'സുരേഷ് ഗോപി രാജിവെക്കണം', കരിഓയില്‍ ഒഴിച്ച് സിപിഎം; പ്രതിഷേധവുമായി ബിജെപി, ലാത്തിച്ചാര്‍ജ്

സുരേഷ് ഗോപി, സിപിഎം പ്രതിഷേധം
സുരേഷ് ഗോപി, സിപിഎം പ്രതിഷേധം

തൃശ്ശൂര്‍: ജില്ലയിലെ വോട്ടര്‍പട്ടിക വിവാദത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രതിഷേധവുമായി സിപിഎം. സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് മന്ത്രിയുടെ ചേരൂരിലെ ഓഫീസിലേക്ക് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനിടെ സിപിഎം പ്രവര്‍ത്തകന്‍ സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചു. ഈ സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തി. ബിജെപി പ്രവര്‍ത്തകരെ തടയാനുള്ള പോലീസ് ശ്രമം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും പോലീസ് ലാത്തി പ്രയോഗിക്കുകയും ചെയ്തു. 

സിപിഎമ്മിന്റെ മാര്‍ച്ചിനിടെ ചേരൂര്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായി വിപിന്‍ സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചു. ബാരിക്കേഡ് നിരത്തി പോലീസ് മാര്‍ച്ച് തടയുന്നതിനിടെ ബാരിക്കേഡ് മറികടന്നാണ് ഇയാള്‍ മതിലിന് മുകളില്‍ കയറി കരി ഓയില്‍ ഒഴിച്ചത്. ബോര്‍ഡില്‍ ചെരിപ്പ് മാല ഇടാനുള്ള വിപിന്റെ ശ്രമം പോലീസ് തടഞ്ഞു. ഇയാളെ പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും  പോലീസ് ജീപ്പില്‍ നിന്ന് സിപിഎം നേതാക്കള്‍ ഇറക്കിക്കൊണ്ടുപോയി. 

സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചതിനുപിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഇവരെ തടയുന്നതിനായി പോലീസ് സേന അണിനിരന്നു. ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. ഇരുകൂട്ടരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ലാത്തിച്ചാര്‍ജിലേക്ക് നീങ്ങി. ബിജെപി ജില്ലാ അധ്യക്ഷന്‍ ജസ്റ്റിന്‍ സെബാസ്റ്റ്യന് തലയ്ക്കടിയേറ്റു.  

Content Highlights: CPM protests Suresh Gopi`s alleged role in voter list controversy and nun arrest