വീഴ്ച നേതൃത്വത്തിന്; അണികളിൽ ചാരരുത്, തുടർഭരണത്തിന് കാരണക്കാരാണെന്ന് അവകാശപ്പെടുന്നവർക്കാണ് ഉത്തരവാദിത്വം

#രതീഷ്‌ രവി
പിണറായി വിജയനും എം.വി. ഗോവിന്ദനും
പിണറായി വിജയനും എം.വി. ഗോവിന്ദനും

കോഴിക്കോട്: സി.പി.എം. സംസ്ഥാന നേതൃത്വം പൂർണപരാജയമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം അണികൾക്കും കീഴ്ഘടകങ്ങൾക്കും മേൽ ചാരുകയാണെന്നും വിപുലീകൃത സംസ്ഥാനകമ്മിറ്റിയിൽ വിമർശനം.

‘തോൽവി അപ്രതീക്ഷിതമായിരുന്നില്ല. തുടർഭരണത്തിന് കാരണക്കാരാണെന്ന് അവകാശപ്പെടുന്നവർക്ക് ഇപ്പോഴത്തെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും ബാധ്യതയുണ്ട് ’ - കാസർകോടുനിന്നുള്ള പ്രതിനിധി പറഞ്ഞു.

സംഘടനാ ദൗർബല്യം തിരുത്താനുള്ള ശേഷി സംസ്ഥാന സെക്രേട്ടറിയറ്റിനില്ലെന്ന് കണ്ണൂരിൽനിന്നുള്ള പ്രതിനിധി പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും നേരിട്ട തുടർപരാജയങ്ങളുടെ പൾസ് മനസ്സിലാക്കാനോ പാഠംപഠിക്കാനോ തിരുത്താനോ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. അഞ്ചുമിനിറ്റു കൊണ്ട് പറയേണ്ട കാര്യം സെക്രട്ടറി എം.വി. ഗോവിന്ദൻ ഒന്നരമണിക്കൂറെടുത്ത് വിശദീകരിക്കുന്നത് അരോചകമാണ്. യോഗങ്ങളിൽ സംസാരിക്കുമ്പോഴും മാധ്യമങ്ങളോട് ഇടപെടുമ്പോഴും നേതാക്കൾ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല.

ചില നേതാക്കൾ വരുമാനത്തിനനുസരിച്ചല്ല ജീവിക്കുന്നത്. സഹകരണബാങ്ക് ക്രമക്കേടും മറ്റും പാർട്ടിയിൽനിന്ന് ജനങ്ങൾ അകലാൻ കാരണമായെന്നും വിമർശനമുയർന്നു.

തിരുവനന്തപുരത്ത് വി. ജോയ് എം.എൽ.എ.യെ ജില്ലാസെക്രട്ടറിയാക്കിയത് എന്തു മാനദണ്ഡപ്രകാരമാണെന്ന് തൃശ്ശൂരിൽനിന്നുള്ള നേതാവ് ചോദിച്ചു. അവിടെ പാർട്ടിയെ നയിക്കാൻ വേറെയാരുമില്ലേയെന്നും കുറ്റപ്പെടുത്തി.

എന്നെപ്പറ്റിയും വിമർശനമുണ്ട്, തിരുത്തും

: സംസ്ഥാനസെക്രട്ടറിയായ എന്നെപ്പറ്റി വിമർശനം ഇല്ലെങ്കിൽ പിന്നെന്ത് സമ്മേളനമാണ്. നേതാക്കളെയെല്ലാംപറ്റി വിമർശനമുണ്ട്. കണ്ടെത്തിയ തെറ്റുകൾ ഞങ്ങളെല്ലാം തിരുത്തും.

-എം.വി. ഗോവിന്ദൻ

(പത്രസമ്മേളനത്തിൽ പറഞ്ഞത്)

Content Highlights: Cpm state leadership criticized for election defeat and organizational weaknesses during the expanded state committee meeting in Kozhikode.