വെള്ളാപ്പള്ളിയെ തള്ളാതെയും മലപ്പുറത്തെ ചേർത്തുപിടിച്ചും MV ഗോവിന്ദൻ; ‘വടക്കാഞ്ചേരികോഴ അന്വേഷിക്കും’

#ന്യൂസ് ഡെസ്ക്ക്
എം.വി. ഗോവിന്ദൻ | Photo: Mathrubhumi
എം.വി. ഗോവിന്ദൻ | Photo: Mathrubhumi

തിരുവനന്തപുരം: വടക്കാഞ്ചേരി കോഴ വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരെയെങ്കിലും ചാക്കിട്ടുപിടിച്ച് പ്രസിഡന്റാക്കി ഭരണസംവിധാനത്തെ കൈക്കലാക്കേണ്ട ഒരു ത്വരയും സിപിഎമ്മിനില്ലെന്ന് അദ്ദേഹം പറഞ്ഞു. 50 ലക്ഷം കൊടുത്ത് ആളെപ്പിടിക്കേണ്ട കാര്യം പാർട്ടിക്കില്ല. ഇക്കാര്യത്തിൽ തങ്ങൾക്കൊന്നും മറച്ചുവയ്ക്കാനില്ല. വടക്കാഞ്ചേരിയിൽ ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കട്ടെ എന്നാണ് പാർട്ടി നിലപാട്. വിഷയം സിപിഎം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് സ്‌കൂൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന, വെള്ളാപ്പള്ളിയും സർക്കാരും ചേർന്ന് കൈകാര്യം ചെയ്യേണ്ടതാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സ്‌കൂൾ തുടങ്ങാൻ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കണം. വെള്ളാപ്പള്ളി ഒരു ബാധ്യതയായി തോന്നുന്നില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

മലപ്പുറം ജില്ലാ രൂപവത്കരണത്തിന് നേതൃത്വം കൊടുത്ത പാർട്ടിയാണ് സിപിഎം. ആ മലപ്പുറത്തിനെതിരായി ആര് പറഞ്ഞാലും അംഗീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സിപിഎമ്മിന് മുസ്‌ലിം വിരുദ്ധ നിലപാടില്ല. എന്നാൽ വർഗീയതയ്‌ക്കെതിരേ ഉറച്ച നിലപാടാണ്. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും പാർട്ടി അതിശക്തമായി എതിർക്കും. വെള്ളാപ്പള്ളിയെ വർഗീയവാദിയായൊന്നും തങ്ങൾ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: CPIM's Stand on Wadakkanchery Controversy: No Hidden Agendas, Says M.V. Govindan