സ്ത്രീ അധിക്ഷേപ പരാതികളിൽ ഇനി പാർട്ടിഘടകത്തിൽ ചർച്ചയില്ല; സി.പി.എമ്മിന് ആഭ്യന്തര പരാതി പരിഹാര സെൽ

തിരുവനന്തപുരം: പാർട്ടി അംഗങ്ങൾക്കും നേതാക്കൾക്കുമെതിരേയുള്ള സ്ത്രീ അധിക്ഷേപ പരാതികൾ ഇനി പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് സി.പി.എം. തീരുമാനിച്ചു. ഇതിനായി ജില്ലാ, സംസ്ഥാന, കേന്ദ്രകമ്മിറ്റി തലത്തിൽ ആഭ്യന്തര പരാതി പരിഹാരസെൽ (ഐ.സി.സി.) രൂപവത്കരിക്കും.
സംസ്ഥാനതലത്തിൽ ടി.എൻ. സീമ അധ്യക്ഷയായി നേരത്തേ സമിതിയുണ്ട്. ഇത് എം. വിജയകുമാർ, എൻ. ചന്ദ്രൻ, പി.കെ. സൈനബ എന്നിവരെ ഉൾപ്പെടുത്തി വിപുലീകരിച്ചു. നേതാക്കൾക്കെതിരേയുള്ള എല്ലാപരാതികളും ഇനി ഈ സമിതിയാകും പരിശോധിക്കുക. ഐ.സി.സി.യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടി മാത്രമാകും അതത് ഘടകങ്ങളിൽ വരുക. വാർത്തകൾ ചോരുന്നതാണ്, പരാതി പരിശോധനയുടെ രീതി അടച്ചുറപ്പുള്ള സമിതിയിലേക്ക് മാറ്റാനുള്ള പ്രധാന കാരണം. സംസ്ഥാനസമിതി യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ. ബേബിയാണ് ഐ.സി.സി. ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയത്.
പാർട്ടിക്കുള്ളിലെത്തിയ ഒരുപരാതിയും ഇതുവരെ ഐ.സി.സി. പരിശോധിച്ചിരുന്നില്ല. സി.പി.എമ്മിന്റെ ഭരണഘടനയുടെ ഭാഗമായുള്ളതല്ലാത്തതിനാൽ കമ്മിറ്റിക്ക് സംഘടനാപരമായ അധികാരവും ഉണ്ടായിരുന്നില്ല. പാലക്കാട് ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബു മാറിയതുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ബേബി ഇക്കാര്യത്തിൽ ഇടപെട്ടത്. ഐ.സി.സി. പരാതികൾ പരിശോധിക്കേണ്ട രീതി സംസ്ഥാന സമിതിയിൽ ധാരണയായി. പരാതി നേരിടുന്ന പാർട്ടി അംഗത്തിന്റെ ഉപരിഘടകത്തിന് കീഴിലുള്ള ഐ.സി.സി.യായിരിക്കണം പരാതികൾ പരിശോധിക്കേണ്ടത്.
സംസ്ഥാന-ജില്ലാകമ്മിറ്റികളുടെ വിപുലീകൃത യോഗത്തിനുശേഷം പാർട്ടി പ്രവർത്തനങ്ങൾക്ക് കർമരേഖ തയ്യാറാക്കി. ജനവിശ്വാസം തിരിച്ചുപിടിക്കേണ്ടത് ജനകീയ ഇടപെടലിലൂടെയാണെന്ന് രേഖ വിശദീകരിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗത്തിൽ പറഞ്ഞു.
Content Highlights: CPM decides that complaints against party members and leaders regarding women's abuse will no longer be discussed in regular party units., Internal Complaints Cells (ICC) are formed at district, state, and central committee levels headed by leaders like T.N. Seema., The move aims to stop information leaks and handle sensitive complaints securely through a closed committee., State Secretary M.V. Govindan stated that the party needs to regain public trust through active grassroots interventions.