുണാകരൻ, എം.വി.ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂരിലെ ഉൾപ്പാർട്ടി പ്രശ്നം തൃക്കരിപ്പൂരിലെ തോൽവിക്കും കാരണമായതായി വിമർശനം

കാസർകോട്: പയ്യന്നൂർ, തളിപ്പറമ്പ് നിയോജകമണ്ഡലങ്ങളിലേതുൾപ്പെടെ കണ്ണൂരിലെ ഉൾപ്പാർട്ടി പ്രശ്നങ്ങൾ കാസർകോട് ജില്ലയിൽ പാർട്ടിയുടെ ശക്തികേന്ദ്രമായ തൃക്കരിപ്പൂർ മണ്ഡലത്തിലെ തോൽവിക്ക്‌ കാരണമായെന്ന് സി.പി.എം. വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശം. ജില്ലയിൽ പാർട്ടിയുടെ സംഘടനാദൗർബല്യവും അത് യഥാസമയം പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടതുമാണ് കാലങ്ങളായി രണ്ട് എം.എൽ.എ.മാരുണ്ടായിരുന്ന നിലയിയിൽനിന്ന്‌ ഒരാളെപ്പോലും ജയിപ്പിക്കാനാകാത്തിടത്തേക്കു കാര്യങ്ങളെത്തിച്ചതെന്ന കാര്യവും പ്രതിനിധികൾ ഉന്നയിച്ചു. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നടത്തിയ ‘അത് വീട്ടിൽപോയി ചോദിച്ചാൽ മതി’യെന്നതുൾപ്പെടെയുള്ള പ്രതികരണങ്ങൾ തോൽവിക്ക്‌ കാരണമായെന്നും വിമർശമുയർന്നു.

പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനമില്ലായ്മയും തിരിച്ചടിയായി. ഇത് പരിഹരിച്ച് മുന്നോട്ടുപോകുന്നതിൽ സംസ്ഥാന സെക്രട്ടറിയെന്നനിലയിൽ എം.വി. ഗോവിന്ദനും വീഴ്ചസംഭവിച്ചു. ഇടതുമുന്നണി സ്ഥാനാർഥികൾക്ക് വോട്ട്‌ കുറയാനും പരാജയത്തിനും ഇതും കാരണമായി. പയ്യന്നൂർ മണ്ഡലത്തോട്‌ ചേർന്നുകിടക്കുന്ന മണ്ഡലമാണ് തൃക്കരിപ്പൂർ. പയ്യന്നൂരിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അണികളുടെ വികാരം മാനിക്കുന്നതിലും നേതൃത്വത്തിനുണ്ടായ വീഴ്ച തൃക്കരിപ്പൂരിൽ പ്രതിഫലിച്ചു. നേതൃത്വത്തിനെതിരേ ഒരു വിമർശവമുണ്ടായില്ലെന്നു പറഞ്ഞ പാർട്ടി ജില്ലാ സെക്രട്ടറി ജില്ലാനേതൃത്വവും സെക്രട്ടേറിയറ്റും പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന ആരോഗ്യകരമായ വിമർശമുണ്ടായെന്നും ഇതു ക്ഷണിച്ചുവരുത്തിയതാണെന്നുമാണ് പറഞ്ഞത്.

ന്യൂനപക്ഷങ്ങൾ അകന്നു; ശക്തികേന്ദ്രങ്ങളിലും വോട്ടുചോർച്ച

മുൻകാലങ്ങളിൽ പാർട്ടിയോട്‌ ചേർന്നുനിന്ന ന്യൂനപക്ഷങ്ങൾ അകന്നതും ലീഗ് വർഗീയവാദ പ്രചാരണം നടത്തിയതും ജില്ലയിലെ ചില മണ്ഡലങ്ങലിൽ പ്രത്യേകിച്ച് തൃക്കരിപ്പൂരിൽ പാർട്ടി സ്ഥാനാർഥികൾ തോൽക്കാനിടയാക്കിയെന്ന നേതൃത്വത്തിന്റെ വിലയിരുത്തൽ പ്രതിനിധികൾ പൂർണമായി ഉൾക്കൊണ്ടില്ല. ന്യൂനപക്ഷങ്ങൾ കൂടുതലുള്ളിടങ്ങളിൽ മാത്രമല്ല പാർട്ടി ശക്തികേന്ദ്രങ്ങളിൽവരെ വോട്ട് ചോർച്ചയുണ്ടായതെങ്ങനെയെന്ന ചോദ്യത്തിന് പക്ഷേ, തൃപ്തികരമായ മറുപടിയുണ്ടായില്ല. ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ പാർട്ടി ശക്തികേന്ദ്രങ്ങളിലുണ്ടായ പ്രാദേശികപ്രശ്നങ്ങൾ യഥാസമയം പരിഹരിക്കുന്നതിലുണ്ടായ വീഴ്ചയും സംഘടനാദൗർബല്യവും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

ജനങ്ങളുമായി ബന്ധമറ്റു; ജനകീയപ്രശ്നങ്ങളിൽ ഇടപെടലില്ല

പ്രാദേശിക നേതൃത്വത്തിനുൾപ്പെടെ ജനങ്ങളുമായി പഴയതുപോലുള്ള ബന്ധമില്ലെന്നായിരുന്നു മറ്റൊരു വിമർശം. ജനകീയപ്രശ്നങ്ങളിൽ ഇടപെടുന്നതും കുറവാണ്. നേതാക്കളിൽ പലർക്കും പ്രത്യയശാസ്ത്രധാരണയില്ലാത്തതും പോരായ്മയാണ്. ധനസമ്പാദനവുമായി ബന്ധപ്പെട്ട് ചിലർക്കെതിരേ ഉയർന്ന ആരോപണങ്ങളും എതിരാളികൾ മുതലെടുത്തു. ജില്ലയുടെ വടക്കൻ മേഖലയിൽ ഗുരുതരമായ സംഘടനാദൗർബല്യമുണ്ടെന്ന വിമർശവും നേതൃത്വം തുറന്ന്‌ സമ്മതിച്ചു. ഇവിടങ്ങളിൽ പ്രതീക്ഷിച്ചപോലെ സംഘടനാപ്രവർത്തനം നടത്താനാകുന്നില്ല.

വർഗബഹുജന സംഘടനകൾ ആൾക്കൂട്ടമായി

വർഗബഹുജന സംഘടനകൾ അംഗത്വത്തിന്റെ കാര്യത്തിൽ മുന്നിലാണെങ്കിലും കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്നും വിമർശമുയർന്നു. ഇവർ വെറും ആൾക്കൂട്ടം മാത്രമായി മാറുകയാണ്. ഈ സ്ഥിതി മാറണം

വർഗീയപ്രചാരണം പ്രതിരോധിക്കാനാകുന്നില്ല

ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയത പ്രചരിപ്പിക്കുന്നവർ ആശയമണ്ഡലത്തിൽ ശക്തമായി ഇടെപടുമ്പോൾ അതിനെ അതേ നാണയത്തിൽ പ്രതിരോധിക്കാൻ പാർട്ടിക്കാകുന്നില്ല. വിദ്യാഭ്യാസ ആവശ്യത്തിനും മറ്റും കർണാടകയിലെ സ്ഥാപനങ്ങളിലേക്കു പോകുന്ന പാർട്ടി കുടുംബങ്ങളിൽനിന്നുള്ള ചെറുപ്പക്കാർ പോലും അവിടത്തെ ഭൂരിപക്ഷ വർഗീയ ആശയങ്ങളുമായി സമരസപ്പെടുന്ന പ്രശ്നമുണ്ട്. ന്യൂനപക്ഷം, പട്ടികജാതി, പട്ടികവർഗം തുടങ്ങിയ വിഭാഗങ്ങളുമായുള്ള ബന്ധത്തിന് പഴയ കെട്ടുറപ്പില്ല.

നേതൃത്വത്തിലേക്ക് വരുന്നവർ കളങ്കമില്ലാത്തവരാകണം

നേതൃത്വത്തിലേക്ക് വരുന്നവർ ജനങ്ങളുടെ അംഗീകാരമുള്ളവരും ജനകീയപ്രശ്നങ്ങളിൽ ഇടപെടുന്നവരും പാർട്ടിയുടെ ഗുണസവിശേഷതകൾ കാത്തുരക്ഷിക്കാൻ കഴിയുന്നവരുമാകണം. എന്നാൽ അങ്ങനെയല്ലാത്തവർ നേതൃത്വത്തിലെത്തുന്നുണ്ട്. ആരോപണവിധേയരായ രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇവർക്കെതിരേ ഇപ്പോൾ നടപടിയെടുക്കാതിരുന്നത് വിശാല ജില്ലാ കമ്മിറ്റിയുടെ ശോഭ കെടുത്തുമെന്നതിനാലാണെന്നാണ് സൂചന. വൈകാതെ ഇവർക്കെതിരേ നടപടിയുണ്ടായേക്കും.

Content Highlights: Following election setbacks in Kasaragod, the CPM broad district committee decided to overhaul its organizational functioning, mandating monthly home visits and mandatory asset verification for local leaders.