LDF കണ്‍വീനറുടെ മാറ്റം; കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് വിശദീകരണക്കുറിപ്പുമായി സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റിയതിനുകാരണം വിശദീകരിച്ച് ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടറിയുടെ കുറിപ്പ്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ നടത്തിയ വിവാദ പ്രസ്താവനകളാണ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള കാരണമായി ഇതിൽ വിശദീകരിച്ചിട്ടുള്ളത്. ഇ.പി. ജയരാജന്റെ തട്ടകമായ കണ്ണൂരിൽ പാർട്ടി സമ്മേളനങ്ങളിൽ ഇതുസംബന്ധിച്ച് വിമർശനമുയരുന്നുണ്ട്. ഇതിലടക്കം കൃത്യമായ വിശദീകരണം നൽകാനാണ് പ്രത്യേകം കുറിപ്പ് ജില്ലാകമ്മിറ്റിക്ക് നൽകിയതെന്നാണ് സൂചന.
ജയരാജനെ എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് മാറ്റുന്നത് ഓഗസ്റ്റ് അവസാനംചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനമാണ് ഇതിൽ റിപ്പോർട്ട് ചെയ്തത്.
ഈ യോഗത്തിൽ എന്തിനാണ് ഇ.പി. ജയരാജനെ മാറ്റുന്നതെന്ന് കണ്ണൂർ ജില്ലാസെക്രട്ടറി എം.വി. ജയരാജൻ ചോദിച്ചിരുന്നു. എന്ത് വിശദീകരണമാണ് ഇതിന് നൽകേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതിനു സംസ്ഥാന കമ്മിറ്റി യോഗത്തിൽ കൃത്യമായ വിശദീകരണം നേതൃത്വം നൽകിയിരുന്നില്ല. ഇതിനുപിന്നാലെയാണ് കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് പ്രത്യേകമായ വിശദീകരണക്കുറിപ്പ് നൽകിയത്.
സംസ്ഥാനസെക്രട്ടറിയുടെ കുറിപ്പ് അടിസ്ഥാനമാക്കി കണ്ണൂരിലെ ലോക്കൽ കമ്മിറ്റിവരെയുള്ള പാർട്ടിഘടകങ്ങൾക്ക് ഇ.പി. ജയരാജനെ മാറ്റിയത് സംബന്ധിച്ച് വിശദീകരിക്കുന്ന പ്രത്യേക സർക്കുലർ ജില്ലാസെക്രട്ടറി ഇറക്കിയിട്ടുണ്ട്.
കണ്ണൂരിൽ നൽകുന്ന പാർട്ടിവിശദീകരണം
‘എൽ.ഡി.എഫ്. കൺവീനറെന്നനിലയിൽ പ്രവർത്തനങ്ങളിൽ പൂർണമായി കേന്ദ്രീകരിക്കുന്നതിന് സഖാവിന് പരിമിതികൾ സംഭവിച്ചു. ഇത് പരിഗണിച്ച് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം നേരത്തേ ചർച്ചചെയ്തിരുന്നു. സജീവമായി പ്രവർത്തനരംഗത്ത് നിലനിൽക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കൺവീനർസ്ഥാനത്ത് തുടർന്നത്.
എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് ആശയക്കുഴപ്പമുണ്ടാക്കുന്ന ചില പ്രതികരണങ്ങൾ സഖാവിൽനിന്ന് ഉയർന്നുവന്നു. അക്കാര്യത്തിൽ വന്ന പോരായ്മ അന്നുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൂടി കണക്കിലെടുത്തുകൊണ്ടാണ് ഇത്തരമൊരു മാറ്റത്തിന് പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.’
Content Highlights: CPM issued an explanatory note only for Kannur