'പ്രമോദ് കോട്ടൂളി നല്ല സുഹൃത്ത്, പണം വാങ്ങിയിട്ടില്ല'; PSC കോഴ വിവാദത്തിൽ പ്രതികരിച്ച് ശ്രീജിത്ത്

കോഴിക്കോട്: സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ പി.എസ്.സി. കോഴ വിവാദത്തിൽ വന്‍ വഴിത്തിരിവ്. വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് പരാതിക്കാരനെന്ന് കരുതപ്പെട്ടിരുന്ന ശ്രീജിത്ത് രംഗത്തെത്തി. പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. പ്രമോദ് തന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പി.എസ്.സി നിയമനത്തിന് പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ല. പ്രമോദ് നല്ല സുഹൃത്താണ്. യാതൊരു പണമിടപാടും പ്രമോദുമായി ഇല്ല. ഞാൻ ആർക്കെതിരെയും എവിടെയും പരാതി കൊടുത്തിട്ടില്ല. പരാതി കൊടുത്തു എന്ന് പാർട്ടി പറഞ്ഞോ? എനിക്ക് ആർക്കും പണം കൊടുക്കേണ്ട കാര്യമില്ല. മാധ്യമങ്ങളിലൂടെ ആണ് വിവരം അറിഞ്ഞത്. പ്രമോദിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. വിവാദം ആരുണ്ടാക്കി എന്ന് അന്വേഷിക്കണം.' -ശ്രീജിത്ത് പറഞ്ഞു.
കഴിഞ്ഞദിവസം പ്രമോദും കുടുംബവും ശ്രീജിത്തിൻ്റെ വീടിന് മുന്നിൽ സമരം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീജിത്തിൻ്റെ പ്രതികരണം. തന്റെ അമ്മയേയും മകനേയും സത്യം ബോധ്യപ്പെടുത്തണമെന്ന് പറഞ്ഞായിരുന്നു പ്രമോദിന്റെ സമരം. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് പ്രമോദ് കോട്ടൂളി കുടുംബവുമായി സമരം ആരംഭിച്ചത്.
സി.പി.എം. കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പ്രമോദ് കോട്ടൂളിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയിരുന്നു. റിയൽ എസ്റ്റേറ്റ് ബിനാമി ബന്ധങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗമാണ് പുറത്താക്കാനുള്ള തീരുമാനമെടുത്തത്.
Content Highlights: PSC Bribery Controversy: Complainant Sreejith says he did not give money to Pramod Kottooli