സുരേഷ് ബാബുവിന്റെ മാറ്റം വ്യക്തിപരമായ കാരണങ്ങളാൽ, പരാതിയേത്തുടർന്നെന്ന വാർത്ത തെറ്റ്- വിശദീകരണവുമായി സിപിഎം

പാലക്കാട്: ഇ.എൻ. സുരേഷ് ബാബു പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയത് വ്യക്തിപരമായ കാരണങ്ങളാലാണെന്ന് സിപിഎമ്മിന്റെ ഔദ്യോഗിക വിശദീകരണം. വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പുതിയ ജില്ലാ സെക്രട്ടറി ചെന്താമരാക്ഷനാണ് ഇക്കാര്യം അറിയിച്ചത്. മുൻ ജില്ലാ സെക്രട്ടറി സുരേഷ് ബാബുവും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. നൗഷാദും വാർത്താസമ്മേളനത്തിൽ ഉണ്ടായിരുന്നു.
ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് പാലക്കാട് പാർട്ടിയിൽ നേതൃമാറ്റമുണ്ടായത് എന്നാണ് റിപ്പോർട്ട്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സുരേഷ് ബാബുവിനെ മാറ്റാൻ തീരുമാനിച്ചത്. അതേസമയം, ജില്ലാ സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ഇ.എൻ. സുരേഷ് ബാബു തുടരും.
സുരേഷ് ബാബുവിനെതിരെ പരാതികളൊന്നുമില്ലായിരുന്നുവെന്നും വാർത്താസമ്മേളനത്തിൽ നേതാക്കൾ വ്യക്തമാക്കി. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമവാർത്തകൾ തെറ്റാണെന്നും അവർ പറഞ്ഞു.
പാലക്കാട് ജില്ലാ സെക്രട്ടറിയായി അഞ്ചുവർഷത്തിന് ശേഷമാണ് സുരേഷ് ബാബുവിനെ മാറ്റുന്നത്. ഒരു ടേം കൂടെ കഴിഞ്ഞാൽ എന്തായാലും മാറാനുള്ളതാണല്ലോ എന്ന് സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്ന് ടേം എന്ന വ്യവസ്ഥയുണ്ടെങ്കിലും അതിനിടയിൽ മാറ്റാനോ പുതിയ ആളുകളെ കൊണ്ടുവരാനോ എല്ലാം പാർട്ടിക്ക് ചെയ്യാം. ഇത് തന്റെയുംകൂടെ ആവശ്യപ്രകാരമാണ്. അത് നേതൃത്വത്തിന് ബോധ്യപ്പെട്ടുവെന്നും അതുകൊണ്ട് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ചെന്താമരാക്ഷന്റെ പേര് നിർദേശിച്ചത് താനാണ്. മറ്റ് ജില്ലകളിൽ സെക്രട്ടറിമാരെ മാറ്റാത്തത് അവർ ആവശ്യപ്പെടാത്തത് കൊണ്ടാകുമെന്നും സുരേഷ് ബാബു പറഞ്ഞു. ആരോഗ്യപ്രശ്‌നം കാരണമാണോ മാറ്റം എന്ന ചോദ്യത്തിന്, ആരോഗ്യപ്രശ്‌നമുണ്ടെങ്കിൽ മാത്രമേ മാറാവൂ എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.
പറയാൻ പറ്റാത്ത കാരണങ്ങളാലാണ് ജില്ലാ സെക്രട്ടറിയെ മാറ്റിയത് എന്ന മുൻ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണത്തിനും സുരേഷ് ബാബു മറുപടി നൽകി. 'ഇവനൊക്കെ ചോദ്യം ചോദിക്കാൻ ആളാണോ, അയാൾക്കൊക്കെ എന്ത് വിലയാണ് നമ്മൾ കൊടുക്കേണ്ടത്' അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന് മറുപടി നൽകുന്നതുതന്നെ വിവരക്കേടാണ്. വനിതാ അഭിഭാഷകയുടെ പരാതിയെ തുടർന്നാണ് സ്ഥാനമാറ്റം എന്ന ആരോപണം ഉന്നയിച്ചവരോടുതന്നെ അതിനേക്കുറിച്ച് ചോദിക്കണമെന്നും സുരേഷ് ബാബു പറഞ്ഞു.
44 അംഗ ജില്ലാ കമ്മിറ്റിയിലേക്ക് എട്ടുപേരെ കൂടി സ്ഥിരം ക്ഷണിതാക്കളായി ഉൾപ്പെടുത്താനും തീരുമാനമുണ്ട്. തൃത്താല, ശ്രീകൃഷ്ണപുരം, മണ്ണാർക്കാട്, അട്ടപ്പാടി, കൊല്ലങ്കോട്, വടക്കഞ്ചേരി ഏരിയാ സെക്രട്ടറിമാരെയാണ് ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാക്കളാക്കിയത്. കൂടാതെ യുവപ്രാതിനിധ്യത്തിനായി ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ഷിബി കൃഷ്ണ, ജില്ലാ എക്‌സിക്യുട്ടീവ് അംഗം എ.എൻ. നീരജ് എന്നിവരേയും ഉൾപ്പെടുത്താനും തീരുമാനിച്ചുവെന്നും ചെന്താമരാക്ഷൻ അറിയിച്ചു.
ജില്ലയിൽ കടുത്ത വിഭാഗീയത ഉണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. പെരുമാറ്റദൂഷ്യം ഉൾപ്പെടെയുള്ള പരാതികളും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ നേതൃത്വത്തിൽ അഴിച്ചുപണി നടത്തി പാർട്ടിയുടെ മുഖം മിനുക്കാനുള്ള ഇടപെടൽ. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് നവീകരണത്തിനുള്ള ഫണ്ട് ശേഖരണത്തിൽ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചില്ലെന്ന് കഴിഞ്ഞദിവസം ചർച്ചയിൽ വിമർശനം ഉയർന്നിരുന്നു. ജില്ലാ സെക്രട്ടറിയുടെ പെരുമാറ്റവും ചോദ്യംചെയ്യപ്പെട്ടു.
നയിക്കാൻ ചെന്താമരാക്ഷൻ
ആലത്തൂർ കാവശേരി ആനമാറിയിൽ പരേതരായ എ.വി. വെള്ളാണ്ടി ജാനകി ദമ്പതിമാരുടെ മകനായി 1960-ൽ ജനിച്ച വി. ചെന്താമരാക്ഷൻ, ചിറ്റൂർ കോളേജിലെ ബിരുദപഠനകാലത്ത് വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് വന്നത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. യുവജന നേതാവെന്ന നിലയിൽ നിരവധി സമരപേരാട്ടങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ചു. ഇന്ത്യയിൽനിന്നും ക്യൂബ സന്ദർശിച്ച യുവജന സംഘത്തിൽ അംഗമായിരുന്നു.
സിപിഎം കാവശേരി ലോക്കൽ സെക്രട്ടറി, ആലത്തൂർ ഏരിയാ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. 2001 മുതൽ 2016 വരെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽനിന്ന് വിജയിച്ചു. ആലത്തൂർ, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിൽനിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം ജനകീയനായ എംഎൽഎ ആയിരുന്നു. 2016-ൽ എം.വി. രാഘവനെയാണ് പരാജയപ്പെടുത്തിയത്. നിയമസഭാംഗമെന്ന നിലയിൽ വിവിധ കമ്മിറ്റികളിൽ അംഗമായ അദ്ദേഹം നിരവധി വിദേശ രാജ്യങ്ങളിലും സന്ദർശനം നടത്തി. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറിയുടെ ചുമതലയും അദ്ദേഹം വഹിക്കുന്നുണ്ട്. ആലത്തൂർ കാർഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരി ഗീതയാണ് ഭാര്യ.
Content Highlights: CPM leaders dismissed reports that EN Suresh Babu was removed as Palakkad district secretary over complaints, clarifying that Chenthamarakshan took over at Suresh Babu’s own request due to personal reasons.