സുരേഷ് ബാബുവിന്റെ സ്ഥാനംതെറിച്ചത് യുവതിയുടെ പരാതിയിൽ, കടുത്ത നടപടി വന്നേക്കും; പരാതി ഡിജിറ്റൽ തെളിവുകൾ സഹിതം

#ഗോകുൽ വി.എസ് / മാതൃഭൂമി ന്യൂസ്
ഇ.എൻ. സുരേഷ് ബാബു | ചിത്രം: മാതൃഭൂമി
ഇ.എൻ. സുരേഷ് ബാബു | ചിത്രം: മാതൃഭൂമി

പാലക്കാട്: സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള ഇ.എൻ. സുരേഷ് ബാബുവിന്റെ സ്ഥാനചലനത്തിന് കാരണം യുവതി നൽകിയ പരാതി. ശക്തമായ ഡിജിറ്റൽ തെളിവുകൾ സഹിതമാണ് യുവതി സുരേഷ് ബാബുവിനെതിരെ പരാതി നൽകിയത്. പരാതി ലഭിച്ചയുടൻ തന്നെ ഗുരുതരസ്വഭാവം പാർട്ടി നേതൃത്വത്തിന് ബോധ്യമായിരുന്നു. ഇതേത്തുടർന്നാണ് ആദ്യനടപടിയെന്ന നിലയിൽ സംസ്ഥാന നേതൃത്വം സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്.

സുരേഷ് ബാബുവിനെതിരെ കടുത്ത നടപടികൾ പിന്നാലെയുണ്ടാകുമെന്നാണ് സൂചന. നടപടികൾക്കൊടുവിൽ അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. നിലവിൽ പാർട്ടി സംസ്ഥാന സമിതിയിലും ജില്ലാ സെക്രട്ടറിയറ്റിലും അംഗമാണ് സുരേഷ് ബാബു. ഈ സ്ഥാനങ്ങളിൽ നിന്നെല്ലാം സുരേഷ് ബാബുവിനെ ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് പാർട്ടി നീക്കം.

Also Read: സുരേഷ് ബാബുവിന്റെ മാറ്റം വ്യക്തിപരമായ കാരണങ്ങളാൽ, പരാതിയേത്തുടർന്നെന്ന വാർത്ത തെറ്റ്- വിശദീകരണവുമായി സിപിഎം

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ശേഷം സംസ്ഥാന സെക്രട്ടറിയറ്റായിരിക്കും വിഷയം ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുക. യുവതിയുടെ പരാതിക്ക് പുറമെ സംഘടനാതലത്തിലുള്ള മറ്റ് ചില പരാതികളും സുരേഷ് ബാബുവിനെതിരെ പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്.

അഭിഭാഷകയായ വനിതാ നേതാവാണ് സുരേഷ് ബാബുവിനെതിരെ പരാതി നൽകിയത്. നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോവുമെന്നും യുവതി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ജില്ലാ സമ്മേളനത്തിനോ നേതൃത്വത്തിനോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പുതിയ ജില്ലാ സെക്രട്ടറി ചെന്താമരാക്ഷൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. വ്യക്തിപരമായ കാരണത്താൽ തന്റെ അഭ്യർഥനപ്രകാരമാണ് മാറുന്നതെന്നാണ് സുരേഷ് ബാബുവും പറഞ്ഞത്.

Content Highlights: Reports reveal that EN Suresh Babu was removed as CPM Palakkad district secretary following a woman lawyer's complaint backed by digital evidence, with the party leadership considering further disciplinary action.