സി.പി.എം. നേതാവ് തട്ടുകട അടിച്ചുതകര്‍ത്തെന്ന് പരാതി; പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ഏരിയാ സെക്രട്ടറി

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ചിങ്ങവനം (കോട്ടയം): പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് സ്ത്രീ നടത്തിയിരുന്ന തട്ടുകട സി.പി.എം.ബ്രാഞ്ച് സെക്രട്ടറി അടിച്ചുതകര്‍ത്തതായി പരാതി. ഇത് സംബന്ധിച്ച് ചിങ്ങവനം പോലീസ് അന്വേഷണവും ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ പോലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സമീപത്തെ കടകളിലുണ്ടായിരുന്ന സി.സി.ടി.വി. ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് തെളിവെടുപ്പ്. ചങ്ങനാശ്ശേരി പൂവം പനച്ചിക്കാവ് ചക്കച്ചാംപറമ്പില്‍ കാഞ്ചനയാണ് സി.പി.എം. മുട്ടം എരമശ്ശേരി ബ്രാഞ്ച് സെക്രട്ടറി കുറ്റുവേലില്‍ സന്തോഷിനെതിരേ പരാതി നല്‍കിയിരിക്കുന്നത്.

കടയില്‍ വരുത്തിയിരുന്ന പാര്‍ട്ടിമുഖപത്രം വേണ്ടെന്നുവെച്ചതാണ് വിരോധത്തിന് കാരണമെന്ന് കാഞ്ചന പറഞ്ഞു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി സമ്മേളനത്തിന്റെ ചെലവിലേക്കായി 5000 രൂപ സംഭാവന ആവശ്യപ്പെട്ടു. തുക നല്‍കാനാവില്ലെന്നും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും അറിയിച്ചെങ്കിലും നഗരസഭാ ആരോഗ്യവിഭാഗത്തെ ഉപയോഗിച്ച് കടയില്‍ പരിശോധന നടത്താന്‍ സന്തോഷ് ശ്രമിച്ചു. കടയിലെത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാരാണ് തിരിച്ചയച്ചത്.

പിന്നീട് കടയിലെത്തിയ സന്തോഷ് കാഞ്ചനയോട് പലതവണ മോശമായി പെരുമാറിയതിനെതിരേയും പോലീസില്‍ പരാതിയുണ്ട്. ഈ പരാതി പിന്‍വലിപ്പിക്കാനും സന്തോഷ് ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ കട അടിച്ചുതകര്‍ത്തതെന്നാണ് പരാതിയില്‍ പറയുന്നത്.

എന്നാല്‍, കട തകര്‍ത്ത സംഭവവുമായി സി.പി.എമ്മിനോ പ്രദേശിക നേതൃത്വത്തിനോ യാതൊരു ബന്ധവുമില്ലെന്നും രാത്രിയില്‍ നടന്ന അക്രമത്തില്‍ ആരാണ് ഉള്‍പ്പെട്ടതെന്നന്വേഷിച്ച് കുറ്റക്കാരെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്ന് സി.പി.എം. കോട്ടയം ഏരിയാ സെക്രട്ടറി ബി.ശശികുമാര്‍ പറഞ്ഞു.

Content Highlights: cpm leader destroyed shop alleges owner