ഭരണത്തണലില്‍ മൂല്യച്യുതി, തുടര്‍ഭരണം സംഘടനാ ദൗര്‍ബല്യമുണ്ടാക്കി; ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

പ്രതീകാത്മക ചിത്രം | Photo: Facebook/ CPIM Thiruvananthapuram
പ്രതീകാത്മക ചിത്രം | Photo: Facebook/ CPIM Thiruvananthapuram

തിരുവനന്തപുരം: തുടർഭരണം സംഘടനാ ദൗർബല്യം ഉണ്ടാക്കിയെന്ന് സി.പി.എം. തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട്. ഭരണത്തിന്റെ തണലിൽ നേതാക്കൾക്കു മൂല്യച്യുതിയുണ്ടായി. പാർട്ടി സംഘടനാനേതൃത്വം തിരുത്തലിനു തയ്യാറാകണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

എം.ആര്‍. അജിത് കുമാറിനെ ഡി.ജി.പിയായി ഉയര്‍ത്താനുള്ള മന്ത്രിസഭായോഗ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിയെ വേദിയിലിരുത്തി സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. ആരോപണവിധേയനായ എം.ആര്‍. അജിത് കുമാറിനെ ഡി.ജി.പിയാക്കാനുള്ള തീരുമാനം മന്ത്രിസഭാ കൈക്കൊള്ളരുതായിരുന്നു. സ്ഥാനക്കയറ്റം വേണമെങ്കില്‍ കോടതി വഴി നേടിക്കോട്ടെ എന്ന് തീരുമാനിക്കണമായിരുന്നു. പോലീസ് ജനങ്ങളില്‍നിന്ന് അകലുന്നു, വിശ്വാസ്യത നഷ്ടപ്പെടുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.

ധനകാര്യമാനേജ്‌മെന്റ് മോശമായി. സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായില്ല. മംഗലപുരം ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ബി.ജെ.പി.യോട് അടുത്തിട്ടും തിരിച്ചറിയാനായില്ല. അറിഞ്ഞവര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് പാര്‍ട്ടിക്ക്. മേയറെ യു.ഡി.എഫും ബി.ജെ.പി.യും വളഞ്ഞിട്ട് ആക്രമിക്കുന്നു. മാധ്യമങ്ങളുടെ പിന്തുണയും അവര്‍ക്കാണ്. ഭരണത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനാവുന്നില്ല. തദ്ദേശസ്ഥാപനങ്ങള്‍ക്കു കൂടുതല്‍ ഫണ്ട് അനുവദിക്കണം. പ്രഖ്യാപനങ്ങളല്ലാതെ പണമില്ല.

Content Highlights: CPM`s organizational report criticizes Kerala`s ruling government for its performance