പ്രസിദ്ധീകരിക്കാൻ അങ്ങനൊരു ലേഖനമില്ല; 'കള്ളൻ വിജയൻ' വിവാദത്തിൽ സ്വരാജിന് പിന്തുണയുമായി എംവി ഗോവിന്ദൻ

തിരുവനന്തപുരം: ദേശാഭിമാനിയിലെ 'കള്ളൻ വിജയൻ' എന്ന ലേഖനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ എം. സ്വരാജിന് പിന്തുണയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കള്ളൻ വിജയൻ' എന്നൊരു ലേഖനം നിലവിലില്ല. അങ്ങനെയൊരു ലേഖനമുണ്ടെങ്കിലല്ലേ കൊടുക്കേണ്ടതുള്ളൂ. ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പിന്റെ ചുമതല കെ.ആർ. അജയനല്ലെന്നും ഏത് ലേഖനം പ്രസിദ്ധീകരിക്കണം എന്നത് പത്രാധിപസമിതിയുടെ കൂട്ടായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ദേശാഭിമാനിയാണ്. ഞായറാഴ്ച പ്രസിദ്ധീകരിക്കേണ്ട വാരാന്തപ്പതിപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത് കേവലം സാങ്കേതിക കാരണങ്ങളാലാണെന്നും ഗോവിന്ദൻ പറഞ്ഞു.
പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് താൻ മാറുമെന്ന മാധ്യമ വാർത്തകളെ എം.വി. ഗോവിന്ദൻ തള്ളി. അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രമണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ച് പാർട്ടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും താൻ ഉൾപ്പെടെ എല്ലാവരും എങ്ങനെയൊക്കെ മാറണം എന്നതിനെ സംബന്ധിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ സംഭവിച്ച കാര്യങ്ങൾ ഏതെങ്കിലും ഒരു വ്യക്തിയുടെ തെറ്റായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിനെതിരെ കൊച്ചിയിൽ പ്രതിഷേധിച്ച ഗായകൻ വേടൻ, സി.കെ. വിനീത്, അലോഷി, നവമി തുടങ്ങിയവർക്കെതിരെ കേസെടുത്ത സർക്കാർ നടപടിയെ അദ്ദേഹം വിമർശിച്ചു. ഡൽഹിയിൽ വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുന്ന കോൺഗ്രസ്, കേരളത്തിൽ കേന്ദ്രത്തിന് സമാനമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പ്രവർത്തനം ബി.ജെ.പിയുമായി ഒത്തുപോകുന്നതാണെന്നും ഗോവിന്ദൻ ആരോപിച്ചു.
സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിലും പ്രതിഷേധിച്ച് സി.പി.എം. സമര പരിപാടികൾ നടത്തുമെന്ന് ഗോവിന്ദൻ അറിയിച്ചു. ഇതിന്റെ ഭാഗമായി 26-ാം തീയതി ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് കേരളത്തിലെ എല്ലാ വീടുകളിലും ലോക്കൽ കേന്ദ്രങ്ങളിലും പ്രതീകാത്മകമായി മെഴുകുതിരി തെളിയിച്ച് പ്രതിഷേധിക്കാൻ പാർട്ടി ആഹ്വാനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനെതിരെ ജൂലൈ 30-ന് ജനപ്രതിനിധികൾ സെക്രട്ടേറിയറ്റ് മാർച്ചും ഓഗസ്റ്റ് ഒന്ന്, മൂന്ന് തീയതികളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാർച്ചും സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Content Highlights: CPM to hold statewide protests against power regulations., Symbolic candlelit protest scheduled for the 26th at 7 PM., Protest against the reduction of development funds for local bodies., Secretariat march by elected representatives on the 30th., Protest marches to local bodies on the 1st and 3rd of next month.