തോൽവിക്ക് കാരണം ‘കാരണഭൂതൻ’, പാർട്ടിരേഖയുടെ ഉള്ളടക്കം വിശ്വാസ്യത വീണ്ടെടുക്കാൻ പര്യാപ്തമല്ല- രൂക്ഷവിമർശനം

കോഴിക്കോട്: സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ മുൻമുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരേ രൂക്ഷവിമർശനം. തോൽവിക്ക് കാരണം 'കാരണഭൂതനാ'ണെന്നാണ് വിമർശനം ഉയർന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമല്ല. 2021-ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പിലും തോറ്റപ്പോൾ 'പൾസ്' മനസ്സിലാക്കി അടവ് രൂപപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. യോഗത്തിൽ അവതരിപ്പിച്ച പാർട്ടിരേഖയിലെ ഉള്ളടക്കം പാർട്ടിയുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ പര്യാപ്തമല്ലെന്നും വിമർശനം ഉയർന്നു.
കാസർകോട് ജില്ലയിൽനിന്നുള്ള പ്രതിനിധിയാണ് പേരുപറയാതെ പിണറായിക്കെതിരേ കടുത്തവിമർശനം ഉയർത്തിയത്. തിരഞ്ഞെടുപ്പ് തോൽവി പിണറായി വിജയന്റെകൂടി തോൽവിയാണ്. 'കാരണഭൂതൻ' എന്നൊരു വാക്ക് എടുത്തുപറഞ്ഞായിരുന്നു വിമർശനം. കാരണഭൂതരായവരെല്ലാം ഈ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാണ് കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പ്രതിനിധി വിമർശിച്ചത്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റു(ഇഡി)മായി ബന്ധപ്പെട്ട വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും സംരക്ഷണം ഒരുക്കണെമന്ന നിലപാടിലായിരുന്നു രാവിലത്തെ ചർച്ചയിൽ കോഴിക്കോടുനിന്നുള്ള പ്രതിനിധികളുടെ നിലപാട്.
2022-ൽ നടന്ന മെഗാതിരുവാതിരയുടെ പാട്ടിലായിരുന്നു പിണറായി വിജയനെ 'കാരണഭൂതൻ' എന്ന് വിശേഷിപ്പിച്ചത്.
Content Highlights: The CPM state committee meeting saw sharp criticism against former Chief Minister and current opposition leader Pinarayi Vijayan, blaming him for the electoral defeat