വിദ്യാർഥികളെ തല്ലിയൊതുക്കുന്നത് ആർഎസ്എസിനും ഗവർണർക്കും വേണ്ടിയെന്ന് ഗോവിന്ദൻ; കാന്തപുരത്തെ തള്ളി

തിരുവനന്തപുരം: കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കാന്തപുരത്തിന്റെത് ആധുനിക കേരളത്തിന് ചേരാത്ത വാക്കുകളാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ-പുരുഷ സമത്വം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും ഈ സമത്വം പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിന്റെ പൊതുവായ മുന്നേറ്റത്തെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ ആര് നടത്തിയാലും അതിനോട് യോജിക്കുന്നതല്ല പാർട്ടിയുടെ നിലപാട്. ഈ സമത്വത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. സ്വാതന്ത്ര്യം, ജനാധിപത്യം, സ്ത്രീ-പുരുഷ തുല്യത തുടങ്ങിയ അധികാര അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായി. ചരിത്രത്തിന്റെ ഭാഗമായി ഉയർന്നുവന്ന നിരവധി സമാനതകളില്ലാത്ത പോരാട്ടങ്ങളിലൂടെയാണ് ഇന്നത്തെ സ്ത്രീ-പുരുഷ സമത്വം നേടിയെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിനുനേരെ ഉണ്ടായ പേലീസ് ആക്രമണത്തെയും നേതാക്കൾക്കെതിരായ അതിക്രമങ്ങളെയും അദ്ദേഹം വിമർശിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ ഉൾപ്പെടെ തിരഞ്ഞുപിടിച്ച് മൃഗീയമായി ആക്രമിക്കുകയാണുണ്ടായത്. പ്രതിഷേധങ്ങളിൽ പങ്കെടുക്കാത്തവരെപ്പോലും കള്ളക്കേസിൽ കുടുക്കുകയും വീടുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റെയ്ഡ് നടത്തുകയും ചെയ്യുന്നു. വിദ്യാർഥി സമൂഹത്തെ ഭയപ്പെടുത്തിയും മർദിച്ചും ഒതുക്കാമെന്ന് കരുതേണ്ടതില്ലെന്നും സർവകലാശാലാ വിഷയങ്ങളിലടക്കം സർക്കാരും ഗവർണറും ഒത്തുതീർപ്പ് നിലപാടാണ് സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സമരത്തിന് നേതൃത്വംനൽകിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും നെഞ്ചത്ത് ലാത്തികൊണ്ട് അടിച്ച് ശരീരമാസകലം പരിക്കേൽപ്പിക്കുകയും ചെയ്തതായും ഇത്തരം ക്രൂരമായ പോലീസ് അക്രമങ്ങളെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ന്യായീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗവർണർക്കും ആർ.എസ്.എസിനും വേണ്ടി യു.ഡി.എഫ് സർക്കാർ എന്തുംചെയ്യുമെന്നതിന്റെ തെളിവാണ് പ്രതിഷേധക്കാർക്കുനേരെ നടക്കുന്ന ഈ മൃഗീയമായ കടന്നാക്രമണമെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. വന്ദേമാതരം പൂർണമായ തോതിൽ ആലപിക്കുന്നതിനെ എതിർക്കുന്നവരെ തല്ലിയൊതുക്കാമെന്ന് വി.ഡി. സതീശൻ സർക്കാർ വിചാരിക്കുന്നുണ്ടെങ്കിൽ അത് വെറും വ്യാമോഹം മാത്രമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമരത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾക്കെതിരെ പോലും വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കള്ളക്കേസെടുക്കുകയാണെന്നും വിദ്യാർഥികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് അടിയന്തരാവസ്ഥക്കാലത്തെ പോലീസ് മുറകളെ ഓർമ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.
വിദ്യാർഥികളെ മർദ്ദിച്ചൊതുക്കാമെന്ന് കരുതുന്ന യു.ഡി.എഫ് നേതൃത്വത്തിന് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പോരാട്ടങ്ങളുടെയും എസ്.എഫ്.ഐയുടെയും ചരിത്രം അറിയില്ലെന്നും അവർ ചരിത്രം പഠിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ജി.സി ചട്ടങ്ങൾ അനുസരിച്ച് യൂണിവേഴ്സിറ്റി ആക്ട് ഭേദഗതിചെയ്യാൻ ഗവർണറും സംസ്ഥാന സർക്കാരും പുതിയ കരാർ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ കരാർ അനുസരിച്ച് രണ്ട് സർവകലാശാലകളുടെ നിയമങ്ങളും ഭേദഗതി ചെയ്യാനാണ് നിലവിൽ നീക്കംനടക്കുന്നത്. ഇത്തരം ആർ.എസ്.എസ് പ്രീണന നയങ്ങൾക്കും പോലീസ് രാജിനുമെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തിക്കൊണ്ടുവരുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
കണ്ണൂരിലെ പിണറായി വിജയന്റെ പ്രസംഗത്തെയും എംവി ഗോവിന്ദൻ പിന്തുണച്ചു. പിണറായി പറഞ്ഞത് പാർട്ടി രേഖയിലെ കാര്യങ്ങളാണെന്നും പ്രചരിക്കുന്നത് പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: MV Govindan stated that CPM does not agree with Kanthapuram's remarks on gender equality, calling them outdated. He strongly criticized the police brutality against SFI secretariat march participants and leaders. Accused the government of acting for the Governor and RSS, creating a state of terror through false cases and raids.