‘ആ ചിരി പരിഹാസമല്ല’; ജി.സുധാകരനെ ഫോണിൽ വിളിച്ച് എം.വി. ഗോവിന്ദൻ, അനുനയനീക്കവുമായി സിപിഎം

ആലപ്പുഴ: പാർട്ടി വിടാനൊരുങ്ങുന്നെന്ന പ്രഖ്യാപനത്തിന് പിന്നാലെ മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. വാർത്താസമ്മേളനത്തിൽ സുധാകരനെ പരിഹസിച്ചിട്ടില്ലെന്നും ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണെന്നും ഗോവിന്ദൻ വിശദീകരിച്ചുവെന്നാണ് വിവരം.
ഇന്നലെ (ബുധനാഴ്ച)യാണ് പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സുധാകരൻ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടത്. പാർട്ടിയിൽനിന്ന് അവഗണന നേരിടുന്നെന്ന് ആരോപിക്കുന്ന കുറിപ്പിൽ എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടായി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. ഗോവിന്ദന്റെ വാർത്താസമ്മേളത്തിൽനിന്നുള്ള വീഡിയോയും പങ്കുവെച്ചിരുന്നു.
‘സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ഞാൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതൽ സംഭവങ്ങൾ വിവരിക്കുന്നില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് മേൽപ്പറഞ്ഞ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല, എന്നും സുധാകരൻ കുറിപ്പിൽ പറഞ്ഞിരുന്നു.
അതിനിടെ സുധാകരൻ യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: CPI(M) State Secretary MV Govindan called senior leader G. Sudhakaran in a reconciliation attempt., The call followed Sudhakaran's Facebook post stating he would not renew his party membership., Sudhakaran felt ridiculed by Govindan's comments and laughter during a recent press conference., Govindan reportedly clarified that his laughter was in response to a journalist's question, not at Sudhakaran.